
കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ: നീതി തേടി കുടുംബം കോടതിയിലേക്ക്; സർക്കാരിലുള്ള പ്രതീക്ഷ നഷ്ടമായെന്ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ അടിവയറ്റിലെ കൊഴുപ്പു നീക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായ സോഫ്റ്റ്വെയർ എൻജിനീയറുടെ 9 വിരലുകൾ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തിൽ കുടുംബം ഹൈക്കോടതിയിലേക്ക്. സർക്കാരിൽ നിന്നു നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടമായതിനാലാണ് കോടതിയെ സമീപിക്കുന്നതെന്ന് ചികിത്സപ്പിഴവിന് ഇരയായ എം.എസ്.നീതുവിന്റെ കുടുംബം പറഞ്ഞു.മെഡിക്കൽ ബോർഡ് ഒത്തുകളിച്ച് അന്വേഷണം അട്ടിമറിച്ചെന്നും ആശുപത്രി ഉടമകൾക്കു മുൻകൂർ ജാമ്യം ലഭിക്കാൻ പൊലീസ് അന്വേഷണം വൈകിപ്പിക്കുകയാണെന്നും നീതുവിന്റെ ഭർത്താവ് പത്മജിത്തും കുടുംബാംഗങ്ങളും മാധ്യമങ്ങളോടു പറഞ്ഞു.
ശസ്ത്രക്രിയയിൽ പിഴവു കണ്ടെത്താനായില്ലെന്നാണ് 8 അംഗ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. റജിസ്ട്രേഷൻ ഇല്ലാതെ ക്ലിനിക് പ്രവർത്തിപ്പിച്ചതിനും നീതുവിനു ചികിത്സ വൈകിപ്പിച്ചതിനും ക്ലിനിക് എംഡിയെ കേസിൽ പ്രതി ചേർക്കുമെന്നു പറഞ്ഞ പൊലീസ് ഒടുവിൽ മലക്കം മറിഞ്ഞു. റജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിച്ചത് ഒരു കുറ്റമായി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിൽ പറയുന്നില്ലെന്നും അതിനാൽ എംഡിയെ പ്രതിചേർക്കാൻ കഴിയില്ലെന്നുമാണ് പൊലീസിന്റെ ന്യായം.
മെഡിക്കൽ ബോർഡ് റിപ്പോർട്ട് എത്തിക്സ് കമ്മിറ്റി തള്ളിയതോടെ വീണ്ടും ബോർഡ് യോഗം ചേർന്ന് റിപ്പോർട്ട് നൽകും. ഇതു സംസ്ഥാനതല വിദഗ്ധ സമിതി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കണം. നടപടികൾ നീട്ടിക്കൊണ്ടു പോകുന്നത് ക്ലിനിക്കിനെ രക്ഷിക്കാനാണെന്നും നീതുവിന്റെ കുടുംബം ആരോപിച്ചു.
2021ൽ മരിച്ച അമൃതരാജിന്റെ കേസിൽ 2024ൽ ആണ് മെഡിക്കൽ ബോർഡിന്റെ അന്തിമ റിപ്പോർട്ട് കോടതിയിൽ എത്തിയത്. മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തതയില്ലെന്നു പറഞ്ഞു നടപടികൾ വൈകിക്കാൻ പൊലീസും ശ്രമം തുടങ്ങി. റിപ്പോർട്ടിൽ വ്യക്തത ആവശ്യപ്പെട്ട് ഡിഎംഒയ്ക്കു കത്തു നൽകാൻ കമ്മിഷണർ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർക്ക് തിങ്കളാഴ്ച നിർദേശം നൽകിയെങ്കിലും ഇന്നലെയും അസിസ്റ്റന്റ് കമ്മിഷണർ ഇതു ഡിഎംഒയ്ക്കു കത്തു നൽകിയില്ല.
വീഴ്ചകളും ഒത്തുകളികളും പൊലീസ്
∙ചികിത്സപ്പിഴവ്, തുടർചികിത്സ വൈകിച്ചു, ക്ലിനിക്കിനു റജിസ്ട്രേഷൻ എന്നിവയുൾപ്പെടെ നീതുവിന്റെ ഭർത്താവ് പത്മജിത്ത് നൽകിയ മൊഴിയിലെ വിവരങ്ങളിൽ തുമ്പ പൊലീസ് രേഖപ്പെടുത്തിയത് ചികിത്സപ്പിഴവു മാത്രം. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഉൾപ്പെടെ 3 പേരുടെ പേര് രേഖാമൂലം നൽകിയ പരാതിയിലും മൊഴിയിലും പറഞ്ഞെങ്കിലും എഫ്ഐആറിൽ ചേർത്തത് ശസ്ത്രക്രിയ നടത്തിയ ഡോ.ഷിനോൾ ശശാങ്കന്റെ പേരു മാത്രം.
∙ ഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടയിൽ നീതു പൊലീസിന് നൽകിയ മൊഴിയിൽ ശസ്ത്രക്രിയയിലെ പിഴവ്, ചികിത്സ വൈകിപ്പിക്കൽ എന്നിവ വിശദീകരിക്കുകയും 3 പേരുടെയും പങ്ക് എടുത്തു പറയുകയും ചെയ്തെങ്കിലും ഇതിലും മറ്റു രണ്ടു പേരുകളും പൊലീസ് ഒഴിവാക്കി.
∙റജിസ്ട്രേഷൻ ഇല്ലാത്തതിനാൽ നോട്ടിസ് നൽകി അടപ്പിച്ചുവെന്ന് പൊലീസ് അറിയിച്ചെങ്കിലും കോസ്മറ്റിക് ക്ലിനിക് പിന്നെയും തുറക്കുകയും ഓൺലൈൻ വഴി ബുക്കിങ് നടത്തി പ്രവർത്തിക്കുകയും ചെയ്തു. മേയ് 5ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ എത്തുമ്പോൾ മാനേജർ അടക്കം 5 ജീവനക്കാർ ക്ലിനിക്കിൽ ഉണ്ടായിരുന്നു.
∙ 2021ൽ കൊല്ലം സ്വദേശി അമൃത് രാജ് അക്കാലത്ത് പേട്ടയിൽ പ്രവർത്തിച്ചിരുന്ന ഇതേ ക്ലിനിക്കിലെ ശസ്ത്രക്രിയയ്ക്കിടയിൽ മരിച്ച സംഭവത്തിൽ പേട്ട പൊലീസ് കേസെടുത്ത വിവരം അറിഞ്ഞിട്ടും പൊലീസ് ഇക്കാര്യം ബോധപൂർവം മറച്ചു. നീതുവിന്റെ കുടുംബാംഗങ്ങൾ സ്വന്തം നിലയ്ക്കു നടത്തിയ അന്വേഷണത്തിലാണ് കേസ് വീണ്ടും പൊന്തിവന്നത്.
∙ ക്ലിനിക് റജിസ്ട്രേഷന് അപേക്ഷ നൽകിയ സ്ഥാപനം പ്രവർത്തിച്ചിരുന്നത് കോസ്മറ്റിക് ഹോസ്പിറ്റൽ എന്ന പേരിൽ. ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും റജിസ്ട്രേഷനും ഇല്ലായിരുന്നു. എന്നിട്ടും വഞ്ചനാക്കുറ്റത്തിനു കേസെടുത്തില്ലെന്നാണ് ആരോപണം.
∙ക്ലിനിക്കിന് റജിസ്ട്രേഷൻ ഇല്ലെന്ന് മാർച്ച് 21ന് പൊലീസ് അറിഞ്ഞിട്ടും ക്ലിനിക്ക് ഉടമയെ കേസിൽ പ്രതിചേർത്തില്ല. മെഡിക്കൽ ബോർഡ് റിപ്പോർട്ട് ലഭിച്ച ശേഷം കേസ് എടുക്കുമെന്നാണ് അന്നു പൊലീസ് പറഞ്ഞത്. മെഡിക്കൽ ബോർഡ് റിപ്പോർട്ട് ഇന്നലെ ലഭിച്ചപ്പോൾ അതിൽ വ്യക്തതയില്ലെന്നു പറഞ്ഞു പൊലീസ് ഉരുണ്ടുകളിക്കുന്നു. അതിനിടയിൽ ക്ലിനിക് എംഡി മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു.
ഡിഎംഒ ഓഫിസ്
∙2021ൽ പൊലീസ് കേസും ആരോഗ്യവകുപ്പിന്റെ അന്വേഷണവും നേരിട്ട കോസ്മറ്റിക് ക്ലിനിക് പേട്ടയിൽ നിന്നു കുളത്തൂരിലേക്കു മാറ്റി റജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്നുവെന്ന് അറിഞ്ഞിട്ടും നടപടിയെടുത്തില്ല.
∙ 2025 ഫെബ്രുവരിയിൽ നീതുവിന്റെ കുടുംബം നൽകിയ പരാതിയിൽ ക്ലിനിക്കിന് റജിസ്ട്രേഷൻ ഇല്ലെന്ന് വ്യക്തമാക്കിയിട്ടും നോട്ടിസ് നൽകുകയോ അടപ്പിക്കുകയോ ചെയ്തില്ല.
∙നീതുവിന്റെ ഭർത്താവ് പത്മജിത്തിനെ ഇതേ ക്ലിനിക്കിൽ വിളിച്ചുവരുത്തി ക്ലിനിക് ഉടമ നിർദേശിച്ച മുറിയിൽ ഇരുത്തി മൊഴിയെടുത്തു.
∙ക്ലിനിക്കിന് എതിരായ പരാതിയിൽ കലക്ടറുടെ ഓഫിസിൽ നിന്ന് ഏപ്രിൽ 8നും മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു ഏപ്രിൽ 19നും ലഭിച്ച കത്ത് മറുപടി നൽകാതെ പൂഴ്ത്തി.
∙കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ മെഡിക്കൽ റിപ്പോർട്ട് ആവശ്യപ്പെട്ട് നൽകിയ കത്തിൽ, ക്ലിനിക്കിനു റജിസ്ട്രേഷൻ ഇല്ലാത്തതിനാൽ ബോധപൂർവം മറുപടി വൈകിച്ചു.
∙ഏപ്രിൽ 7ന് റജിസ്ട്രേഷനു വേണ്ടി ക്ലിനിക് അധികൃതർ അപേക്ഷ നൽകി. ഇതോടെ ഏപ്രിൽ 22ന് ചേരാൻ തീരുമാനിച്ച മെഡിക്കൽ ബോർഡ് ബോർഡ് മേയ് 8ലേക്ക് മാറ്റി.
∙ഡിഎംഒയുടെ ഉത്തരവിനെ തുടർന്നു ഏപ്രിൽ 29, 30 തീയതികളിൽ നേരിട്ട് ക്ലിനിക് സന്ദർശിച്ചു യോഗ്യത നിർണയിച്ചു ഉദ്യോഗസ്ഥ സംഘം റിപ്പോർട്ട് നൽകി.
∙ക്ലിനിക്കിന് റജിസ്ട്രേഷൻ ഇല്ലെന്ന വിവരം മേയ് 5ന് മനോരമ പുറത്തുവിട്ടു. അന്നു തന്നെ, ഡിഎംഒ വൈസ് ചെയർപഴ്സനായ ജില്ലാ റജിസ്ട്രേഷൻ അതോറിറ്റി ക്ലിനിക്കിനു റജിസ്ട്രേഷൻ അനുവദിച്ചു. ഇതു സംബന്ധിച്ച വാർത്തയും മനോരമ പുറത്തുവിട്ടു.
∙ മേയ് 10നു ക്ലിനിക്കിന്റെ റജിസ്ട്രേഷൻ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് സസ്പെൻഡ് ചെയ്തു.
∙സ്ഥാപനത്തിന് എതിരെ പരാതി നിലവിലുണ്ടെന്നത് റജിസ്ട്രേഷൻ നൽകുന്നതിനു തടസമല്ലെന്നു പറഞ്ഞാണ് അധികൃതർ റജിസ്ട്രേഷൻ അനുവദിച്ചത്. എന്നാൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് റജിസ്ട്രേഷനു വേണ്ടി ക്ലിനിക് നൽകിയ രേഖകളിൽ ലിപോസക്ഷൻ ശസ്ത്രക്രിയയെ കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല. ഇക്കാര്യം വ്യക്തമായിട്ടും ഉദ്യോഗസ്ഥ സംഘം വഴിവിട്ടാണ് റജിസ്ട്രേഷൻ അനുവദിച്ചത്.