
ആലപ്പുഴ മെഡി. കോളജ് ട്രോമ കെയർ യൂണിറ്റ് നിർമാണം നീളുന്നു; എന്നു തീരും ഈ ട്രോമ !
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അമ്പലപ്പുഴ ∙ ദേശീയപാതയ്ക്ക് അരികിലെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ് എത്തുന്നവർക്ക് മെച്ചപ്പെട്ട ചികിത്സ ഇനിയും അകലെ. ആധുനിക സൗകര്യങ്ങളോടു കൂടിയ ട്രോമ കെയർ യൂണിറ്റ് തുടങ്ങാൻ 2014യിൽ 24 കോടി രൂപ അനുവദിച്ചതാണ്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമാണച്ചുമതല നൽകിയത്. ആശുപത്രി കവാടത്തിനരികിൽ മൂന്നുനില കെട്ടിടം നിർമാണം തുടങ്ങിയെങ്കിലും നിലവിൽ നിർമാണം പാതിവഴിയിൽ നിലച്ചു. രണ്ടുനില നിർമാണം തുടരുന്നതിനിടയിലാണ് നിർമാണം മുടങ്ങിയത്. നിർമാണം സംബന്ധിച്ച് അവലോകനം പോലും നടക്കാറില്ല.
വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ എത്തുന്നവരുമായി ബന്ധുക്കൾ നെട്ടോട്ടം ഓടുന്നത് പതിവു കാഴ്ചയാണ്. നിലവിലെ ട്രോമ കെയർ വിഭാഗത്തിൽ 10 കിടക്കകൾ ഉണ്ടെങ്കിലും 4 കിടക്കകളിൽ മാത്രമാണ് വെന്റിലേറ്റർ സൗകര്യമുള്ളത്. രോഗിയുമായി സ്കാനിങ് സെന്ററിലെത്താൻ 300 മീറ്റർ കടന്ന് മറ്റൊരു കെട്ടിടത്തിൽ എത്തണം. ഇസിജി എടുക്കാൻ യന്ത്രം മറ്റൊരിടത്തു നിന്ന് എത്തിക്കണം. രോഗിയുടെ ജീവൻ നിലനിർത്താൻ ബന്ധുക്കൾ മറ്റ് ആശുപത്രിയിലേക്ക് പോകുന്ന സാഹചര്യമാണു നിലവിലുള്ളത്.