
ഗാസയിൽനിന്ന് പലസ്തീൻകാരെ ലിബിയയിലേക്ക് മാറ്റാൻ യുഎസ് പദ്ധതിയെന്ന് റിപ്പോർട്ടുകൾ; നിഷേധിച്ച് നേതാക്കൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂയോർക്ക്∙ ഗാസയിൽനിന്നു പത്തു ലക്ഷത്തോളം ലിബിയയിലേക്കു മാറ്റിപ്പാർപ്പിക്കാൻ യുഎസ് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. ഗാസ ഏറ്റെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം വന്ന് മാസങ്ങൾക്കുശേഷമാണ് ഈ പദ്ധതിയെക്കുറിച്ചുള്ള വിവരവും പുറത്തുവരുന്നത്. യുദ്ധത്തിൽ തകർന്നുപോയ ലിബിയയിലേക്കാണ് പലസ്തീൻകാരെ സ്ഥിരമായി മാറ്റിപ്പാർപ്പിക്കാൻ ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്.
ഈ പദ്ധതി കാര്യമായി പരിഗണിക്കുന്നുണ്ടെന്നും ലിബിയയുടെ ഭരണനേതൃത്വവുമായി ഇക്കാര്യം ചർച്ച ചെയ്തെന്നും അമേരിക്കൻ മാധ്യമമായ എൻബിസി ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തു. വാർത്ത നിഷേധിച്ച് യുഎസും ലിബിയയും രംഗത്തെത്തി. എന്നാൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേലിനും ഇതേക്കുറിച്ച് അറിയാമെന്നാണ് എൻബിസി ന്യൂസിന്റെ റിപ്പോർട്ട്. ഇസ്രയേൽ സർക്കാർ വൃത്തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഏകാധിപത്യ ഭരണാധികാരിയായ മുഅമ്മർ ഗദ്ദാഫിയെ നാറ്റോ പിന്തുണയോടെ വിമതസേന 2011ൽ അട്ടിമറിച്ചശേഷം ലിബിയ വലിയതോതിൽ ആഭ്യന്തര സംഘർഷം നേരിടുകയാണ്. വർഷങ്ങൾക്കു മുൻപ് മരവിപ്പിച്ച ബില്യൻകണക്കിന് ഡോളർ വരുന്ന ഫണ്ടുകൾ വിട്ടുകൊടുക്കണമെങ്കിൽ പലസ്തീൻകാരെ ലിബിയ സ്വീകരിക്കണമെന്നാണ് യുഎസ് മുന്നോട്ടുവച്ചിരിക്കുന്ന നിബന്ധനയെന്നാണ് റിപ്പോർട്ട്. ലിബിയയുടെ പടിഞ്ഞാറൻ ഭാഗം അബ്ദുൽ ഹാമിദ് ദ്ബിയെബായും കിഴക്കൻ ഭാഗം ഖലിഫ ഹഫ്താറുമാണ് നിയന്ത്രിക്കുന്നത്. ഇരുവരും മറ്റേഭാഗംകൂടി പിടിച്ചെടുത്ത് അധികാരം ഉറപ്പാക്കാനാണു ശ്രമിക്കുന്നത്. ലിബിയയിലേക്കു യാത്ര ചെയ്യുന്നതിൽ പൗരന്മാർക്ക് യുഎസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതിനിടെ, ഇങ്ങനൊരു പദ്ധതിയില്ലെന്നും വാർത്ത വ്യാജമാണെന്നും യുഎസ് ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. വാർത്ത പ്രസിദ്ധീകരിക്കുന്നതിനുമുൻപ് ഇതു സംബന്ധിച്ച് സ്റ്റേറ്റ് ഡിപ്പാർട്മെന്റുമായും ദേശീയ സുരക്ഷാ കൗൺസിലുമായും പലവട്ടം ബന്ധപ്പെട്ടെങ്കിലും അവർ പ്രതികരിക്കാൻ തയാറായില്ലെന്നും എന്നാൽ വാർത്ത പ്രസിദ്ധീകരിച്ചശേഷം ഇതു വ്യാജമാണെന്ന് ഭരണകൂടത്തെ പ്രതിനിധീകരിച്ച് ഒരു വക്താവ് പറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.
പലസ്തീൻകാരെ ലിബിയയിലേക്കു മാറ്റുന്നതിനെക്കുറിച്ചുള്ള യാതൊരു ചർച്ചകളെക്കുറിച്ചും അറിയില്ലെന്ന് ഹമാസിന്റെ ഉയർന്ന ഉദ്യോഗസ്ഥൻ ബാസെം നയിം പറഞ്ഞു. ‘‘ഞങ്ങളുടെ നാടും കുടുംബവും കുട്ടികളുടെ ഭാവിയും സംരക്ഷിക്കാൻ എന്തും ചെയ്യും. പലസ്തീൻകാരുടെ ഭാവിയെക്കുറിച്ചു തീരുമാനം എടുക്കേണ്ടത് പലസ്തീൻകാർ തന്നെയാണ്’’ – ബാസെം നയിം പറഞ്ഞു. അഭയാർഥികളെ സ്വീകരിക്കുന്ന കാര്യത്തിൽ യുഎസും ലിബിയയും ചർച്ച നടത്തിയിട്ടില്ലെന്ന് ലിബിയൻ സർക്കാരും അറിയിച്ചു.
രണ്ടാം വട്ടം അധികാരത്തിലെത്തിയതുമുതൽ ഗാസയിലെ പലസ്തീൻകാരെ ഈജിപ്ത്, ജോർദാൻ പോലുള്ള അയൽ രാജ്യങ്ങൾ സ്വീകരിക്കണമെന്ന് ട്രംപ് നിർദേശിച്ചിരുന്നു. എന്നാൽ ഈ രാജ്യങ്ങളും പലസ്തീൻ നേതാക്കളും അതു തള്ളി. ഗാസ മുനമ്പിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കണമെന്ന് ഫെബ്രുവരിയിൽ ട്രംപ് പറഞ്ഞു. അവിടെ താമസിക്കുന്ന 20 ലക്ഷത്തോളം വരുന്ന പലസ്തീൻകാരെ മേഖലയിലെ മറ്റു രാജ്യങ്ങളിലേക്കു മാറ്റണമെന്നുമായിരുന്നു ട്രംപ് അന്ന് പറഞ്ഞത്.
അടുത്തിടെ യുഎസിൽനിന്നു കുടിയേറ്റക്കാരെ നാടുകടത്തുന്നതിന്റെ ബാഗമായി ലിബിയയിലേക്കു കയറ്റിവിടാൻ ട്രംപ് ഭരണകൂടം ശ്രമിച്ചിരുന്നു. ഒരു സംഘം കുടിയേറ്റക്കാരെ കയറ്റി അയയ്ക്കാനുള്ള നീക്കം ഫെഡറൽ ജഡ്ജി ഈ മാസം തടയുകയും ചെയ്തു. നിലവിൽ ലിബിയയുടെ ജനസംഖ്യ 73.6 ലക്ഷമാണ്.