
യാത്രക്കാരെ വലച്ച്…; കൊല്ലം-പുനലൂർ റെയിൽവേ പാത 9 മണിക്കൂറോളം ട്രെയിൻ സർവീസ് ഇല്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുനലൂർ ∙ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഗേജ് മാറ്റവും പിന്നീട് വൈദ്യുതീകരണവും പൂർത്തിയാക്കിയ കൊല്ലം-പുനലൂർ റെയിൽവേ പാതയിൽ പകൽ സമയത്ത് ഏകദേശം 9 മണിക്കൂറോളം ട്രെയിൻ സർവീസ് ലഭ്യമല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. മെമു അടക്കം 3 ട്രെയിനുകൾ യാത്ര അവസാനിപ്പിക്കുകയും ഒട്ടേറെ ദീർഘദൂര ട്രെയിനുകൾ കടന്നു പോവുകയും ചെയ്യുന്ന ഭാഗമാണ് പുനലൂർ. രാവിലെ 8.10ന് ഉള്ള പുനലൂർ – കൊല്ലം മെമു സർവീസ് പോയിക്കഴിഞ്ഞാൽ അടുത്ത കൊല്ലത്തേക്കുള്ള ട്രെയിൻ സർവീസ് വൈകിട്ട് 05.15 നുള്ള പുനലൂർ-മധുര എക്സ്പ്രസ് ആണ്. ഈ നീണ്ട ഇടവേള യാത്രക്കാരെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. മുൻപ് ഉണ്ടായിരുന്ന രണ്ട് സർവീസുകളാണ് കൊല്ലം-പുനലൂർ പാതയിൽ ഇപ്പോൾ നഷ്ടമായിരിക്കുന്നത്.പകൽ 11.20 ന് പുനലൂരിൽ നിന്നു കൊല്ലത്തേക്ക് ഉണ്ടായിരുന്ന പാസഞ്ചർ ട്രെയിൻ റദ്ദ് ചെയ്തു, അതുപോലെ ചെങ്കോട്ട – കൊല്ലം പാതയിൽ സർവീസ് നടത്തിയിരുന്ന പാസഞ്ചർ ട്രെയിനും കോവിഡിന് ശേഷം റദ്ദ് ചെയ്തിരുന്നു.
ഇതുമൂലം യാത്രക്കാർ വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. പകൽ കൊല്ലം ഭാഗത്തേക്ക് ട്രെയിൻ സർവീസ് ലഭ്യമല്ലാത്ത ഒരു സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത് മധുര- പുനലൂർ എക്സ്പ്രസിന്റെ റേക്ക് പകൽസമയം മുഴുവൻ പുനലൂരിൽ വന്നു കിടക്കുകയാണ്. ഇത് ഉപയോഗിച്ചുകൊണ്ട് പുനലൂരിൽ നിന്ന് കൊല്ലത്തേക്കും, തിരികെയും ഒരു പാസഞ്ചർ സർവീസ് നടത്താവുന്നതാണ്. ഉച്ചയ്ക്ക് 01.45 ന് പുനലൂരിൽ നിന്നു കൊല്ലത്തേക്ക് പുറപ്പെട്ടാൽ മൂന്നുമണിയോടെ കൊല്ലത്ത് എത്തിച്ചേരുവാൻ സാധിക്കും. മൂന്നരയോടെ കൊല്ലത്തു നിന്ന് പുറപ്പെട്ടാൽ 04.45 ഓടെ തിരികെ പുനലൂരിൽ എത്തിച്ചേരുവാൻ സാധിക്കും.ഈ സർവീസ് നിലവിൽ വന്നുകഴിഞ്ഞാൽ യാത്രക്കാർ ഇപ്പോൾ അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് വലിയൊരു അളവ് വരെ പരിഹാരം ഉണ്ടാക്കുവാൻ സാധിക്കും.ഉച്ചയോടെ കൊല്ലത്ത് നിന്നു ഒരു മെമു സർവീസ് ആരംഭിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് യാത്രക്കാരുടെ സംഘടനകൾ നിരവധി നിവേദനങ്ങൾ ദക്ഷിണ റെയിൽവേക്ക് നൽകിയിരുന്നു. ഇക്കാര്യത്തിൽ ഉടൻ തന്നെ തീരുമാനം ഉണ്ടാകണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.