
ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം വീണ്ടും വഷളായിരിക്കേ, കേന്ദ്ര സർക്കാരിൽ നിന്ന് കൂടുതൽ ഓർഡറുകൾ കിട്ടിയേക്കുമെന്ന പ്രതീക്ഷകളുടെ കരുത്തിൽ കുതിച്ചുകയറി കപ്പൽ നിർമാണ, പ്രതിരോധ രംഗത്തെ കമ്പനികളുടെ ഓഹരികൾ. കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിൻ ഷിപ്പ്യാർഡിന്റെ ഓഹരികൾ ഇന്ന് 13 ശതമാനത്തിലധികം മുന്നേറി. നിലവിൽ (രാവിലെ 11.30 പ്രകാരം) ഓഹരിയുള്ളത് 13.09 ശതമാനം ഉയർന്ന് 1,783.50 രൂപയിൽ. ഇന്നൊരുവേള വില 1,798 രൂപവരെ ഉയർന്നിരുന്നു.
കഴിഞ്ഞവർഷം ജൂലൈ 8ലെ 2,979.45 രൂപയാണ് കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരികളുടെ റെക്കോർഡ് ഉയരം. 52-ആഴ്ചത്തെ താഴ്ചയാകട്ടെ കഴിഞ്ഞവർഷം മേയ് 13ലെ 1,168 രൂപയും. ഓഹരി റെക്കോർഡ് ഉയരംതൊട്ടപ്പോൾ വിപണിമൂല്യം 70,000 കോടി രൂപയും ഭേദിച്ച് ഒരുഘട്ടത്തിൽ മുത്തൂറ്റ് ഫിനാൻസിനെ പിന്നിലാക്കി ഏറ്റവും മൂല്യമേറിയ കേരളക്കമ്പനിയെന്ന നേട്ടവും കപ്പൽശാല സ്വന്തമാക്കിയിരുന്നു. പിന്നീട് ലാഭമെടുപ്പ് തകൃതിയായതോടെ ഓഹരിവിലയും വിപണിമൂല്യവും താഴ്ന്നു. നിലവിലെ ഓഹരിവില പ്രകാരം വിപണിമൂല്യം 46,849 കോടി രൂപയാണ്.
പ്രമുഖ രാജ്യാന്തര ലോജിസ്റ്റിക്സ് കമ്പനിയും തുറമുഖ നിയന്ത്രണക്കമ്പനിയുമായ ദുബൈയ് ആസ്ഥാനമായ ഡിപി വേൾഡിന്റെ ഉപകമ്പനി ഡ്രൈഡോക്സ് വേൾഡുമായി കൊച്ചിൻ ഷിപ്പ്യാർഡ് കഴിഞ്ഞദിവസം കപ്പൽ അറ്റകുറ്റപ്പണി, ഓഫ്-ഷോർ നിർമാണ ഹബ്ബുകൾ സ്ഥാപിക്കാനുള്ള കരാറിൽ ഏർപ്പെട്ടിരുന്നു. ഇതും കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരികൾക്ക് ഊർജമായിട്ടുണ്ട്.
ആയുധ, പ്രതിരോധശക്തി കൂടുതൽ കരുത്തുറ്റതാക്കാനായി കേന്ദ്രസർക്കാർ പ്രതിരോധ രംഗത്തെ കമ്പനികൾക്ക് കൂടുതൽ ഓർഡറുകൾ നൽകിയേക്കുമെന്നാണ് സൂചനകൾ. ഇതാണ് ഇവയുടെ ഓഹരികൾക്ക് ആവേശമാകുന്നത്. മാസഗോൺ ഡോക്കിന്റെ ഓഹരിവില 6.57% ഉയർന്നു. ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ഓഹരികളുടെ കുതിപ്പ് 17 ശതമാനത്തോളം. പ്രതിരോധരംഗത്തെ കമ്പനികളായ ഹിന്ദുസ്ഥാൻ ഏയറോനോട്ടിക്സ്, ഭാരത് ഇലക്ട്രോണിക്സ് എന്നിവ 2 ശതമാനത്തിലധികം നേട്ടത്തിലാണ്. ഡേറ്റ പാറ്റേൺസ്, പരസ് ഡിഫൻസ്, ഭാരത് ഡൈനാമിക്സ് എന്നിവ 4-7 ശതമാനവും ഉയർന്ന് വ്യാപാരം ചെയ്യുന്നു.
ഓഹരി വിപണിയിലും പച്ചപ്പ്
ഇന്ത്യൻ ഓഹരി വിപണികൾ പൊതുവേ ഇന്ന് മികച്ച നേട്ടത്തിലാണുള്ളത്. ഇന്ത്യയിലെയും അമേരിക്കയിലെയും പണപ്പെരുപ്പം പ്രതീക്ഷയ്ക്കൊത്ത് താഴ്ന്നനിലവാരത്തിൽ തുടരുന്നതാണ് പ്രധാന കരുത്ത്. യുഎസിൽ പണപ്പെരുപ്പം കുറഞ്ഞത് ഇന്ത്യൻ ഐടി കമ്പനികളും ആഘോഷമാക്കി. ഇന്ത്യൻ ഐടി കമ്പനികളുടെ വരുമാനത്തിന്റെ മുഖ്യപങ്കും സമ്മാനിക്കുന്ന വിപണിയാണ് യുഎസ്. നിഫ്റ്റി50 ഇന്നൊരുവേള 24,700നും മുകളിലെത്തിയിരുന്നു. വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പുള്ളത് 24,660ൽ. സെൻസെക്സ് 81,691 വരെ ഉയർന്നെങ്കിലും ഇപ്പോഴുള്ളത് 81,327ൽ.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)