
എറണാകുളം ബൈപാസ്: കല്ലിടൽ നടപടികൾ 7 വില്ലേജുകളിൽ കൂടി മാത്രം; ഇനി നഷ്ടപരിഹാര പ്രഖ്യാപനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അങ്കമാലി ∙ ദേശീയപാതയിൽ അങ്കമാലിയിലെ കരയാംപറമ്പിൽ നിന്നാരംഭിച്ചു കുണ്ടന്നൂരിനു സമീപം നെട്ടൂരിൽ അവസാനിക്കുന്ന എറണാകുളം ബൈപാസിന്റെ (കുണ്ടന്നൂർ ബൈപാസ്) കല്ലിടൽ നടപടികൾ ഇനി 7 വില്ലേജുകളിൽ കൂടി മാത്രം. ഈ വില്ലേജുകളിലെ കല്ലിടൽ പൂർത്തിയായാൽ വില നൽകി സ്ഥലം ഏറ്റെടുക്കുന്ന നടപടിക്കുള്ള 3 ഡി വിജ്ഞാപനം ഇറക്കാനാകും. ബൈപാസ് പദ്ധതിക്കായി 18 വില്ലേജുകളിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. തിരുവാങ്കുളം, കൂരിക്കാട്, തെക്കുംഭാഗം, മരട്, കറുകുറ്റി, തുറവൂർ, അങ്കമാലി വില്ലേജുകളിലാണു കല്ലിടൽ പൂർത്തിയാക്കാനുള്ളത്. തിരുവാങ്കുളം, കൂരിക്കാട്, തെക്കുംഭാഗം, മരട്, കറുകുറ്റി, തുറവൂർ വില്ലേജുകളിൽ കല്ലിടൽ തുടങ്ങിയിട്ടില്ല.
അങ്കമാലി വില്ലേജിൽ മുല്ലശേരി തോടിന്റെ ഭാഗം മുതൽ കോതകുളങ്ങര വരെ തീരാനുണ്ട്. കറുകുറ്റി വില്ലേജിൽ കുറച്ചു സ്ഥലമേ ഏറ്റെടുക്കേണ്ടതുള്ളു എന്നതിനാൽ വേഗത്തിൽ കല്ലിടൽ പൂർത്തിയാക്കാനാകും. തിരുവാണിയൂർ വില്ലേജിലാണ് ഇപ്പോൾ കല്ലിട്ടുകൊണ്ടിരിക്കുന്നത്. 3എ വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപു തന്നെ കല്ലിടൽ നടപടികൾ പൂർത്തിയാകുമോയെന്ന ആശങ്കയുണ്ടായിരുന്നു. ഇപ്പോഴത്തെ സ്ഥിതിയിൽ കല്ലിടൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 29ന് 3എ വിജ്ഞാപനം ഇറങ്ങിയതാണ്.
കല്ലിടൽ പൂർത്തിയായില്ലെങ്കിൽ യഥാസമയം 3 ഡി വിജ്ഞാപനം ഇറക്കുന്നത് തടസ്സപ്പെടുമായിരുന്നു. അതല്ലെങ്കിൽ കല്ലിടൽ പൂർത്തിയായ വില്ലേജുകൾ തിരിച്ച് 3ഡി വിജ്ഞാപനം ഇറക്കണമായിരുന്നു. ഭൂവുടമകളുടെ ആക്ഷൻ കൗൺസിലിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നാണു മന്ദഗതിയിലായിരുന്ന കല്ലിടൽ ത്വരിതഗതിയിലായത്. ബൈപാസിന്റെ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ചു 2 യോഗങ്ങൾ നടക്കാനുണ്ട്. ഈ യോഗങ്ങൾക്കു ശേഷം ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ചുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണു ഭൂവുടമകൾ.
കലക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം ഒരു പ്രാവശ്യം മാറ്റിവച്ചിരുന്നു. ഈ മാസം തന്നെ ഈ യോഗം ചേരും. ബൈപാസ് കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിക്കുമെന്നു മന്ത്രി മുഹമ്മദ് റിയാസും പ്രഖ്യാപിച്ചിരുന്നു. എറണാകുളം ബൈപാസിന്റെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ തീരുമാനം എടുക്കേണ്ട ഒട്ടേറെ വിഷയങ്ങളുണ്ട്. സ്ഥലമെടുപ്പിൽ കാലപ്പഴക്കം കണക്കാക്കാതെ നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ചു തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്.
ഇതു സംബന്ധിച്ചു കഴിഞ്ഞ ഏപ്രിലിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്യണമെന്നാണ് ഭൂവുടമകളുടെ ആവശ്യം. ഉത്തരവ് റദ്ദാക്കാൻ മന്ത്രിസഭ തീരുമാനിക്കണം. കാലപ്പഴക്കം കണക്കാക്കാതെയുള്ള നഷ്ടപരിഹാരം ദേശീയപാത–66, ദേശീയപാത-966 എന്നീ പദ്ധതികൾക്കു മാത്രമാണ് ബാധകമാകൂയെന്നും മറ്റ് സ്ഥലമെടുപ്പുകൾക്കു ബാധകമല്ലെന്നുമാണ് സർക്കാർ ഉത്തരവുള്ളത്.
കല്ലിടൽ പൂർത്തിയായ വില്ലേജുകളിൽ ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ച് എസ്റ്റിമേറ്റ് തയാറാക്കുന്നുണ്ട്. ഭാരത്മാല പദ്ധതി മരവിപ്പിച്ചതോടെ എറണാകുളം ബൈപാസ് പദ്ധതിക്കു കേന്ദ്രമന്ത്രിസഭയുടെ അനുമതി നിർബന്ധമാണ്. കേന്ദ്രമന്ത്രിസഭയുടെ അനുമതിക്കായുള്ള നടപടികളുടെ ഭാഗമായാണു കല്ലിടൽ പൂർത്തിയായ വില്ലേജുകളിൽ എസ്റ്റിമേറ്റ് തയാറാക്കുന്നത്.