കാരന്തൂര്‍ പെട്രോൾ പമ്പിലെ മോഷണം: പ്രതി മലപ്പുറത്ത് പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ കാരന്തൂരിൽ പെട്രോൾ പമ്പിൽ മോഷണം നടത്തി കടന്നുകളഞ്ഞ പ്രതിയെ മലപ്പുറം താനൂർ പൊലീസ് പിടികൂടി. മലപ്പുറം സ്വദേശി പൈനാട്ടിൽ നൗഫലാണ് പിടിയിലായത്. കാരന്തൂരിലെ പെട്രോൾ പമ്പിൽ നിന്ന് 21,000 രൂപയും ടാബ്ലെറ്റ് കംപ്യൂട്ടറും 5,000 രൂപ വിലവരുന്ന മൂന്ന് ജോഡി ഷൂസും മോഷ്ടിച്ച ഇയാളെ സെക്യൂരിറ്റിയും പരിസരവാസികളും ചേർന്ന് പിടിക്കാൻ ശ്രമിച്ചെങ്കിലും കടന്നുകളയുകയായിരുന്നു.
പമ്പിന് അടുത്തുള്ള രണ്ട് സ്കൂട്ടർ ഷോറൂമുകളിലും മോഷണശ്രമം നടന്നിരുന്നു. തിങ്കളാഴ്ച രാത്രി 12നും പുലർച്ച 1.30 നും ഇടയിലുണ്ടായ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എല്ലായിടത്തും ഒരാൾ തന്നെയാണ് മോഷണത്തിനു പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായതോടെ കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ കണ്ണൂരിലേക്കു പോയ പ്രതി പിന്നീട് മലപ്പുറം താനൂരിൽ ഒരു ഇലക്ട്രിക് ഇരുചക്രവാഹന ഷോപ്പിൽ നിന്ന് ഒരു ഇരുചക്രവാഹനം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. റജിസ്ട്രേഷൻ ബോർഡില്ലാത്ത ഇരുചക്രവാഹനത്തിൽ ഇയാളെക്കണ്ട് സംശയം തോന്നി താനൂർ പൊലീസ് ഇയാളെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുചക്രവാഹന മോഷണത്തെക്കുറിച്ചു കാരന്തൂരിലെ പെട്രോൾ പമ്പിൽ നടത്തിയ മോഷണത്തെക്കുറിച്ചും പ്രതി കുറ്റസമ്മതം നടത്തിയത്. പത്തോളം മറ്റു മോഷണക്കേസുകളിലും ഇയാൾ പ്രതിയാണെന്ന് താനൂർ പൊലീസ് പറഞ്ഞു.