
നവവധുവിന്റെ 25 പവന് സ്വർണാഭരണങ്ങളും ‘അപ്രതീക്ഷിതമായി’ തിരികെ കിട്ടി; പക്ഷേ, ദുരൂഹത ബാക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കരിവെള്ളൂർ ∙ പലിയേരിയിൽ നവവധുവിന്റെ നഷ്ടപ്പെട്ട 25 പവന്റെ ആഭരണങ്ങൾ വീടിനോടുചേർന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പലിയേരിയിലെ എ.കെ.അർജുന്റെ ഭാര്യ കൊല്ലം സ്വദേശി ആർച്ച.എസ്.സുധിയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മേയ് 1നാണ് ഇരുവരുടെയും വിവാഹം. 2ന് രാത്രി ആഭരണങ്ങൾ ബന്ധുക്കളെ കാണിക്കാൻ എടുത്തപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്. പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ ആഭരണങ്ങൾ തിരികെ കിട്ടുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ പി.യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ രാവിലെ 11.30ന് പലിയേരിയിൽ വീട്ടുകാരുടെ മൊഴിയെടുക്കാൻ എത്തിയിരുന്നു. പൊലീസുകാർ ചുറ്റും പരിശോധിക്കുന്നതിനിടെയാണ് വീടിന്റെ തെക്കുഭാഗത്ത് തുണിസഞ്ചിയിൽ സ്വർണാഭരണങ്ങൾ കണ്ടെത്തിയത്. പൊലീസ് വീട്ടുകാരെ വിവരം അറിയിച്ചു നഷ്ടപ്പെട്ട ആഭരണങ്ങളാണെന്ന് ഉറപ്പു വരുത്തി. ഉടൻ ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ആഭരണങ്ങൾ ഇന്ന് പയ്യന്നൂർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ ആരെയും പ്രതി ചേർത്തിട്ടില്ല.
ആശ്വാസം, ദുരൂഹത
കരിവെള്ളൂർ ∙ പലിയേരിയിലെ നവവധുവിന്റെ സ്വർണാഭരണങ്ങൾ അപ്രതീക്ഷിതമായി തിരികെ കിട്ടിയതോടെ ആശ്വാസവും ദുരൂഹതയും ഏറുന്നു. ഇന്നലെ രാവിലെ 11.30ന് പൊലീസ് മൊഴിയെടുക്കാൻ വീട്ടിലേക്ക് വന്നപ്പോഴാണ് വീടിനോട് ചേർന്ന് തുണി സഞ്ചിയിൽ സ്വർണം കണ്ടത്.നേരം പുലർന്ന് ഏറെയായിട്ടും വീട്ടുകാർ കാണാത്ത സ്വർണം പൊലീസ് കണ്ടത്തിയത് ആശങ്കയായി. പൊലീസ് അന്വേഷണം ഊർജിതമാക്കിയപ്പോൾ പിടിക്കപ്പെടുമെന്ന് തിരിച്ചറിഞ്ഞ മോഷ്ടാവ് സ്വർണം ഉപേക്ഷിച്ചതാണെന്ന് കരുതുന്നു.
മോഷണം നടന്നതിന്റെ അഞ്ചാം ദിവസമാണ് സ്വർണം തിരികെ ലഭിക്കുന്നത്. ഇത്രയും ദിവസം പ്രതി സുരക്ഷിതമായി സ്വർണം സൂക്ഷിക്കുകയും ആരും കാണാതെ വീടിനടുത്ത് ഉപേക്ഷിക്കുകയുമാണ് ചെയ്തത്. മോഷ്ടാവ് പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് വീട്ടിൽ എത്തിയതെന്ന് നാട്ടുകാർ സംശയിക്കുന്നു. ആഭരണങ്ങൾ ആർച്ച തിരിച്ചറിഞ്ഞു. വള, മാല, കമ്മൽ, കൈചെയിൻ എന്നിവയാണ് ആഭരണങ്ങൾ. ലക്ഷങ്ങൾ വിലയുള്ള ആഭരണങ്ങൾ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് കുടുംബം.