
വഴി നന്നാക്കണം അധികൃതരേ; ആനവിലാസം-പുല്ലുമേട്-മേരികുളം റോഡിൽ യാത്ര ദുഷ്കരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുമളി∙ ആനവിലാസം – പുല്ലുമേട് – മേരികുളം റോഡിലൂടെയുള്ള യാത്ര അപകടകരമായി തുടരുന്നു. ജനങ്ങളുടെ പരാതിയും വാർത്തകളും അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നില്ല. വെള്ളമൊഴുകി റോഡരുകിൽ രൂപപ്പെട്ടിരിക്കുന്ന വലിയ ഗർത്തങ്ങളും ഇരുവശവും വളർന്നു നിൽക്കുന്ന കാടുകളുമാണ് അപകടക്കെണിയായി മാറിയിരിക്കുന്നത്. തോട്ടം തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ദിവസവും സഞ്ചരിക്കുന്ന റോഡാണിത്.
വേനൽമഴയിൽ കുത്തിയൊലിച്ചെത്തിയ വെള്ളപ്പാച്ചിലിൽ പല സ്ഥലത്തും റോഡിന്റെ ഇരുവശങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കാടു കയറി വഴിയുടെ ഇരുവശവും മൂടിയതിനാൽ വളവുകളും, വലിയ കയറ്റങ്ങളുമുള്ള റോഡിൽ എതിരെ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ ബുദ്ധിമുട്ടാണ്. ടാറിങ് വിട്ട് പുറത്തേക്ക് ഇറക്കിയാൽ കുഴിയിൽ വീഴുമെന്നതിനാൽ സൈഡ് കൊടുക്കാൻ സാധിക്കുന്ന ഭാഗം വരെ വാഹനം പിന്നോട്ട് എടുക്കേണ്ടി വരുന്നു.
ഒരു വാഹനത്തിന് മാത്രം കടന്നു പോകാവുന്ന വിധത്തിൽ കാടുകൾ റോഡിലേക്ക് വളർന്നു കിടക്കുന്ന ഭാഗങ്ങളുമുണ്ട്. ടാറിങ് നടത്തിയപ്പോൾ കൃത്യമായി ഓട നിർമിച്ചില്ല. പിന്നീട് ചില വളവുകളിൽ പേരിന് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. കാലവർഷം ആരംഭിക്കുന്നതിനു മുൻപ് റോഡിന്റെ ഇരുവശവും കോൺക്രീറ്റ് ചെയ്യുകയും മഴവെള്ളം സുഗമമായി ഒഴുകുന്നതിന് സംവിധാനം ഒരുക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.