
തിരുവനന്തപുരം: വാക്സിൻ എടുത്തിട്ടും പേവിഷബാധയേറ്റ് കുട്ടികൾ മരിക്കുമ്പോൾ തെരുവ് നായകളെ പേടിച്ചുവിറച്ച് നാട്. സംസ്ഥാനത്ത് ഈ വര്‍ഷം ഏറ്റവുമധികം പേര്‍ക്ക് കടിയേറ്റത് തിരുവനന്തപുരത്താണ്. തിരുവനന്തപുരം നഗരമാകെ നായകളുടെ കൂട്ടമാണ്. സംസ്ഥാനത്ത് എത്ര തെരുവു നായകളുണ്ടെന്നതിന് കൃത്യമായ കണക്ക് സർക്കാരിന്റെ പക്കലില്ല. ഏഷ്യാനെറ്റ് ന്യൂസ് റോവിംഗ് റിപ്പോർട്ടർ പരമ്പര തുടങ്ങുന്നു. പട്ടിയുണ്ട്, പ്രാണനെടുക്കും.
പ്രധാന റോഡുകളിൽ, ഇടവഴികളിൽ, ആൾക്കൂട്ടത്തിനിടയിൽ കൂട്ടമായും ഒറ്റയ്ക്കും നായകളുണ്ട്. എപ്പോൾ വേണമെങ്കിലും എവിടെ നിന്നും കുരച്ചെത്താം, ചാടി വീഴാം. നായകളെ പേടിച്ച് വേണം രാത്രിയിൽ പുറത്തിറങ്ങാനെന്ന് സെക്യൂരിറ്റി ജീവനക്കാർ പറയുന്നു. കള്ളന്മാരെക്കാൾ പേടിക്കുന്നത് തെരുവ്നായകളെയാണ്. രാത്രി മീൻ വണ്ടി കാത്തിരിക്കുന്ന മീൻവിൽപനക്കാര് എപ്പോഴും ഒരു വടി കരുതും. കാരണം നായപ്പേടി തന്നെ.
തട്ടുകട നടത്തുന്നവർ, ഫുഡ് ഡെലിവറി ജീവനക്കാർ. കാണുന്നവരെല്ലാം പറയുന്നത് പേടിപ്പെടുത്തുന്ന അനുഭവങ്ങൾ. ഇത് തമ്പാനൂർ ബസ് സ്റ്റാൻഡ് പരിസരത്തെ കാഴ്ചയാണ്. പാതി കത്തിയും പാതി കെട്ടും തെരുവ് വിളക്കുകൾ. ആൾക്കൂട്ടത്തിനിടയിൽ നായ്ക്കൾ ഓടിനടക്കുന്നു. കണ്ണേറ്റുമുക്കിൽ, ബേക്കറി ജംങ്ഷനിൽ കൂട്ടത്തോടെ നായകളാണ്. പേട്ടയിൽ കാതടപ്പിക്കും വിധം കുര കേൾക്കാം.
തീരദേശ മേഖലയിൽ വഴിയരികിലും ഒഴിഞ്ഞ പറമ്പുകളിലും നായക്കൂട്ടമാണ്. കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും പിന്നാല കുതിച്ചോടും. കാൽനടയായി പോയാൽ കടിയേൽക്കും. ഈ വർഷം മാർച്ച് വരെ തലസ്ഥാനജില്ലയിൽ നായകളുടെ കടിയറ്റത് 15,718 പേർക്കാണ്. കൊല്ലത്ത് 12,654. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് 50,870 പേർക്ക് കടിയേറ്റു. 2019ലെ ലൈവ്സ്റ്റോക്ക് സെൻസസ് പ്രകാരം സംസ്ഥാനത്ത് 2.80 ലക്ഷത്തിലധികം തെരുവ് നായകളുണ്ടായിരുന്നവെന്നാണ് കണക്ക്. ഇപ്പോൾ അത് എത്രയെന്നതിന് കൃത്യമായ കണക്കില്ല. പുതിയ സെന്‍സസ് നടത്തിയെങ്കിലും കണക്ക് ക്രോഡീകരിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]