
മഴ പെയ്യട്ടെ, എന്നിട്ടാവാം പരിഹാരം; ദേശീയപാതയ്ക്കു വേണ്ടി കുന്നിടിച്ച സ്ഥലങ്ങളിൽ മഴക്കാലത്ത് എന്തു സംഭവിക്കും?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ ദേശീയപാതയ്ക്കു വേണ്ടി കുന്നിടിച്ച സ്ഥലങ്ങളിൽ ഈ മഴക്കാലത്തിനു മുൻപു പരിഹാര നടപടികളുണ്ടാകില്ലെന്നു സൂചന. കോൺക്രീറ്റ് മതിൽ എന്ന ആവശ്യമുയർന്ന കൊല്ലം കുന്ന്യോറമല, വടകര മുക്കാളി, കേളു ബസാർ എന്നിവിടങ്ങളിലടക്കം ഈ മഴക്കാലത്ത് എന്തു സംഭവിക്കുമെന്നു നിരീക്ഷിച്ച ശേഷം തുടർ നടപടിയെടുക്കാനാണു ദേശീയപാത നിർമാണ കമ്പനിയുടെയും ദേശീയപാത അതോറിറ്റിയുടെയും തീരുമാനം. മണ്ണിടിഞ്ഞാൽ ഏറ്റവുമധികം കുടുംബങ്ങളെ ബാധിക്കാനിടയുള്ള കുന്ന്യോറമലയിലെ 19 കുടുംബങ്ങളെ വാടക വീട്ടിലേക്കു മാറ്റിയിട്ടുണ്ടെന്നും ഈ മഴക്കാലത്തിനു ശേഷം മതി തുടർനടപടിയെന്നുമാണു നിർമാണക്കമ്പനിയുടെ നിലപാട്.
ഇക്കാര്യം ദേശീയപാത അതോറിറ്റിയെയും റവന്യു ഉദ്യോഗസ്ഥരെയും അവർ അറിയിച്ചതായാണു വിവരം. കുന്ന്യോറമലയിലും കേളുബസാറിലും മുക്കാളിയിലും കോൺക്രീറ്റ് വോൾ നിർമിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. കൂടുതൽ സ്ഥലം ഏറ്റെടുത്ത് ചരിവു കൂട്ടണമെന്നും അവർ ആവശ്യപ്പെടുന്നു. കോൺക്രീറ്റ് വോൾ എന്ന ആവശ്യം തള്ളിയ അധികൃതർ സോയിൽ നെയിലിങ്ങിനാണു നടപടിയെടുത്തത്. കുത്തനെ മണ്ണെടുത്ത ഭാഗങ്ങളിൽ സോയിൽ നെയിലിങ് കൂടുതൽ അപകടം വിളിച്ചു വരുത്തുകയേയുള്ളുവെന്നാണ് എല്ലായിടത്തും നാട്ടുകാരുടെ അഭിപ്രായം.
കേളു ബസാറിലും മുക്കാളിയിലും റീ എൻഫോഴ്സ്ഡ് എർത്ത് വോളിനു നീക്കമുണ്ട്. എന്നാൽ, ആർഇ വോൾ പര്യാപ്തമല്ലെന്നു പറഞ്ഞ് രണ്ടിടങ്ങളിലും നാട്ടുകാരും ജനപ്രതിനിധികളും ഈ നിർദേശം തള്ളിക്കളയുന്നു. മുക്കാളി, കേളു ബസാർ എന്നിവിടങ്ങളിലെ മണ്ണിടിച്ചിൽ തടയാൻ എന്തു സംവിധാനം വേണമെന്നതിനെ പറ്റി അടുത്തയാഴ്ച ചർച്ച നടത്തുമെന്നു റവന്യു ഉദ്യോഗസ്ഥർ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്തിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ചർച്ച എന്നു നടക്കുമെന്നു വ്യക്തമല്ല. ചർച്ചയെ പറ്റി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നു കെ.കെ.രമ എംഎൽഎ പറഞ്ഞു.
ദേശീയപാതയിൽ മലാപ്പറമ്പ് ജംക്ഷനിലും മണ്ണിടിച്ചിൽ ഭീതിയുണ്ട്. സർവീസ് റോഡിനു വേണ്ടി കുത്തനെ കുന്നിടിച്ചതോടെ, മഴക്കാലത്തു മണ്ണിടിയുമെന്നാണു നാട്ടുകാരുടെ ഭീതി. ഇവിടെയും സോയിൽ നെയിലിങ്ങിനാണു തീരുമാനം. കോൺക്രീറ്റ് മതിൽ വേണമെന്നും അണ്ടർപാസ് ഏർപ്പെടുത്തണമെന്നും ഓട്ടോ സ്റ്റാൻഡ്–പാച്ചാട്ടിൽ റോഡ് ഗതാഗത യോഗ്യമാക്കണമെന്നും റസിഡൻസ് അസോസിയേഷൻ ഓഫ് മലാപ്പറമ്പ് സെക്രട്ടറി കെ.അരവിന്ദനാഥൻ ആവശ്യപ്പെട്ടു.
നിർമാണക്കമ്പനി ഓഫിസിലേക്ക് 20ന് സർവകക്ഷി മാർച്ച്
കുന്ന്യോറമല∙ ദേശീയപാതയ്ക്കായി കുത്തനെ മണ്ണെടുത്ത ഭാഗത്തു കോൺക്രീറ്റ് ഭിത്തി നിർമിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുയർത്തി 20ന് നിർമാണക്കമ്പനിയുടെ അരങ്ങാടത്തെ പ്രോജക്ട് ഓഫിസിലേക്കു മാർച്ച് നടത്താൻ സർവകക്ഷി യോഗം തീരുമാനിച്ചു. ഇതേ ആവശ്യങ്ങളുമായി ദേശീയപാത അതോറിറ്റിയുടെ പ്രോജക്ട് ഡയറക്ടറെയും കലക്ടറെയും കാണും. കെ.എം.സുമതി അധ്യക്ഷത വഹിച്ചു. തൻസീർ കൊല്ലം, നടേരി ഭാസ്കരൻ, കെ.കെ.വൈശാഖ്, എൻ.കെ.ഭാസ്കരൻ, ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.