
കാറിടിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ: സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ; ഐവിന് നാടിന്റെ യാത്രാമൊഴി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ നെടുമ്പാശേരിയിൽ യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തിൽ സിഐഎസ്എഫ് എസ്ഐയായ വിനയ്കുമാർ ദാസ് (38), കോൺസ്റ്റബിൾ മോഹൻകുമാർ (31) എന്നിവരെയാണ് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഈ മാസം 29 വരെ റിമാൻഡ് ചെയ്തിരിക്കുന്നത്. പ്രതികളെ ആലുവ സബ് ജയിലിലടച്ചു. അതേസമയം, വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അങ്കമാലി തുറവൂർ ആരിശേരിൽ ഐവിൻ ജിജോ (24)യുടെ സംസ്കാരം നടത്തി.
ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങൾ ഉരസിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ തുടർന്ന് പ്രതികൾ കാറെടുത്തു പോകാൻ ശ്രമിച്ചപ്പോൾ ഐവിൻ തടഞ്ഞു. തുടർന്ന് ഐവിനെ ഇടിച്ച് ബോണറ്റിലിട്ട ശേഷം ഒരു കിലോമീറ്ററിലേറെ പ്രതികൾ അതിവേഗത്തിൽ സഞ്ചരിച്ചു. പിന്നീട് റോഡിലേക്ക് തെറിച്ചു വീണ് കാറിനടിയിൽപ്പെട്ട ഐവിനെ 37 മീറ്റർ ദൂരം വലിച്ചിഴച്ചെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
നെടുമ്പാശേരിയിൽ കാസിനോ എയർ കാറ്ററേഴ്സ് ആൻഡ് ഫ്ലൈറ്റ് സർവീസസ് എന്ന കാറ്ററിങ് സ്ഥാപനത്തിലെ ഷെഫായിരുന്ന ഐവിൻ വീട്ടിൽനിന്നു ജോലിസ്ഥലത്തേക്ക് പോകുന്ന വഴിയായിരുന്നു ദാരുണ സംഭവം. ഐവിൻ നിലവിളിച്ചെങ്കിലും പ്രതികൾ കാർ നിർത്തിയില്ല. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ തർക്കം ഫോണിൽ പകർത്തിക്കൊണ്ടിരുന്ന ഐവിന്റെ ഫോൺ പിന്നീട് ബോണറ്റിൽ കുരുങ്ങി നിന്ന നിലയിൽ കണ്ടെത്തിയിരുന്നു. യുവാവുമായി കാറിൽ പായുന്നതു കണ്ട നാട്ടുകാർ കാറിനെ തടയാൻ ശ്രമിച്ചുവെന്നും റിമാൻഡ് റിപ്പോര്ട്ടില് പറയുന്നു.
ഐവിനും സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി തർക്കിക്കുന്നതിന്റെയും ഐവിനുമായി കാർ പായുന്നതിന്റെയും ചോരയിൽ കുളിച്ച് റോഡരികിൽ കിടക്കുന്നതിന്റെയും ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു. കാർ ഓടിച്ചിരുന്ന വിനയ്കുമാർ ദാസിനെ നാട്ടുകാർ കാറിൽനിന്നു പിടിച്ചിറക്കി കൈകാര്യം ചെയ്തു എന്നാണ് വിവരം. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഐവിൻ മരിച്ചിരുന്നു. വിനയ്കുമാർ ദാസിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ ഡിസ്ചാർജ് ചെയ്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്തു നിന്ന് രക്ഷപെട്ട മോഹൻ കുമാറിന്റെ അറസ്റ്റ് ഇന്നലെ തന്നെ രേഖപ്പെടുത്തിയിരുന്നു. ഇരുവരേയും ചോദ്യം ചെയ്ത ശേഷമാണ് വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയത്. തർക്കത്തിനിടെയുണ്ടായ പ്രകോപനമാണ് ഇടിക്കാൻ കാരണമെന്ന് ഇവർ മൊഴി നൽകിയതായി അറിയുന്നു.
ഐവിന്റെ തലയ്ക്കേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. കാറിൽ നിന്ന് താഴെ വീണപ്പോഴുണ്ടായതായിരിക്കാം ഇതെന്ന് കരുതുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം വ്യാഴാഴ്ച തന്നെ ഐവിന്റെ മൃതദേഹം തുറവൂരിലെ വീട്ടിലെത്തിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കം സമൂഹത്തിന്റെ നാനാതുറയിൽപെട്ട നൂറുകണക്കിന് പേരാണ് ഇന്നും ഇന്നലെയുമായി ഐവിന് ആദരാഞ്ജലി അർപ്പിക്കാൻ വീട്ടിലും അങ്കമാലി സെന്റ് അഗസ്റ്റിൻ പള്ളിയിലും എത്തിയത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംസ്കാരം.