
പാക്കിസ്ഥാനിലെ (Pakistan) ഭീകരരുടെ താവളങ്ങളിൽ കടന്നുകയറി ഇന്ത്യ (India) നടത്തിയ ‘’ (Operation Sindoor) പ്രത്യാക്രമണം ഒരു യുദ്ധത്തിന് വഴിമാറിയേക്കാമെന്ന ഭീതിക്കിടയിലും തളരാതെ ഇന്ത്യൻ ഓഹരി വിപണി. അതേസമയം, . വലിയ തകർച്ചയോ വൻ കുതിപ്പോ ഇന്ന് ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സിലും (sensex) നിഫ്റ്റിയിലും (nifty50) കണ്ടില്ല; എന്നാൽ, വലിയ തകർച്ചയ്ക്ക് ഒരുക്കമല്ലെന്ന് വ്യക്തമാക്കി നേട്ടത്തിൽ പിടിച്ചുനിന്നതും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചതും ലോകശ്രദ്ധയ്ക്കു തന്നെ വഴിവച്ചു.
80,641ൽ നിന്ന് ഇന്നത്തെ വ്യാപാരം തുടങ്ങിയ സെൻസെക്സ് ഒരുഘട്ടത്തിൽ 80,844 വരെ ഉയരുകയും 79,937 വരെ താഴുകയും ചെയ്തു. വ്യാപാരം അവസാനിപ്പിച്ചത് 105.71 പോയിന്റ് (+0.13%) നേട്ടത്തോടെ 80,746.78ൽ. 34.80 പോയിന്റ് (+0.14%) നേട്ടവുമായി 24,414.40ലാണ് നിഫ്റ്റി50 വ്യാപാരം പൂർത്തിയാക്കിയത്. ബിഎസ്ഇയിൽ (BSE) ഇന്ന് 4,046 ഓഹരികൾ വ്യാപാരം ചെയ്തതിൽ 2,206 എണ്ണവും നേട്ടത്തിലായിരുന്നു എന്നതും ശ്രദ്ധേയം. 1,863 ഓഹരികളാണ് നഷ്ടത്തിലായത്. 138 ഓഹരികളുടെ വില മാറിയില്ല. നിക്ഷേപക സമ്പത്ത് (investors’ wealth) അഥവാ ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം (market cap) ഇന്ന് 2.19 ലക്ഷം കോടി രൂപ വർധിച്ച് 423.50 ലക്ഷം കോടി രൂപയായെന്നതും ശ്രദ്ധേയമാണ്.
സെൻസെക്സ്: കുതിച്ചവരും കിതച്ചവരും
സെൻസെക്സിൽ ഇന്ന് 5.05% ഉയർന്ന് ടാറ്റാ മോട്ടോഴ്സാണ് (Tata Motors) നേട്ടത്തിൽ ഒന്നാമത്. കമ്പനിയുടെ വാണിജ്യവിഭാഗത്തെ വിഭജിക്കുകയും ഓഹരി വിപണിയിൽ രണ്ടു ലിസ്റ്റഡ് കമ്പനികളായി മാറുകയും ചെയ്യാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഓഹരിക്കുതിപ്പ്. പുറമെ, യാഥാർഥ്യമാകുന്നതും കരുത്തായി. കരാർ നടപ്പാകുന്നതോടെ വാഹന ഇറക്കുമതി തീരുവ നിലവിലെ 100 ശതമാനത്തിൽ നിന്ന് വെറും 10 ശതമാനമാകും. ടാറ്റാ മോട്ടോഴ്സിന്റെ ഉപസ്ഥാപനവും ബ്രിട്ടീഷ് വാഹനക്കമ്പനിയുമായ ജെഎൽആറിന് ഇതു വലിയ നേട്ടമാകും.
ബജാജ് ഫിനാൻസ് (+2.14%), എറ്റേണൽ (സൊമാറ്റോ, +1.85%), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (+1.64%), അദാനി പോർട്സ് (+1.41%) എന്നിവയാണ് നേട്ടത്തിൽ മുൻനിരയിലുള്ള മറ്റ് കമ്പനികൾ. ഇന്ത്യയും ബ്രിട്ടനും തമ്മിലെ സ്വതന്ത്ര വ്യാപാരക്കരാറാണ് വാഹന ഓഹരികൾക്ക് ഊർജമായത്. ഏഷ്യൻ പെയിന്റ്സ് (-3.53%), സൺ ഫാർമ (-1.95%), ഐടിസി (-1.15%), എച്ച്സിഎൽ ടെക് (-1.04%), റിലയൻസ് ഇൻഡസ്ട്രീസ് (-1.02%) എന്നിവയാണ് നഷ്ടത്തിൽ മുന്നിൽ.
നിഫ്റ്റിയിലെ താരങ്ങൾ
5.18% നേട്ടവുമായി നിഫ്റ്റി50ലും ടാറ്റാ മോട്ടോഴ്സ് തന്നെയാണ് കൂടുതൽ തിളങ്ങിയത്. ജിയോഫിൻ 2.11% നേട്ടവുമായി രണ്ടാമതുണ്ട്. ബജാജ് ഫിനാൻസ് (+2.04%), ശ്രീറാം ഫിനാൻസ് (+1.85%), എറ്റേണൽ (+1.65%) എന്നിവയും കൂടുതൽ തിളങ്ങി. ഏഷ്യൻ പെയിന്റ്സ് (-3.97%), സൺ ഫാർമ (-2.10%), ബജാജ് ഓട്ടോ (-1.26%), ഐടിസി (-1.24%), ഗ്രാസിം ഇൻഡസ്ട്രീസ് (-1.14%) എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടവ. ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദം പ്രതീക്ഷയ്ക്കൊത്ത് മെച്ചമായില്ലെന്ന വിലയിരുത്തലാണ് ഏഷ്യൻ പെയിന്റ്സ് ഓഹരികളെ തളർത്തിയത്.
വിശാല വിപണിയുടെ പ്രകടനം
നിഫ്റ്റി മിഡ്ക്യാപ്100 സൂചിക 1.59 ശതമാനവും സ്മോൾക്യാപ്100 സൂചിക 1.38 ശതമാനവും മുന്നേറി. നിഫ്റ്റി ഓട്ടോ സൂചിക 1.66%, ധനകാര്യ സേവനം 0.96%, ഐടി 0.14%, മീഡിയ 1.06%, ലോഹം 0.98% എന്നിങ്ങനെ നേട്ടം കുറിച്ചു. നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 0.29%, സ്വകാര്യ ബാങ്ക് 0.69% എന്നിങ്ങനെ ഉയർന്നു. 0.63 ശതമാനമാണ് ബാങ്ക് നിഫ്റ്റിയുടെ നേട്ടം.
നിഫ്റ്റി റിയൽറ്റി 1.12 ശതമാനവും നേട്ടമെഴുതി. കൺസ്യൂമർ ഡ്യൂറബിൾസ് (+1.18%), ഓയിൽ ആൻഡ് ഗ്യാസ് (+0.16%) എന്നിവയും മികവോടെ നിന്നു. എന്നാൽ, എഫ്എംസിജി 0.52%, ഫാർമ 0.33%, ഹെൽത്ത്കെയർ 0.35% എന്നിങ്ങനെ താഴേക്കുപോയി. ഇന്ത്യ വിക്സ് (India VIX) 0.34% ഉയർന്ന് 19.06 ശതമാനത്തിലെത്തിയത് ആശങ്കയാണ്. ഓഹരി നിക്ഷേപകർക്കിടയിൽ സമ്മർദമുണ്ടെന്നും വിപണി ചാഞ്ചാടിയേക്കാമെന്ന് സൂചിപ്പിക്കുന്നതുമായ സൂചികയാണിത്.
വ്യക്തിഗത നേട്ടക്കാരും തളർന്നവരും
ബിഎസ്ഇയുടെ ഓഹരിവില ഇന്നൊരുവേള 10% വരെ ഉയർന്നിരുന്നു. വ്യാപാരം അവസാനിച്ചപ്പോൾ നേട്ടം 6.81%. നാലാംപാദ ലാഭം 362% കുതിച്ചതും ബ്രോക്കറേജുകളിൽ നിന്നുള്ള അനുകൂല റേറ്റിങ്ങുകളുമാണ് കരുത്തായത്. മികച്ച നാലാംപാദ പ്രവർത്തനഫലത്തെ തുടർന്ന് ഓഹരിക്ക് 5 രൂപവീതം സ്പെഷൽ ഡിവിഡന്റ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രോക്കറേജുകളായ മോത്തിലാൽ ഓസ്വാൾ, നുവമ എന്നിവ ബിഎസ്ഇ ഓഹരിക്ക് ‘‘വാങ്ങൽ’’ (buy) റേറ്റിങ് നൽകിയപ്പോൾ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് ‘‘കൂട്ടിച്ചേർക്കുക’’ (add), ജെഫറീസ് ‘‘നിലനിർത്തുക’’ (hold) എന്നീ റേറ്റിങ്ങുകളുമാണ് നൽകിയത്.
ഓഹരി വിപണിയിലേക്ക് ചൊവ്വാഴ്ച ഓഹരികൾ ഇന്നൊരുവേള 5 ശതമാനം വരെ ഉയർന്നിരുന്നു. വ്യാപാരം അവസാനിച്ചപ്പോഴുള്ള നേട്ടം 1.55%. മാർച്ചുപാദത്തിൽ 29 ശതമാനം ലാഭവർധന നേടുകയും ഓഹരിക്ക് 229 രൂപ ലാഭവിഹിതം പ്രഖ്യാപിക്കുകയും ചെയ്ത എംആർഎഫിന്റെ ഓഹരികൾ ഇന്ന് 4 ശതമാനത്തിലധികം ഉയർന്നു.
ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങൾ അടച്ചതിനെ തുടർന്ന്, സർവീസുകൾ റദ്ദാക്കേണ്ടിവന്നത് വിമാനക്കമ്പനി ഓഹരികളെ തളർത്തി. സ്പൈസ്ജെറ്റ്, ഇൻഡിഗോ (ഇന്റർഗ്ലോബ് ഏവിയേഷൻ) എന്നിവ നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നാലാംപാദത്തിൽ നഷ്ടം മികച്ചതോതിൽ കുറയ്ക്കുകയും എബിറ്റ്ഡ പോസിറ്റീവാകുകയും ചെയ്ത പേയ്ടിഎം (വൺ97 കമ്യൂണിക്കേഷൻസ്) ഓഹരികൾ 8 ശതമാനം വരെ ഉയർന്നു.
രൂപയ്ക്ക് നിരാശ
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രൂപ ഇന്ന് ഡോളറിനെതിരെ കനത്ത നഷ്ടം നേരിട്ടു. 0.5% ഇടിഞ്ഞ് 84.82ലാണ് വ്യാപാരാന്ത്യത്തിൽ മൂല്യം. കഴിഞ്ഞ ഒരുമാസത്തിനിടെ രൂപയുടെ ഏറ്റവും വലിയ ഏകദിന വീഴ്ച. മറ്റ് ഏഷ്യൻ കറൻസികൾ ഡോളറിനെതിരെ പൊതുവേ നഷ്ടത്തിലായിരുന്നു എന്നതും രൂപയ്ക്ക് വിനയായി.
കുതിച്ചുകയറി ‘വസ്ത്ര’ ഓഹരികൾ
പശ്ചാത്തലത്തിൽ ഇന്ന് ശ്രദ്ധേയനേട്ടം നെയ്തെടുത്തത് ടെക്സ്റ്റൈൽ കമ്പനികളുടെ ഓഹരികളാണ്. കരാറിലൂടെ ഇറക്കുമതി തീരുവ ഏതാണ്ടു പൂജ്യമാകുമെന്നതാണ് ആവേശമായത്. കേരളക്കമ്പനിയായ കിറ്റെക്സ് (Kitex Garments) 5% കുതിച്ച് അപ്പർ-സർക്യൂട്ടിലായി. യുഎസ് കനത്ത താരിഫ് പ്രഖ്യാപിച്ചതിനെ തുടർന്ന് ബംഗ്ലദേശ്, വിയറ്റ്നാം എന്നീ മുൻനിര വസ്ത്ര കയറ്റുമതി രാജ്യങ്ങൾ നേരിട്ട തളർച്ചയും ഇന്ത്യൻ കമ്പനികൾക്ക് ഗുണമായിരുന്നു. ബംഗ്ലദേശിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയും കലാപവും നേട്ടമായതും ഇന്ത്യൻ വസ്ത്ര കയറ്റുമതി കമ്പനികൾക്കായിരുന്നു. ഗോകൽദാസ് എക്സ്പോർട്സ് 19% വരെയാണ് ഇന്ന് മുന്നേറിയത്. കെപിആർ മിൽ 10 ശതമാനം, അർവിന്ദ് ലിമിറ്റഡ് 5.8 ശതമാനം എന്നിങ്ങനെയും നേട്ടമുണ്ടാക്കി.
ഇന്ത്യൻ വിപണിയുടെ അനുകൂല ഘടകങ്ങൾ
∙ ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ നിലപാടിന് ആഗോളതലത്തിൽ കൂടുതൽ പിന്തുണ ലഭിച്ചു.
∙ പാക്കിസ്ഥാനുമായി പ്രശ്നങ്ങളുണ്ടെങ്കിലും ലോകം അതിനേക്കാൾ കൂടുതൽ പരിഗണന കൊടുക്കുന്നത് ഇന്ത്യയുടെ വളർച്ചയ്ക്ക്. മികച്ച ജിഡിപി വളർച്ചാപ്രതീക്ഷ, നിയന്ത്രണപരിധിയിലായ പണപ്പെരുപ്പം, കേന്ദ്രസർക്കാരിന്റെ പരിഷ്കാരനയങ്ങൾ, യുകെ, യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി യാഥാർഥ്യത്തിലേക്ക് കടക്കുന്ന സ്വതന്ത്ര വ്യാപാര കരാറുകൾ തുടങ്ങിയവയും കരുത്ത്.
∙ പാക്കിസ്ഥാനുമായുള്ള സംഘർഷത്തിനിടയിലും ഇന്ത്യയിൽ മികച്ച നിക്ഷേപം നടത്തുന്ന വിദേശ പോർട്ഫോളിയോ നിക്ഷേപകരുടെ (FPI) നിലപാട്. കഴിഞ്ഞ 14 സെഷനുകളിലായി മാത്രം അവർ ഇന്ത്യയിൽ നിക്ഷേപിച്ചത് 40,000 കോടിയോളം രൂപ.
∙ റിസർവ് ബാങ്ക് വീണ്ടും അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തൽ.
∙ യുഎസ് ഓഹരികൾ അടക്കം പോസിറ്റിവിലായത്.
∙ മുൻകാലങ്ങളിലും ഓഹരി വിപണിക്ക് ദീർഘകാല തിരിച്ചടിയായിട്ടില്ലെന്ന വിലയിരുത്തൽ.
തരിപ്പണം പാക്കിസ്ഥാന്റെ ഓഹരി
ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ സൃഷ്ടിച്ച പ്രകമ്പനം താങ്ങാനാവാതെ ഇന്ന് പാക്കിസ്ഥാന്റെ ഓഹരി വിപണികൾ കനത്ത നഷ്ടത്തിലേക്ക് നിലംപൊത്തി. കറാച്ചി ഓഹരി സൂചിക (KSE-100 Index) 6,000 പോയിന്റിലേറെയാണ് തകർന്നടിഞ്ഞത്. വിശദാംശം വായിക്കാം.
മലക്കംമറിഞ്ഞ് പ്രതിരോധ ഓഹരികൾ
ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ വ്യാപാരത്തുടക്കത്തിൽ നേട്ടത്തിന്റെ പാതയിലായിരുന്ന പ്രതിരോധ സ്ഥാപനങ്ങളുടെ ഓഹരികൾ (Defence Stocks) പിന്നീട് നഷ്ടത്തിലേക്ക് മലക്കംമറിഞ്ഞു. എച്ച്എഎൽ (HAL) 0.65%, ഭാരത് ഇലക്ട്രോണിക്സ് (BEL) 0.13%, കൊച്ചിൻ ഷിപ്പ്യാർഡ് (Cochin Shipyard) 1.27% എന്നിങ്ങനെ താഴ്ന്നു. രാവിലെ ഇവ 1.85% വരെ ഉയർന്നിരുന്നു. ഗാർഡൻ റീച്ച് ഷിപ്പ്ബിഴ്ഡേഴ്സ് (GRSE) നേട്ടം രണ്ടു ശതമാനത്തിനടുത്തു നിന്ന് 1.69 ശതമാനത്തിലേക്കും പരസ് ഡിഫൻസ് 0.89% ശതമാനത്തിലേക്കും കുറച്ചു. മാസഗോൺ ഡോക്കിന്റെ നഷ്ടം 4.70 ശതമാനവും ഭാരത് ഡൈനാമിക്സിന്റേത് 4.90 ശതമാനവുമാണ്. ഡേറ്റ പാറ്റേൺസ് 0.47 ശതമാനവും താഴ്ന്നു.
കിറ്റെക്സും കല്യാണും
കേരളക്കമ്പനികളിൽ താരമായത് കിറ്റെക്സും കല്യാൺ ജ്വല്ലേഴ്സുമാണ് (Kalyan Jewellers). 4.16 ശതമാനമാണ് കല്യാണിന്റേ നേട്ടം. ആസ്റ്റർ (+2.76%), മുത്തൂറ്റ് ഫിനാൻസ് (+2.86%), കിങ്സ് ഇൻഫ്ര (+2.5%), അപ്പോളോ ടയേഴ്സ് (+2.47%), ഫാക്ട് (+2.42%) എന്നിവയും മികവ് പുലർത്തി. പ്രൈമ അഗ്രോ 12 ശതമാനം ഇടിഞ്ഞു. യൂണിറോയൽ മറീൻ, ആഡ്ടെക്, സോൾവ് പ്ലാസ്റ്റിക്, വെർട്ടെക്സ് എന്നിവ 4 ശതമാനത്തിലധികം നഷ്ടം നേരിട്ടു.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)