
വടക്കഞ്ചേരി മേൽപാലം വീണ്ടും കുത്തിപ്പൊളിച്ചു; ഇതുവരെ പൊളിച്ചത് 75 തവണ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടക്കഞ്ചേരി ∙ മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിലെ വടക്കഞ്ചേരി മേൽപാലം വീണ്ടും കുത്തിപ്പൊളിച്ചു. ഇതുവരെ 75 തവണയാണു പാലത്തിന്റെ ജോയിന്റുകൾ കുത്തിപ്പൊളിച്ചു നിർമാണം നടത്തുന്നത്. പാലക്കാട് ദിശയിലേക്കുള്ള പാലത്തിലെ ജോയിന്റുകളാണു പൊളിച്ച് നന്നാക്കുന്നത്. ഈ ഭാഗത്ത് ഒറ്റവരിയായാണു വാഹനങ്ങൾ കടത്തിവിടുന്നത്. മേൽപാലത്തിന്റെ നിർമാണ അപാകത സംബന്ധിച്ചു പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാകുമ്പോഴും ദേശീയപാത അതോറിറ്റിയോ നിർമാണ കമ്പനിയോ നടപടിയെടുക്കുന്നില്ല.വാഹനങ്ങൾ ഈ ഭാഗങ്ങളിൽ എത്തിയാൽ വലിയ ശബ്ദവും കുലുക്കം അനുഭവപ്പെടുന്നുണ്ടെന്നു യാത്രക്കാർ പറഞ്ഞു. നിർമാണ സമയത്തു മേൽപാലത്തിന്റെ തൂണുകളിലൊന്നു തകർന്നു വീണിരുന്നു.
ടോൾ പിരിവ് തോന്നിയപോലെ
പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ ടോൾ വിഷയത്തിൽ തീരുമാനമാകാത്തതു മൂലം ടോൾ കമ്പനി തോന്നിയപോലെ ടോൾ പിരിക്കുന്നതായി പരാതി. കഴിഞ്ഞ മാസം 20 മുതൽ സൗജന്യ പാസിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നുമില്ല. സ്കൂൾ തുറന്നാൽ സ്കൂൾ വാഹനങ്ങളിൽ നിന്നു ടോൾ ഈടാക്കാനാണു കമ്പനിയുടെ ശ്രമം.
ടോൾ നൽകാതെ പോയി എന്നാരോപിച്ച് സ്കൂൾ വാഹനങ്ങൾ 60,000 രൂപ മുതൽ 4 ലക്ഷം രൂപ വരെ പിഴ നൽകണം എന്നാവശ്യപ്പെട്ട് വക്കീൽ നോട്ടിസും അയച്ചിട്ടുണ്ട്. ഈ നോട്ടിസ് പിൻവലിക്കണമെന്നു സർവ കക്ഷി യോഗത്തിൽ കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല.