
ഇന്ത്യ–പാക്ക് വെടിനിർത്തലിന് പിന്നിൽ ഡിജിഎംഒ: ആരാണ് ഡിജിഎംഒ? എന്തൊക്കെയാണ് അധികാരങ്ങൾ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ തുടർന്ന് ഇന്ത്യ പാക്കിസ്ഥാനിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനു ശേഷമാണ് ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് (ഡിജിഎംഒ) എന്ന ഉന്നത സൈനികനാമം കൂടുതൽ ജനശ്രദ്ധ നേടുന്നത്. പാക്കിസ്ഥാൻ മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ഇന്ത്യൻ ഡിജിഎംഒയെ ഫോണിൽ വിളിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചർച്ചയിലാണ്, കരയിലും ആകാശത്തും കടലിലുമായി നടത്തിയിരുന്ന എല്ലാ സൈനിക നടപടികളും നിർത്തിവയ്ക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. ആരാണ് ഡിജിഎംഒ? എന്താണ് അദ്ദേഹത്തിന്റെ അധികാരങ്ങൾ?
ലഫ്റ്റനന്റ് ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഇന്ത്യൻ സേനയുടെ ഡിജിഎംഒ പദവിയിൽ എത്തുന്നത്. ലഫ്.ജനറൽ രാജീവ് ഖായി ആണ് ഇന്ത്യയുടെ ഡിജിഎംഒ. മേജർ ജനറൽ കാഷിഫ് അബ്ദുല്ലയാണ് പാക്ക് ഡിജിഎംഒ. സൈനിക നീക്കങ്ങളും അതിർത്തിയിലെ സേനാ ഓപ്പറേഷനുകളും ആസൂത്രണം ചെയ്യുന്നത് ഇന്ത്യൻ സേനയിലെ ഡിജിഎംഒയുടെ നേതൃത്വത്തിലാണ്. സംഘർഷങ്ങളുണ്ടാകുമ്പോൾ മറ്റു രാജ്യങ്ങളിലെ സമാന റാങ്കിലുള്ള ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നതും ഈ പദവിയുള്ളവരാണ്. ഭീകരർക്കു നേരെയുള്ള ആക്രമണങ്ങളും സൈനിക നടപടികളും ആസൂത്രണം ചെയ്യുന്നത് ഡിജിഎംഒയാണ്. സേനകൾ ആക്രമണത്തിനു സജ്ജമാണോയെന്നു നിരന്തരം വിലയിരുത്തുന്നതും ഈ ഉദ്യോഗസ്ഥനായിരിക്കും. സൈന്യത്തിലെ എല്ലാ വിഭാഗങ്ങളെയും (കര–നാവിക–വ്യോമ) ഈ ഉദ്യോഗസ്ഥൻ ഏകോപിപ്പിക്കും.
ഹോട്ട്ലൈൻ വഴി പാക്കിസ്ഥാൻ ഡിജിഎംഒയുമായി എല്ലാ ചൊവ്വാഴ്ച ദിവസവും ചർച്ച നടത്തുന്നതും ഇന്ത്യൻ ഡിജിഎംഒയുടെ പ്രധാന ഉത്തരവാദിത്തമാണ്. അതിർത്തിയിൽ സംഘർഷമുണ്ടാകുമ്പോൾ ഇത്തരം ചർച്ചകൾ നിർണായകമാണ്. സൈന്യവുമായി ബന്ധപ്പെട്ട ദൈനംദിന പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഡിജിഎംഒയാണ് ചീഫ് ഓഫ് ആർമി സ്റ്റാഫിനെയും (സിഒഎഎസ്) പ്രതിരോധ മന്ത്രാലയത്തെയും അറിയിക്കുക. ഇന്റലിജൻസ് ഏജൻസികളുമായി ആശയവിനിമയം നടത്തി പ്രവർത്തനം ഏകോപിപ്പിക്കുന്ന ദൗത്യവുമുണ്ട്. സംഘർഷമുണ്ടാകുമ്പോൾ പാക്കിസ്ഥാനുമായി ആശയവിനിമയം നടത്തുന്ന കേന്ദ്രം ഡിജിഎംഒ ആയിരിക്കും. ഡിജിഎംഒമാർ തമ്മിൽ നേരിട്ടുള്ള ആശയവിനിമയം തെറ്റിദ്ധാരണ മാറ്റാനും സംഘർഷം ലഘൂകരിക്കാനും സഹായിക്കും.
ചർച്ചയിൽ ഡിജിഎംഒ മാത്രമായിരിക്കില്ല പങ്കെടുക്കുന്നത്. രഹസ്യാന്വേഷണ വിഭാഗമായ റോയുടെ ഉദ്യോഗസ്ഥനും ഡിജിഎംഒയുടെ തൊട്ടുതാഴത്തെ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും ഉൾപ്പെടെ ഒരു സംഘമായിരിക്കും ഫോൺ കോള് നടക്കുന്ന മുറിയിൽ ഉണ്ടാകുക. എന്നാൽ കോളിൽ ഇരു ഡിജിഎംഒമാർ മാത്രമായിരിക്കും സംസാരിക്കുക. സൈനിക മേധാവിമാരോ മറ്റ് ഉന്നത ഉദ്യോഗസ്ഥരോ ഈ കോളിൽ പങ്കെടുക്കില്ല.