
കൊഴുപ്പുനീക്കൽ ശസ്ത്രക്രിയ: 2021–ൽ അമൃതരാജിന് സംഭവിച്ചത് എന്ത്? അന്വേഷണം തേടി ബന്ധുക്കൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ അടിവയറ്റിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായ വനിതാ എൻജിനീയറുടെ 9 വിരലുകൾ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ കോസ്മറ്റിക് ക്ലിനിക്കിന് മുൻപും ചികിത്സാ പിഴവ് സംഭവിച്ചതായി കേസ്. 2021–ൽ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി അമൃതരാജ് (46) മരിച്ചതാണ് ക്ലിനിക്കിനെതിരായ ആദ്യത്തെ കേസ്. പേട്ട പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. തുടർനടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ അമൃതരാജിന്റെ സഹോദരൻ അശോക് കുമാർ ആരോഗ്യ വകുപ്പിലും പൊലീസിലും പരാതിനൽകി. തുടർന്ന് വിഷയം മെഡിക്കൽ ബോർഡിന് വിടുകയായിരുന്നു.
4 വർഷത്തിനു ശേഷമാണു മെഡിക്കൽ ബോർഡിന്റെ അന്തിമ റിപ്പോർട്ട് കോടതിയിലെത്തിയത്. വൻതോതിൽ കൊഴുപ്പു നീക്കിയതിനു പിന്നാലെ ഹൃദയസ്തംഭനമാണു മരണത്തിനു കാരണമായതെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ വീണ്ടും അന്വേഷണം ആവശ്യപ്പെടാനൊരുങ്ങുകയാണ് അമൃതരാജിന്റെ കുടുംബം.
അമൃതരാജിന് സംഭവിച്ചത്
2021 ജൂൺ 11നായിരുന്നു അമൃതരാജ് വയറ്റിലെ കൊഴുപ്പുനീക്കാൻ പേട്ടയിലെ ക്ലിനിക്കിൽ ശസ്ത്രക്രിയയ്ക്കു വിധേയനായത്. ശസ്ത്രക്രിയയ്ക്കു ശേഷം വീട്ടിലെത്തി രാത്രിയായപ്പോൾ അടിവയറ്റിൽ കഠിനമായ വേദന അനുഭവപ്പെട്ടു. ക്ലിനിക്കിലെ ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഗ്യാസ്ട്രബിൾ ആയിരിക്കാമെന്നും അതിനുള്ള ഗുളിക കഴിച്ചാൽ മതിയെന്നുമായിരുന്നു മറുപടി. വേദന കലശലായതിനെ തുടർന്നു പിറ്റേന്ന് നേരിട്ടെത്തി. ക്ലിനിക്കിലെ ഡോക്ടർമാർ സ്ഥിതി പന്തിയല്ലെന്നു കണ്ട് അമൃതരാജിനെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇവിടെവച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ശസ്ത്രക്രിയയെ തുടർന്ന് അമൃതരാജിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. അശോക് കുമാർ ആശുപത്രിയിലെത്തിയെങ്കിലും വിവരങ്ങൾ അറിയിച്ചില്ല. തുടർന്ന് ബഹളം വച്ചപ്പോഴാണ് ഐസിയുവിലേക്കു കടത്തിവിട്ടത്. ക്ലിനിക്കിലെ ഡോക്ടർ ഐസിയുവിൽ ഉണ്ടായിരുന്നുവെന്നും ഈ ഡോക്ടറാണ് മരണവിവരം അറിയിച്ചതെന്നും അശോക് കുമാർ പറയുന്നു.
ഡിഎംഒയെ തടഞ്ഞുവച്ച് കോൺഗ്രസ്
തിരുവനന്തപുരം ∙ ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കോസ്മറ്റിക് ക്ലിനിക്കിനെ സംരക്ഷിക്കുകയാണെന്നും പിന്നിൽ വൻ അഴിമതിയുണ്ടെന്നും ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ ജില്ലാ മെഡിക്കൽ ഓഫിസറെ തടഞ്ഞുവച്ചു. ഇന്നലെ രാവിലെയാണ് വഞ്ചിയൂരിലെ കോൺഗ്രസ് പ്രവർത്തകർ ഡിഎംഒ ബിന്ദു മോഹനെ തടഞ്ഞുവച്ചത്. പരാതി നിലനിൽക്കുമ്പോൾ തന്നെ ക്ലിനിക്കിന് ലൈസൻസ് നൽകിയതു സമരക്കാർ ചോദ്യം ചെയ്തെങ്കിലും ഡിഎംഒ അതിനോടു പ്രതികരിച്ചില്ല. പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന ഉറപ്പിലാണ് സമരം അവസാനിച്ചത്. പ്രതിഷേധ മാർച്ച് മുൻ ആരോഗ്യമന്ത്രി വി.എസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ജില്ലാ ചെയർമാൻ പി.കെ വേണുഗോപാൽ, ഡിസിസി ജനറൽ സെക്രട്ടറിമാരായ ചാക്ക രവി, ജയചന്ദ്രൻ, നഗരസഭ പ്രതിപക്ഷ നേതാവ് പി.പത്മകുമാർ, വഞ്ചിയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സേവ്യർ ലോപ്പസ്, നേതാക്കളായ പി.കെ.എസ്. രാജൻ, കൈതവിളാകം രാജേന്ദ്രൻ, വി.വിജയകുമാർ, ഷാജി ഡിക്രൂസ്, റോബിൻ ജോസഫ്, ബി രാജേന്ദ്രൻ നായർ, ഭരത് തമ്പി തുടങ്ങിയവർ പ്രസംഗിച്ചു.
സമഗ്ര അന്വേഷണം വേണം: പ്രതിധ്വനി
തിരുവനന്തപുരം ∙ ചികിത്സപ്പിഴവിനെ തുടർന്ന് സോഫ്റ്റ്വെയർ എൻജിനീയർ എം.എസ്.നീതുവിന്റെ വിരലുകൾ നഷ്ടമായ സംഭവത്തിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ക്ലിനിക്കിനെതിരെ സമഗ്ര അന്വേഷണം വേണമെന്ന് ടെക്നോപാർക്കിലെ ഐടി ജീവനക്കാരുടെ സംഘടന പ്രതിധ്വനി ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
മതിയായ നഷ്ടപരിഹാരം നീതുവിന് ഉറപ്പാക്കണമെന്നും കുറ്റക്കാർക്ക് എതിരെ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന കൺവീനർ രാജീവ് കൃഷ്ണ, പ്രതിധ്വനി ടെക്നോപാർക്ക് പ്രസിഡന്റ് വിഷ്ണു രാജേന്ദ്രൻ എന്നിവർ മന്ത്രിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.