
ദില്ലി: ഇന്ത്യ-പാകിസ്ഥാൻ സംഘർഷം വെടിനിർത്തലിലേക്ക് എത്തിയതിൽ ആശ്വാസമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ജില്ലാ കളക്ടർമാർ സ്ഥിതി പഠിച്ച ശേഷം ജനങ്ങൾക്ക് പുറത്തിറങ്ങാൻ ഇളവ് നൽകും. ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളവരെ തിരിച്ച് കൊണ്ട് വരാൻ നടപടി തുടങ്ങും. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കുള്ള സഹായധനവിതരണം പെട്ടെന്ന് തന്നെ പൂർത്തിയാക്കും. വിമാനത്താവളങ്ങൾ വേഗം തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒമർ അബ്ദുള്ള പ്രതികരിച്ചു. വിമാന സർവീസ് പുനരാരംഭിക്കാൻ നിരവധി ഹജ്ജ് തീർത്ഥാടകരടക്കം കാത്തിരിക്കുകയാണ്. കേന്ദ്ര സർക്കാർ വേഗത്തിൽ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള കൂട്ടിച്ചേർത്തു.
വെടിനിർത്തൽ പാകിസ്ഥാൻ ആവശ്യപ്പെട്ടത് അനുസരിച്ച്
പെഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയതിന് പിന്നാലെ ആരംഭിച്ച സംഘർഷമാണ് മൂന്നാം ദിവസം അവസാനിച്ചത്. പാകിസ്ഥാൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് വെടിനിർത്താൻ തീരുമാനിച്ചതെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം. അമേരിക്ക അടക്കം ഒരു മൂന്നാം കക്ഷിയും വെടിനിർത്തലിനായി ഇടപെട്ടില്ല. വെടിനിർത്താൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ്റെ ഡിജിഎംഒ ആണ് ബന്ധപ്പെട്ടത്. സൈന്യങ്ങൾക്കിടയിലെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തിയതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]