
കോട്ടയം ജില്ലയിലെ റോഡരികിൽ 48 അപകടമരങ്ങൾ: പക്ഷേ വെട്ടാൻ ആളെ കിട്ടാനില്ല!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ജില്ലയിൽ റോഡരികിൽ ഉൾപ്പെടെയുള്ള 48 മരങ്ങൾ അപകടാവസ്ഥയിലെന്ന് റിപ്പോർട്ടുണ്ടെങ്കിലും അതു വെട്ടാൻ കടമ്പകളേറെ. നാലു തവണ ക്വട്ടേഷൻ ക്ഷണിച്ചെങ്കിലും മരംവെട്ടാൻ ആരും എത്തിയിട്ടില്ല. മരംവെട്ടാൻ താൽപര്യമുള്ള കരാറുകാർ ആദ്യം പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. ചരക്കു സേവന നികുതിയടക്കം 30,000 രൂപയിലധികമാണ് ഫീസ്. ഇക്കാരണത്താൽ മരം മുറിക്കാൻ കരാറുകാർ എത്തുന്നില്ല.
കൂടാതെ മരത്തിന്റെ മൂല്യം സോഷ്യൽ ഫോറസ്ട്രി വിഭാഗം കണക്കാക്കുമ്പോൾ ഉയർന്ന തുക നിശ്ചയിക്കുന്നതു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പൊതുമരാമത്ത് വകുപ്പും പറയുന്നു. മരം വെട്ടാൻ ആരും എത്താത്തതു കൊണ്ട് മരങ്ങളുടെ മൂല്യത്തിന്റെ 50 ശതമാനം വരെ തുക ഇളവു ചെയ്യാൻ തയാറാണെന്ന് പൊതുമരാമത്ത് അറിയിച്ചിട്ടുണ്ട്. മരങ്ങൾ നിൽക്കുന്ന സ്ഥലവും അപകട സാഹചര്യവും വ്യക്തമാക്കി ഉന്നത ഉദ്യോഗസ്ഥർക്ക് പൊതുമരാമത്ത് വകുപ്പ് കത്തും നൽകിയിട്ടുണ്ട്.
വനംവകുപ്പിന്റെ നിബന്ധന
മരങ്ങളിൽ പക്ഷികൾ കൂട് വച്ചിട്ടുണ്ടെങ്കിൽ കൂടൊഴിഞ്ഞ ശേഷം മാത്രമേ മരം മുറിക്കാവൂ എന്ന നിർദേശവും വനംവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വെട്ടിമാറ്റുന്ന മരത്തിനു പകരം പത്തിരട്ടി മരങ്ങൾ നടണമെന്ന നിർദേശവുമുണ്ട്.
അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ
വെള്ളൂർ അയർക്കുന്നം റോഡിൽ കുന്നേപ്പടി ജംക്ഷനിലെ വാകമരം, തവളക്കുഴി – കടപ്പൂർ റോഡിലെ 2 സ്പാത്തോഡിയം മരങ്ങൾ, ഏറ്റുമാനൂർ – വെച്ചൂർ റോഡിലെ വാക, പാലമരങ്ങൾ, അമ്പാടി – ചമയംതറ ജയന്തി റോഡിലെ ബദാം മരം, ഏറ്റുമാനൂർ പൂഞ്ഞാർ റോഡിലെ രണ്ട് പൂവാക മരങ്ങളും വാകമരവും, ചവിട്ടുവരി ജംക്ഷനിലെ രണ്ട് വാകമരം, വാഴൂർ – പുളിയന്നൂർ റോഡിലെ പാലമരം, തിരുവഞ്ചൂർ റോഡിൽ ഇറഞ്ഞാൽ പാലത്തിനു സമീപമുള്ള വട്ടമരം, കാട്ടുകടപ്ലാവ്, മഴമരം.
ഓൾഡ് എംസി റോഡിലെ മഴമരവും 2 ആഞ്ഞിലിയും, എസ്എച്ച് മൗണ്ട് റോഡിലെ ഊതിമരവും ആഞ്ഞിലിയും, വാഴൂർ – പുതിയന്നൂർ റോഡിലെ 2 മരം, എംസി റോഡിൽ പാറാമ്പുഴയിലെ 2 മഴമരം, പൂഞ്ഞാർ റോഡിൽ കട്ടച്ചിറയിലുള്ള 2 തേക്ക് മരങ്ങളും മറ്റ് രണ്ട് മരങ്ങളും, ചീപ്പുങ്കൽ പാലത്തിനു സമീപമുള്ള മഴമരം. തിരുവാർപ്പ് റോഡിലെ പാലമരം, മദർ തെരേസ റോഡിലെ മഴമരം, കഞ്ഞിക്കുഴി കൊല്ലാട് റോഡിലെ 2 പഞ്ഞിമരം, കണിപ്പറമ്പ് – തച്ചിലങ്ങാട് റോഡിലെ പഞ്ഞിമരം, റിവർ ബാങ്ക് റോഡിലെ ശീമക്കൊന്നയും പൂവരശും.
ലക്ഷ്മിപുരം പനച്ചിക്കാട് റോഡിലെ പൂവരശും ബദാം മരവും, പള്ളം – തോട്ടക്കാട് റോഡിലെ അരയാൽ, മീനടം റോഡിലെ പൂവാക, വെട്ടത്തുകവല മീനടം റോഡിലെ 2 ബദാം മരങ്ങൾ, ഒറവയ്ക്കൽ – കൂരാലി റോഡിലെ ആഞ്ഞിലി മരം, കോട്ടയം–കാരാപ്പുഴ റോഡിലെ പൂവരശ്, ഏറ്റുമാനൂർ റോഡിൽ പട്ടരുമഠം പാലത്തിനു സമീപത്തെ ശീമക്കൊന്ന.
അനുമതി തേടി മന്ത്രിയുടെ ഓഫിസിൽ
48 മരങ്ങൾ വെട്ടിമാറ്റാനുള്ള അനുമതിക്കായി പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസ് മുതൽ ചീഫ് സെക്രട്ടറി ഓഫിസ് വരെയാണ് ഉദ്യോഗസ്ഥർ കയറിയിറങ്ങിയത്. നിയമപരമായ തടസ്സങ്ങൾ കാരണം മരംമുറി തടസ്സപ്പെട്ടതോടെ താലൂക്ക് വികസന സമിതി യോഗത്തിൽ പൊതുമരാമത്ത് വകുപ്പിനു നേരെ പരാതി ഉയർന്നിരുന്നു.