
ആംബുലൻസിൽ യുവതി പ്രസവിച്ചു; സഹായവുമായി മെഡിക്കൽ ടെക്നീഷ്യനും ആംബുലൻസ് ഡ്രൈവറും
പത്തനാപുരം∙ആംബുലൻസിൽ പിറന്നു വീണ ഇരട്ടക്കുട്ടികളുടെ മുഖത്തു നോക്കി അമ്മ പുഞ്ചിരിച്ചു, ഒപ്പം നിത ശ്രീജിത്തും, സിജോ രാജും. ഇന്നലെ വൈകിട്ട് 3.10ന് പത്തനാപുരം–പുനലൂർ പാതയിൽ പിറവന്തൂരിലാണ് മനസ്സിനെ ഏറെ സന്തോഷിപ്പിക്കുന്ന വാർത്ത പിറന്നത്.ഉച്ചയ്ക്ക് 1.55നാണു പത്തനാപുരം മഞ്ചള്ളൂരിൽ വാടകയ്ക്കു താമസിക്കുന്ന മുപ്പത്തിമൂന്നുകാരിക്ക് പ്രസവ വേദന അനുഭവപ്പെടുന്നത്.
ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം ഉറപ്പാക്കി കൺട്രോൾ റൂമിലേക്ക് വിളിച്ചു. ഉടൻ പത്തനാപുരം താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിലേക്ക് വിളിയെത്തുകയും, പ്രസവ വേദനയനുഭവപ്പെടുന്ന യുവതിയെ തേടി ആംബുലൻസ് വീട്ടിലേക്ക് തിരിക്കുകയും ചെയ്തു.
വീട്ടിലെത്തി യുവതിയെ കയറ്റിയ ആംബുലൻസ് പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് പോകും വഴി പിറവന്തൂരിലെത്തിയപ്പോൾ, യുവതിക്കു കടുത്ത വേദന അനുഭവപ്പെട്ടതിനെത്തുടർന്നു നിർത്തിയിടേണ്ടി വന്നു. ഡോക്ടർമാർ എത്തും വരെ കാത്തിരുന്നാൽ അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും അപകടമാണെന്ന് മനസ്സിലാക്കിയ ആംബുലൻസിലെ മെഡിക്കൽ ടെക്നീഷ്യൻ നിത ശ്രീജിത്ത്, വാഹനത്തിൽ തന്നെ പ്രസവത്തിനുള്ള സൗകര്യങ്ങളൊരുക്കി.
3.10ന് യുവതി ആദ്യ കുഞ്ഞിന് ജന്മം നൽകി. പൊക്കിൾ കൊടി ബന്ധം വേർപ്പെടുത്തി ആംബുലൻസ് വീണ്ടും പുനലൂരിലേക്ക് യാത്ര തിരിച്ചു.
ആശുപത്രിലെത്തി ലേബർ റൂമിൽവച്ച് രണ്ടാമത്തെ കുഞ്ഞിനും ജന്മം നൽകി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി അമ്മയെയും കുഞ്ഞുങ്ങളെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി.
അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]