
പ്രവാസികൾക്ക് കനത്ത തിരിച്ചടിയുമായി യുഎസിന്റെ പുതിയ നികുതി (US remittance tax) നിർദേശം. യുഎസ് പൗരരല്ലാത്തവർ ഇനി യുഎസിന് പുറത്തേക്ക് പണമയച്ചാൽ (Remittances) 5% നികുതി ഈടാക്കാനുള്ള നിർദേശം യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സ് മുന്നോട്ടുവച്ചു. തീരുമാനം നടപ്പായാൽ ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെയായിരിക്കും. ലോകത്ത് പ്രവാസിപ്പണം ഏറ്റവുമധികം നേടുന്ന രാജ്യമാണ് ഇന്ത്യ. മാത്രമല്ല, ഇന്ത്യയിലേക്ക് ഏറ്റവുമധികം പ്രവാസിപ്പണം എത്തുന്നതും ഇപ്പോൾ യുഎസിൽ നിന്നാണ് (27.7%). യുഎഇ (19.2%) ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങളെ മറികടന്നാണ് യുഎസ് ഒന്നാമതെത്തിയത്.
യുഎസിൽ തൊഴിലെടുക്കാൻ അനുവദിക്കുന്ന എച്ച്-1ബി വീസ, ഗ്രീൻ കാർഡ് ഉടമകൾ തുടങ്ങിയവർക്കും പുതിയ നികുതി നിർദേശം ബാധകമായേക്കും. നിലവിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാർ യുഎസിൽ തൊഴിലെടുക്കുന്നുണ്ട്. അവർ നിരന്തരം ഇന്ത്യയിലേക്ക് പണം അയക്കുന്നവരുമാണ്. മറ്റൊരു തിരിച്ചടി, നികുതിവിധേയമായ പണമയക്കലിന് കുറഞ്ഞ പരിധിയുമില്ലെന്നതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതായത്, ചെറിയ തുക അയച്ചാൽപ്പോലും 5% നികുതി നൽകണം.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഏകദേശം 45 ലക്ഷം ഇന്ത്യക്കാരാണ് യുഎസിലുള്ളത്. 2023-24 സാമ്പത്തിക വർഷം മാത്രം ഇവർ ഇന്ത്യയിലേക്ക് അയച്ചത് ഏകദേശം 3,200 കോടി ഡോളർ (2.7 ലക്ഷം കോടി രൂപയോളം). ലോക ബാങ്കിന്റെ 2024ലെ കണക്കുപ്രകാരം ലോകമെമ്പാടുമുള്ള പ്രവാസികൾ ആകെ 12,910 കോടി ഡോളറാണ് (ഏകദേശം 10.84 ലക്ഷം കോടി രൂപ) ഇന്ത്യയിലേക്ക് അയച്ചത്. ഇത് റെക്കോർഡാണ്. 2023ൽ 12,500 കോടി ഡോളറായിരുന്നു (10.41 ലക്ഷം കോടി രൂപ).
പ്രവാസിപ്പണം നേടുന്നതിൽ മറ്റു രാജ്യങ്ങളെയെല്ലാം ബഹുദൂരം പിന്തള്ളി ഇന്ത്യ തന്നെയാണ് കാലങ്ങളായി ഒന്നാമത്. രണ്ടാമതുള്ള മെക്സിക്കോ 2024ൽ നേടിയത് 6,820 കോടി ഡോളറായിരുന്നു. മൂന്നാമതുള്ള ചൈനയിലേക്ക് ഒഴുകിയത് 4,800 കോടി ഡോളറും. പ്രവാസികളെയും നാട്ടിലെ അവരുടെ കുടുംബങ്ങളെയും നിരാശപ്പെടുത്തുന്നതാണ് യുഎസിന്റെ പുതിയ നികുതി നിർദേശം. ഇതു നടപ്പായാൽ, ഉദാഹരണത്തിന് 1,000 ഡോളർ നാട്ടിലേക്ക് അയച്ചാൽ അതിൽ നിന്ന് 50 ഡോളർ നികുതിയായി യുഎസ് പിടിക്കും. യുഎസിൽ നിന്ന് ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണമൊഴുക്കിൽ 160 കോടി ഡോളറിന്റെ ഇടിവുണ്ടായേക്കാം (ഏകദേശം 13,600 കോടി രൂപ). ജൂണിലോ ജൂലൈയിലോ നിയമം പ്രാബല്യത്തിലാകുമെന്നാണ് സൂചനകൾ. നിയമം നടപ്പാകുംമുമ്പ് യുഎസിലെ പ്രവാസികൾ വലിയതോതിൽ പണം നാട്ടിലേക്ക് അയക്കാൻ സാധ്യതയുണ്ട്.
കേരളത്തിനും തിരിച്ചടിയോ?
റിസർവ് ബാങ്കിന്റെ റിപ്പോർട്ടുപ്രകാരം നിലവിൽ ഏറ്റവുമധികം പ്രവാസിപ്പണം നേടുന്നത് മഹാരാഷ്ട്രയാണ് (20.5%). കേരളത്തിൽ നിന്നാണ് ഒന്നാംസ്ഥാനം മഹാരാഷ്ട്ര പിടിച്ചെടുത്തത്. രണ്ടാമതായ കേരളത്തിലേക്ക് എത്തുന്നത് 2023-24ലെ കണക്കുപ്രകാരം 19.7 ശതമാനം. തമിഴ്നാട് (10.4%), തെലങ്കാന (8.1%), കർണാടക (7.7%), ആന്ധ്രാപ്രദേശ് (4.4%), ഡൽഹി (4.3%) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഏറ്റവുമധികം പ്രവാസിപ്പണം എത്തുന്നത്. എന്നിരുന്നാലും, യുഎസിന്റെ നികുതി നിർദേശം അമേരിക്കൻ മലയാളികൾ നാട്ടിലേക്ക് അയക്കുന്ന പണത്തെയും ബാധിച്ചേക്കാം. ഇത് കേരളത്തിനു തിരിച്ചടിയാകും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: