
വീടിനു തീപിടിച്ചു; ഭിന്നശേഷിക്കാരനായ കുട്ടിയുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ കിടപ്പുരോഗികളായ വയോധികരും ഭിന്നശേഷിക്കാരനായ കൊച്ചുമകനും മാത്രമുള്ളപ്പോൾ വീടിനു തീപിടിച്ചെങ്കിലും കൊച്ചുമകന്റെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. അവലൂക്കുന്ന് വാർഡ് വടികാട് വീട്ടിൽ ശ്രീകുമാറിന്റെ വീടിനാണ് ഇന്നലെ ഉച്ചയ്ക്കു തീ പിടിച്ചത്. ശ്രീകുമാറിന്റെ പിതാവ് ദാമോദരപ്പണിക്കർ(89), മാതാവ് രാധാമണി(81), മകൻ എസ്.ശ്രീരാഗ്(19) എന്നിവരാണു വീട്ടിൽ ഉണ്ടായിരുന്നത്. ഓട്ടോഡ്രൈവറായ ശ്രീകുമാർ പുറത്തായിരുന്നു. ഉച്ചഭക്ഷണ ശേഷം ദമ്പതികൾ ഉറങ്ങിക്കിടക്കുമ്പോഴാണു വീടിനു തീപിടിച്ചത്.
ടിവി കണ്ടുകൊണ്ടിരുന്ന ശ്രീരാഗാണു മേൽക്കൂരയിൽ നിന്നു തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്. പൊതുവേ വീട്ടിൽ നിന്നു പുറത്തിറങ്ങാറില്ലെങ്കിലും ശ്രീരാഗ് അലറി വിളിച്ച് സമീപത്തെ വീട്ടിലെത്തി. അവർ ഓടിവന്നപ്പോഴേക്കും വീടിന്റെ മേൽക്കൂര ഏതാണ്ടു കത്തിക്കഴിഞ്ഞിരുന്നു. വാതിൽ പൊളിച്ച് അകത്തു കടക്കുമ്പോഴും വൃദ്ധദമ്പതികൾ ഉറക്കത്തിലായിരുന്നു. ദാമോദരപ്പണിക്കർക്കു കാഴ്ചക്കുറവുമുണ്ട്. ജനൽ കൂടി പൊളിച്ചാണ് അയൽക്കാർ ഇവരെ പുറത്തെത്തിച്ചത്. കംപ്യൂട്ടറും ടിവിയും ഉൾപ്പെടെ വീട്ടുപകരണങ്ങളും സ്വർണാഭരണങ്ങളും കത്തിനശിച്ചു.
നാശനഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല. തീപിടിത്തത്തിന്റെ കാരണവും വ്യക്തമല്ല. അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് ഒരു മണിക്കൂർ പരിശ്രമിച്ചാണ് തീ അണച്ചത്. വീടിന്റെ മുക്കാൽഭാഗവും കത്തിപ്പോയി.ശ്രീകുമാറിന്റെ ഭാര്യ നേരത്തേ മരിച്ചതാണ്. മാതാപിതാക്കളും മകനും ഉൾപ്പെടെ നാലുപേരാണ് ഇവിടെ താമസിച്ചിരുന്നത്.സംഭവസമയത്ത് വീടിന് സമീപം ഉണ്ടായിരുന്ന വാർഡ് കൗൺസിലർ ബിജി ശങ്കർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. ഇവർ അറിയിച്ചതിനെത്തുടർന്ന് സ്റ്റേഷൻ ഓഫിസർ എസ്.പ്രസാദിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
ഏറെ പണിപ്പെട്ടാണു തീ അണച്ചത്. രക്ഷിക്കാനെത്തിയവർ ഗ്യാസ് സിലിണ്ടർ പുറത്തേക്കിട്ടതു വൻ അപകടം ഒഴിവാക്കി. വീട്ടിലെ കംപ്യൂട്ടർ, ടിവി,വാഷിങ് മെഷീൻ,ഫാനുകൾ അടക്കമുളള ഉപകരണങ്ങളും ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും കത്തി നശിച്ചു. വൈദ്യുതി മീറ്ററിന് തകരാറില്ലെന്നു കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു. മെയിൻ സ്വിച്ചിൽ നിന്നോ പഴക്കം ചെന്ന ഫാനിൽ നിന്നോ ഷോർട്ട് സർക്യൂട്ട് സംഭവിച്ചോയെന്ന് പരിശോധിക്കുന്നു.