
‘സ്ഥിരീകരിക്കാത്ത വിവരം പരസ്യമാക്കി’: വേടനെതിരെ നടപടിയെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി/ തിരുവനന്തപുരം ∙ വേടന്റെ വിവാദ ശരങ്ങളേറ്റ് റേഞ്ച് ഓഫിസര്‍ തെറിച്ചു. റാപ് ഗായകന് വേടനെ (ഹിരണ്‍ദാസ് മുരളി) പുലിപ്പല്ലുമായി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ആര്.അതീഷിനെ സ്ഥലം മാറ്റാന്‍ വനംമന്ത്രി എ.കെ. ശശീന്ദ്രന് ഉത്തരവിട്ടു. ആർ.അധീഷിനെ മലയാറ്റൂർ ഡിവിഷനു പുറത്തേക്കാണ് സ്ഥലം മാറ്റിയത്. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പരസ്യമാക്കിയതിനാണ് ഉദ്യോഗസ്ഥൻ നടപടി നേരിട്ടിരിക്കുന്നത്.
വേടനെതിരെ വനംവകുപ്പ് അനാവശ്യ തിടുക്കം കാട്ടിയാണ് നടപടിയെടുത്തതെന്നു തുടക്കം മുതല്‍ അഭിപ്രായം ഉയർന്നിരുന്നു. തുടർന്ന് വകുപ്പു മന്ത്രി തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ രംഗത്തുവരികയും റിപ്പോർട്ട് തേടുകയും ചെയ്തു. പുലിപ്പല്ലുമായി ബന്ധപ്പെട്ട് റാപ്പറിനെതിരെ സ്വീകരിച്ച നിയമനടപടികളിൽ റേഞ്ച് ഓഫീസർക്കു പിഴവുണ്ടായിട്ടില്ല എന്ന റിപ്പോർട്ടാണ് വനംവകുപ്പ് സെക്രട്ടറി മന്ത്രിക്കു നൽകിയത്.
പ്രതിക്ക് ശ്രീലങ്കന്‍ ബന്ധം ഉണ്ട് തുടങ്ങിയ സ്ഥിരീകരിക്കാത്ത കാര്യങ്ങള്‍ അന്വേഷണ മധ്യേ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തിയത് ശരിയായ അന്വേഷണ രീതി അല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വകുപ്പുതല അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി വിലയിരുത്തിയാണ് നടപടി. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് നിര്‍ദേശം നല്കി.
റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റു തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു. വേടനെ പിന്തുണച്ചും വനംവകുപ്പിനെ കുറ്റപ്പെടുത്തിയും സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് റേഞ്ച് ഓഫിസര്‍ തെറിച്ചത്. വനംവകുപ്പിന്റെ പ്രവർത്തിയിൽ സിപിഎമ്മും സിപിഐയും അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
വനംവകുപ്പിലെ പ്രമുഖ സര്‍വീസ് സംഘടനകളിലൊന്നായ കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റാണ് അധീഷ്. കേസെടുത്തതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ പാലിച്ചെങ്കിലും വേടനെപ്പറ്റി മാധ്യമങ്ങളുടെ മുന്നില്‍ അതീഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ അതിരുവിട്ടെന്ന് വനം മേധാവി മന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, സെലിബ്രിറ്റിയുടെ അറസ്റ്റ് കൈകാര്യം ചെയ്യുന്നതിലെ പരിഭ്രമവും പരിചയക്കുറവുമാണ് അതീഷിന്റെ പ്രതികരണം കൈവിട്ടുപോകാന്‍ കാരണമെന്നും കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ വീഴ്ചയില്ലെന്നു വ്യക്തമായ സാഹചര്യത്തില്‍ കടുത്ത നടപടികള്‍ ഒഴിവാക്കണമെന്നും റേഞ്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെടുകയായിരുന്നു. അതീഷിനെതിരെ നടപടിയെടുക്കുന്നത് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുമെന്നും ഭാവിയില്‍ ഉന്നതര്‍ പ്രതികളാകുന്ന കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിനോടു വൈമുഖ്യം കാട്ടാന്‍ വഴിയൊരുക്കുമെന്നും ഇവര്‍ പറയുന്നു. അതീഷിന്റെ പെരുമാറ്റത്തെപ്പറ്റി പ്രതി വേടന് ഇതുവരെ പരാതികളൊന്നും ഉന്നയിച്ചിട്ടില്ലെന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഫ്ലാറ്റിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വേടൻ ധരിച്ചിരുന്ന മാലയിലെ രൂപം കാണുന്നതും പുലിപ്പല്ല് എന്ന സംശയത്തിൽ വനംവകുപ്പിനെ വിവരം അറിയിക്കുന്നതും. ലഹരി കേസിൽ അറസ്റ്റിലായി ഉടൻ തന്നെ ജാമ്യം ലഭിച്ചെങ്കിലും പിന്നാലെ വനംവകുപ്പ് വേടനെ അറസ്റ്റ് ചെയ്തു. വന്യമൃഗവേട്ട, അനധികൃതമായി വന്യമൃഗങ്ങളുടെ ഭാഗങ്ങൾ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുക്കുകയും ചെയ്തു. എന്നാൽ ഒരു സംഗീത പരിപാടിക്കിടെ ശ്രീലങ്കൻ വംശജനായ ആരാധകൻ തന്നതാണ് പുലിപ്പല്ല് എന്നായിരുന്നു വേടൻ വ്യക്തമാക്കിയത്. എന്നാൽ പുലിപ്പല്ല് ശാസ്ത്രീയ പരിശോധന പോലും നടത്താതെ വേടനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുകയും ഇക്കാര്യങ്ങൾ പരസ്യമാക്കുകയും ചെയ്തു എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങള്‍. ഇതിനിടെ, സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇടുക്കിയിൽ നടന്ന ‘എന്റെ കേരളം’ പരിപാടിയുടെ സമാപന വേദിയിൽ വേടൻ സംഗീതനിശ അവതരിപ്പിക്കുകയും ചെയ്തു.