
അത്യാവശ്യമാണ്, കുറച്ചു പൈസ വേണം. ലോൺ എടുക്കാമെന്നു കരുതി ബാങ്കിൽ ചെല്ലുന്നവർക്ക് ഉള്ള കടങ്ങളും ക്രെഡിറ്റ് സ്കോറും പണി തരാറുണ്ട്. ഇനി ലോൺ എടുത്താലോ, പലിശയ്ക്കു മേൽ ഒളിഞ്ഞിരിക്കുന്ന കൂടുതൽ ചാർജുകളുണ്ടെന്നു വൈകിയാണു ചിലരെങ്കിലും അറിയുന്നത്. കണക്കുകൾ ആകെ തെറ്റാൻ ഇതൊക്കെമതി. എന്നാല്‍, ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കി വായ്പകളെടുക്കുന്നതു എളുപ്പവും കൂടുതൽ സുതാര്യവുമാക്കുകയാണ് ‘‘. ലോൺ എടുക്കേണ്ടവർക്കും ലോൺ നൽകുന്നവർക്കും ഉപകാരപ്രദമാണ് മലയാളി സംരംഭകരുടെ ഈ സേവനം.
സ്വപ്ന സംരംഭങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ പുതുചിറകു സമ്മാനിച്ച് ഒരുക്കിയ നിക്ഷേപക പാനൽ അംഗങ്ങളുടെ പ്രശംസയും കമ്പനിയുടെ തുടർ വളർച്ചയ്ക്കുള്ള പിന്തുണയും സ്വന്തമാക്കി പൈസ ഓൺ ക്ലിക്ക് സ്വന്തമാക്കി. ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്നൊരുക്കുന്ന മനോരമ ഓൺലൈൻ എലവേറ്റിന്റെ എപ്പിസോഡ്-6 ഇവിടെ കാണാം.
വായ്പയെടുക്കാൻ ഇനി അലയേണ്ട
ട്രസ്റ്റഡ് ഹാൻഡ്സ് ഫിനാൻഷ്യൽ സർവീസസ് എന്ന കമ്പനിയുടെ ഏറ്റവും പുതിയ പ്രോഡക്റ്റാണ് പൈസ ഓൺ ക്ലിക്ക്. വ്യക്തിപരമായ ചില അനുഭവങ്ങളിൽ നിന്നുമുണ്ടായ ആശയമാണ് മലയാളികളായ അൽ-അമീനെയും ബിജിൻ ബി. ജെയിംസിനെയും ട്രസ്റ്റഡ് ഹാൻഡ്സ് ഫിനാൻഷ്യൽ സർവീസസ് ആരംഭിക്കുന്നതിലേക്കു നയിച്ചത്. പിന്നീട്, ലോണുമായി ബന്ധപ്പെട്ട് ആളുകൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കിയപ്പോഴാണ് 2024ഓടെ പൈസ ഓൺ ക്ലിക്ക് തുടങ്ങുന്നതെന്ന് സ്ഥാപകൻ അൽ-അമീൻ പറഞ്ഞു.
ഒരു യൂസറിന് പൈസ ഓൺ ക്ലിക്കിന്റെ വെബ്സൈറ്റ് വഴി ലോണിനായി അപേക്ഷ നൽകാം. അപേക്ഷകർക്കു സാധ്യമായ നിരവധി ഓഫറുകളെ കുറിച്ച് അറിയാനും അവയെ താരതമ്യം ചെയ്ത് അനുയോജ്യമായ ലോൺ തിരഞ്ഞെടുക്കാനും പൈസ ഓൺ ക്ലിക്ക് സഹായിക്കും. സാധാരണ ചെയ്യുന്നതുപോലെ ബാങ്കിൽ പോയോ, വിളിച്ചു ചോദിച്ചോ വിവരങ്ങള്‍ ശേഖരിക്കേണ്ട ആവശ്യമില്ല ഈ സംവിധാനമുള്ളപ്പോള്‍. ലോൺ നല്കുന്ന സ്ഥാപനങ്ങളിലെ പ്രതിനിധികളുടെ ഒരു ശൃംഖല തന്നെ ഇതിനായി ഇവർക്കുണ്ട്. ഈ പ്രതിനിധികൾ നൽകുന്ന ഓഫറുകളുടെ വിവരങ്ങളെല്ലാം ലോണിനായി അപേക്ഷിക്കുന്ന യൂസറിന് ഒരിടത്തു ലഭിക്കും.
തിരക്കുകളോ മറ്റു കാരണങ്ങൾ മൂലമോ തിരഞ്ഞെടുക്കുന്ന ഓഫറിനുമേൽ ഉള്ള ചര്‍ച്ചകൾ നടത്താൻ നിങ്ങൾക്കു സാധിക്കാതെ വരികയാണെങ്കിൽ അതിനും ഇവർ സഹായിക്കും. അപേക്ഷകനു വേണ്ടി ബാങ്ക് പ്രതിനിധികളുമായി പൈസ ഓൺ ക്ലിക്ക് സംസാരിച്ച് ഏറ്റവും മികച്ച ഓഫർ നേടിത്തരും. ഇതിനു പുറമേ എല്ലാ കാര്യങ്ങളും സുതാര്യമാണെന്നതാണ് ഒരു സവിശേഷത. ഈടാക്കുന്ന ചാർജുകളെല്ലാം സംബന്ധിച്ച വിശദ വിവരങ്ങൾ ഇവർ അപേക്ഷകനു തുടക്കത്തിൽ തന്നെ നൽകും. അപേക്ഷയുടെ സ്റ്റാറ്റസും കൃത്യമായി എസ്എംഎസ്/വാട്സാപ്പ്/ഇ–മെയിൽ വഴി ഇവർ അറിയിക്കും. ഇത്രയും ചെയ്യുന്നതിന് യൂസറുടെ പക്കൽനിന്ന് ചാർജും ഈടാക്കുന്നില്ല.
ഇനിയുമുണ്ട് സേവനങ്ങൾ
മാസാമാസമുള്ള ടാർഗറ്റെത്തിക്കാൻ പാടുപെടുന്ന ബാങ്ക് പ്രതിനിധികൾക്കും പൈസ ഓൺ ക്ലിക്കിന്റെ സേവനം ഏറെ സഹായകമാണെന്ന് ഇവർ പറയുന്നു. ഇവരുടെ പ്രതിനിധി ശൃംഖലയുടെ ഭാഗമാകുന്നത്, ലോൺ വേണ്ടുന്നവരിലേക്ക് എത്താൻ ഒരു മാർഗമാണ്. ലീഡ് ജനറേഷനു വേണ്ട കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്, പഴ്സനലൈസ്ഡ് എഐ ടൂളും ഇവർ അതിനായി നിർമ്മിച്ചു നൽകും. ഇതുകൂടാതെ, ലോണുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിച്ചറിയാൻ ‘എഐ ബാങ്കർ’ എന്ന സൗജന്യ എഐ സംവിധാനവും വികസിപ്പിച്ചുണ്ട്.
ക്രെഡിറ്റ് സ്കോറിലെ പ്രശ്നങ്ങൾ കാരണമോ നിലവിലുള്ള കടങ്ങൾ കാരണമോ പ്രതിസന്ധി നേരിടുന്നവരെയും പൈസ ഓൺ ക്ലിക്കിനു സഹായിക്കാനാകും. പ്രശ്നങ്ങളെന്താണെന്നു മനസ്സിലാക്കി, കൺസോളിഡേഷൻ വഴി ക്രെഡിറ്റ് സ്കോർ ഉയർത്തുന്നതും ഡെറ്റ് സെറ്റിൽമെന്റും കസ്റ്റമേഴ്സിനുള്ള വാല്യൂ ആഡഡ് സർവീസുകളായി ഇവർ നൽകിവരുന്നു. കൂടാതെ, ലോൺ അഡ്വൈസുകളും ഇവർ നൽകാറുണ്ട്. വിശ്വസ്തതയും ഇവർ ഉറപ്പു നൽകുന്നു. കൃത്യമായി പഠിച്ച ശേഷം മാത്രം അപേക്ഷകൾ സ്വീകരിക്കുന്നതുകൊണ്ട് അർഹരായ കരങ്ങളിലേക്കു തന്നെ സേവനം എത്തുന്നുണ്ടെന്ന് ഇവർ ഉറപ്പാക്കുന്നു.
ലക്ഷ്യം
27ഓളം തരം ലോണുകളാണ് ഇവർ മുന്നോട്ടു വയ്ക്കുന്നത്. ആരംഭിച്ച് ചുരുങ്ങിയ കാലയളവിൽ തന്നെ 1,500ലധികം യൂസർമാരും 800ലധികം അപേക്ഷകളുമാണ് ഇവർക്കു ലഭിച്ചത്. ആശയവിനിമയത്തിലെ ഭാഷാ പ്രതിസന്ധി മറികടക്കാൻ ഒന്നിലധികം ഭാഷകൾ കൈകാര്യം ചെയ്യാനും സജ്ജമാണ് ഇവരുടെ ടീം. നിലവിൽ സൗത്ത് ഇന്ത്യയിൽ മാത്രമാണ് ഇവരുടെ സേവനമെങ്കിലും രാജ്യത്തുടനീളം ഇത് ലഭ്യമാക്കുന്ന വിധത്തിൽ വളരാനും വായ്പ നൽകുന്ന പ്രതിനിധികളുടെ ഏറ്റവും വലിയ ശൃംഖല രൂപീകരിക്കാനും ഇവർ ലക്ഷ്യമിടുന്നു. പൈസ ഓൺ ക്ലിക്കിന്റെ ആപ്പ് വൈകാതെ പുറത്തിറങ്ങുമെന്നും അമീൻ പറഞ്ഞു.