
കോൺഗ്രസ് നിർദേശിച്ചില്ല, എന്നിട്ടും പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തി കേന്ദ്രം; ബഹുമതിയായി കാണുന്നെന്ന് തരൂർ
ന്യൂഡൽഹി∙ ഭീകരപ്രവർത്തനത്തിനു പിന്തുണ നൽകുന്ന പാക്കിസ്ഥാനെതിരെ വിദേശരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ ഇന്ത്യ അയ്ക്കുന്ന എംപിമാരുടെ പ്രതിനിധി സംഘത്തിലേക്ക് ശശി തരൂരിനെ നിർദേശിക്കാതെ കോൺഗ്രസ്. കേന്ദ്ര സർക്കാരിനോട് കോൺഗ്രസ് നിർദേശിച്ച പേരുകൾ ജയറാം രമേശ് പുറത്തുവിട്ടു.
മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ, ഗൗരവ് ഗഗോയ്, സയ്ദ് നസീർ ഹുസൈൻ, രാജ ബ്രാർ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് മുന്നോട്ടുവച്ചത്. എന്നാൽ, കേന്ദ്രം പുറത്തുവിട്ട
പട്ടികയിൽ തരൂരിന്റെ പേരുണ്ടായിരുന്നു. സർക്കാർ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയത് ബഹുമതിയായി കാണുന്നുവെന്ന് ശശി തരൂർ പറഞ്ഞു. ദേശീയ താൽപര്യമുള്ള വിഷയങ്ങളിൽ മാറിനിൽക്കാനാകില്ലെന്നും തരൂർ എക്സിൽ കുറിച്ചു.
India
വിദേശത്തേക്ക് സംഘത്തെ അയയ്ക്കാനുള്ള സർക്കാർ തീരുമാനത്തോടൊപ്പം നിന്നെങ്കിലും പാർട്ടിയോട് ആലോചിക്കാതെ തരൂരിനെ ഉൾപ്പെടുത്തിയതിൽ കോൺഗ്രസ് അതൃപ്തി അറിയിച്ചതായാണ് സൂചന. വിദേശത്തേക്ക് അയയ്ക്കേണ്ട
സംഘത്തിൽ ഉൾപ്പെടുത്തേണ്ട ആളുകളെക്കുറിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു കോൺഗ്രസ് പ്രസിഡന്റുമായി ആശയവിനിമയം നടത്തിയിരുന്നതായി ജയറാം രമേശ് സമൂഹമാധ്യമത്തിൽ കുറിച്ചു.
പട്ടിക നൽകാൻ നിർദേശിച്ചതനുസരിച്ച് ഇന്നലെ വൈകിട്ട് ഈ നാലുപേരുകൾ കൈമാറിയതായും ജയറാം രമേശ് പറഞ്ഞു. ഏഴു സംഘങ്ങളെ അയയ്ക്കാനാണ് കേന്ദ്രം തീരുമാനിച്ചത്. ഇതിൽ ഒന്നിനെ നയിക്കാൻ ശശി തരൂരിനെ ചുമതലപ്പെടുത്തി.
യുകെ–യുഎസ് ദൗത്യസംഘത്തെ നയിക്കാനാണ് നിർദേശം. കേരളത്തിൽ നിന്ന് ശശി തരൂർ, ഇ.ടി.മുഹമ്മദ് ബഷീർ, ജോൺ ബ്രിട്ടാസ് എന്നീ എംപിമാരും മുൻ കേന്ദ്രമന്ത്രി വി.മുരളീധരനും വിവിധ സംഘങ്ങളിലായുണ്ട്.
ഗൾഫിലേക്കും 3 ആഫ്രിക്കൻ രാജ്യങ്ങളിലേക്കുമുള്ള സംഘത്തിലാണ് ഇ.ടിയുള്ളത്. 10 ദിവസത്തെ ദൗത്യത്തിനു മുൻപ് എംപിമാർക്കു വിദേശകാര്യ മന്ത്രാലയം മാർഗനിർദേശം നൽകും. ഗൾഫ് രാജ്യങ്ങളിലേക്കുള്ള സംഘത്തിനു ബിജെപി എംപി രവിശങ്കർ പ്രസാദ് നേതൃത്വം നൽകും.
മുൻ മന്ത്രി സൽമാൻ ഖുർഷിദ് ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്കുള്ള സംഘത്തെ നയിക്കും. കനിമൊഴി (ഡിഎംകെ), സുപ്രിയ സുളെ (എൻസിപി), ഏക്നാഥ് ഷിൻഡെ (ശിവസേന) എന്നിവരും ഓരോ സംഘങ്ങളെ നയിക്കും. പാക്കിസ്ഥാനും വിവിധ ഭീകരസംഘടനകൾക്കുമെതിരെ നടപടിക്കുള്ള നീക്കങ്ങൾ യുഎന്നിൽ ഉൾപ്പെടെ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]