
വാഷിംഗ്ടണ്‍: ലോക്ക്ഹീഡ് എസ്ആര്‍-71 ബ്ലാക്ക്ബേര്‍ഡ് ( Lockheed SR-71 Blackbird) എന്ന് കേട്ടിട്ടുണ്ടോ? ലോകത്തെ ഏറ്റവും വേഗമേറിയ ചാരവിമാനമായിരുന്നു അത്. സാങ്കേതികവിദ്യ ഏറെ വളര്‍ന്ന 21-ാം നൂറ്റാണ്ടിലായിരുന്നില്ല, അമേരിക്ക- യുഎസ്എസ്ആര്‍ ശീതസമരം കൊടുമ്പിരികൊണ്ടിരുന്ന 1960-കളിലായിരുന്നു എസ്ആര്‍-71 നിര്‍മ്മിക്കപ്പെട്ടതും സോവിയറ്റ് ചാരക്കണ്ണുകള്‍ വെട്ടിച്ച് പാറിപ്പറന്നതും. അങ്ങനെ മാക്ക് 3 വേഗത്തിലുള്ള എയര്‍ക്രാഫ്റ്റ് അമേരിക്കയുടെ സ്വന്തമായി. ലോകത്തെ ഏറ്റവും വേഗമേറിയ ജെറ്റ് എന്ന റെക്കോര്‍ഡ് 2025ലും ഈ അമേരിക്കന്‍ പറക്കുംപുലി കൈവശം വച്ചിരിക്കുന്നു. അതിവേഗത കൊണ്ട്, ‘ചിറകുകളുള്ള ബുള്ളറ്റ്’ എന്നൊരു വിശേഷണം എസ്ആര്‍-71 ബ്ലാക്ക്ബേര്ഡിനുണ്ട്. നാസയുടെ എക്സ്-43യ്ക്ക് ബ്ലാക്ക്ബേര്ഡിനേക്കാള് വേഗം അവകാശപ്പെടാമായിരുന്നെങ്കിലും ആ പരീക്ഷണം പൂര്‍ത്തിയാകാതെ അവസാനിപ്പിച്ചിരുന്നു.
കെല്ലി ജോണ്സണ് എന്ന ക്രാഫ്റ്റ്മാന്
ദീര്‍ഘദൂരം പറക്കാന്‍ കഴിയുന്ന, ഹൈ-ആള്‍ട്ടിട്യൂഡ് ചാര എയര്‍ക്രാഫ്റ്റായിരുന്നു ലോക്ക്ഹീഡ് എസ്ആര്‍-71 ബ്ലാക്ക്ബേര്‍ഡ്. അതിവേഗമുള്ളതും എതിരാളികളുടെ റഡാറുകള്‍ക്ക് കണ്ടെത്താന്‍ കഴിയാത്തതുമായ ചാരവിമാനം നിര്‍മ്മിക്കണം എന്നതായിരുന്നു അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ മനസില്‍. അതിനായി അമേരിക്കന്‍ കമ്പനിയായ ലോക്ക്ഹീഡിനെ നിര്‍മ്മാണ ദൗത്യം സിഐഎ ഏല്പിച്ചു. അങ്ങനെ കെല്ലി ജോണ്സണ് എന്ന പ്രഗല്ഭവാനായ എഞ്ചിനീയര്‍ എസ്ആര്‍-71 ചാരവിമാനങ്ങളുടെ രൂപകല്പന ഏറ്റെടുത്തു. ചാരനിരീക്ഷണമായിരുന്നു പ്രധാന ജോലി എന്നതിനാല്‍ റഡാര്‍ സിഗ്നലുകള്‍ക്ക് പിടികൊടുക്കാത്ത പറക്കുന്ന തരത്തിലാണ് എസ്ആര്‍-71 ലോക്ക്ഹീഡ് ഡിസൈന്‍ ചെയ്തത്. റഡാർ വികിരണങ്ങൾ പ്രതിഫലിപ്പിക്കാതെ ചിതറിക്കുന്ന തരത്തില്‍ വിമാനത്തിന്റെ പുറംഭാഗം തയ്യാറാക്കി. റഡാർ വികിരണങ്ങൾ ആഗിരണം ചെയ്യുന്ന വസ്തുക്കൾ ഉപയോഗിച്ച് പ്രതലം പൊതിയുകയും ചെയ്തു. അതിവേഗത്തില്‍ പായുമ്പോള്‍ ചൂടുപിടിക്കാനുള്ള സാധ്യത ഒഴിവാക്കാന്‍ വിമാനത്തിന്റെ മിക്ക ഭാഗങ്ങളും ടൈറ്റാനിയം കൊണ്ട് നിര്‍മ്മിച്ചു.
കന്നിപ്പറക്കല്‍
1964 ഡിസംബര്‍ 22നായിരുന്നു ബ്ലാക്ക്ബേര്‍ഡ് ആദ്യമായി ആകാശത്തെ ഭേദിച്ച് പറന്നത്. മണിക്കൂറില്‍ 3530 കിലോമീറ്റര്‍ (Mach 3.2) വേഗം ഈ വിമാനം ആര്‍ജ്ജിച്ചു. 26,000 മീറ്റര്‍ (85,000 അടി) ഉയരത്തില്‍ വരെ പറന്നു. ലോക്ക്ഹീഡ് എസ്ആര്‍-71 ശീതയുദ്ധകാലത്ത് അമേരിക്കയുടെ തന്ത്രപ്രധാനമായ ആയുധമായിരുന്നു. അമേരിക്ക വിയറ്റ്നാമിലും, സോവിയറ്റ് യൂണിയനിലും പശ്ചിമേഷ്യയിലും രഹസ്യങ്ങളിലേക്ക് ചൂഴ്ന്നുനോക്കാന്‍ ബ്ലാക്ക്ബേര്‍ഡ് ചാര വിമാനങ്ങളെ ഉപയോഗിച്ചു.
അമേരിക്കയുടെ ചാരദൗത്യങ്ങള്
റഡാറില്‍ പ്രത്യക്ഷപ്പെടാതെ പറക്കാം എന്നതുകൊണ്ടുതന്നെ സോവിയറ്റ് എയര്‍ ഡിഫന്‍സ് സംവിധാനത്തെ എസ്ആര്‍-71 പൊളിച്ചു. കരിയറിലൂടനീളം 4000ത്തിലേറെ മിസൈലുകളാണ് ലോക്ക്ഹീഡ് എസ്ആര്‍-71 ചാരവിമാനത്തെ ലക്ഷ്യംവച്ച് തൊടുത്തത്. എന്നാല്‍ ഒരു മിസൈലിന് പോലും എസ്ആര്‍-71ല്‍ പോറല്‍പോലും ഏല്പിക്കാനായില്ല എന്നാണ് കണക്കുകള്‍. എസ്ആര്‍-71ന്റെ വേഗവും ഉയര്‍ന്ന പറക്കല്‍ പരിധിയും റഡാര്‍ സിഗ്നലുകളെ മറികടക്കാനുള്ള ശേഷിയുമായിരുന്നു ഇതിന് കാരണം. എസ്ആര്‍-71 നിരയില്‍ 32 വിമാനങ്ങളാണ് നിര്‍മ്മിക്കപ്പെട്ടത്. അവയില്‍ പലതിനും അപകടം സംഭവിച്ചുവെങ്കിലും ഒരെയൊരു മരണം മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുള്ളൂ. 1998ല്‍ അമേരിക്കന്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച ലോക്ക്ഹീഡ് എസ്ആര്‍-71 ബ്ലാക്ക്ബേര്‍ഡ് ഇന്ന് വിവിധ മ്യൂസിയങ്ങളിലെ പ്രധാന ആകര്‍ഷണമാണ്. ഉയര്‍ന്ന ചിലവും കൃത്രിമ ഉപഗ്രഹങ്ങളുടെ ആധിക്യവുമാണ് എസ്ആര്‍-71 നിര്‍മ്മാണം അവസാനിപ്പിക്കുന്നതിലേക്ക് അമേരിക്കയെ നയിച്ചത്. എങ്കിലും ആകാശത്തെ അതിവേഗ ജെറ്റ് എന്ന വിശേഷണം ഇന്നും ലോക്ക്ഹീഡ് എസ്ആര്‍-71 ബ്ലാക്ക്ബേര്‍ഡിന് സ്വന്തം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]