
കലക്ടറുടെ കാർ തടഞ്ഞ് യുഡിഎഫ് പ്രതിഷേധം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനാപുരം∙ ഏഴു വയസ്സുകാരി പേ വിഷബാധയേറ്റു മരിച്ച സംഭവത്തെച്ചൊല്ലി കലക്ടർ എൻ.ദേവിദാസിനു നേരെ യുഡിഎഫ് പ്രതിഷേധം. യുഡിഎഫ് പ്രവർത്തകർ കാർ തടഞ്ഞതിനെത്തുടർന്നു പൊലീസ് ജീപ്പിൽ കയറി സ്ഥലം വിട്ട കലക്ടറെ പ്രവർത്തകർ പിന്തുടർന്നു. തിരിച്ചെത്തിയ കലക്ടറെ വീണ്ടും തടഞ്ഞതോടെ പ്രവർത്തകരും കലക്ടറും തമ്മിൽ വാക്കുതർക്കവുമായി. പിന്തിരിപ്പിക്കാൻ പൊലീസ് നടത്തിയ ശ്രമം ഉന്തിലും തള്ളിലും കലാശിച്ചു.
പേവിഷബാധയേറ്റു മരിച്ച നിയ ഫൈസലിന്റെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളക്കുടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കലക്ടർ എത്തിയപ്പോഴാണു മണിക്കൂറുകളോളം നീണ്ട നാടകീയ സംഭവങ്ങൾ. രാവിലെ പതിനൊന്നരയോടെയാണു കലക്ടർ അവലോകന യോഗത്തിനെത്തിയത്. യോഗം തുടങ്ങിയപ്പോൾ തന്നെ, സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നു യുഡിഎഫ് ആവശ്യപ്പെട്ടു.
കലക്ടർ അനുകൂലമായി പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് യോഗം ബഹിഷ്കരിച്ചു. പന്ത്രണ്ടേമുക്കാലോടെ യോഗം കഴിഞ്ഞു പുറത്തിറങ്ങിയ കലക്ടറുടെ കാർ കെപിസിസി നിർവാഹക സമിതിയംഗം ജ്യോതികുമാർ ചാമക്കാലയുടെ നേതൃത്വത്തിൽ പ്രവർത്തകർ തടഞ്ഞു. കലക്ടറോടു സംസാരിക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന് കലക്ടർ കാറിൽ നിന്നിറങ്ങി ജ്യോതി കുമാർ ചാമക്കാല, മറ്റു കോൺഗ്രസ് നേതാക്കൾ എന്നിവരുമായി അടച്ചിട്ട മുറിയിൽ 2 മിനിറ്റ് ചർച്ച നടത്തി.
ചർച്ചയ്ക്ക് ശേഷം പുറത്തേക്കു വന്ന നേതാക്കൾ, നിയ ഫൈസലിന്റെ മരണത്തിൽ നീതി ലഭ്യമാക്കണമെന്ന ആവശ്യത്തിൽ കലക്ടർ നിഷേധാത്മക സമീപനം സ്വീകരിക്കുകയാണെന്ന് ആരോപിച്ചാണു കാർ തടഞ്ഞത്. പ്രവർത്തകർ കാറിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടെ കാറിൽ നിന്നിറങ്ങിയ കലക്ടർ റോഡു വരെ നടന്ന് അവിടെയുണ്ടായിരുന്ന പൊലീസ് ജീപ്പിൽ കയറി പോയി. കലക്ടർ പോയ കാര്യം യുഡിഎഫ് പ്രവർത്തകർ അറിയുന്നത് കുറച്ചു നേരം കഴിഞ്ഞാണ്. നിയ ഫൈസലിന്റെ വീട്ടിലേക്കാണ് കലക്ടർ പോയതെന്നായിരുന്നു പ്രചാരണമെങ്കിലും അവിടെ കലക്ടർ എത്തിയില്ലെന്നു ബന്ധുക്കൾ പറഞ്ഞു.
ഇതിനിടെ കലക്ടർ കയറിപ്പോയ പൊലീസ് ജീപ്പ് യുഡിഎഫ് പ്രവർത്തകർ പിന്തുടർന്ന് കണ്ടെത്തി. 15 മിനിറ്റിനുശേഷം പൊലീസ് ജീപ്പിൽ വീണ്ടും കലക്ടർ തന്റെ കാറിനടുത്തെത്തിയപ്പോൾ പ്രവർത്തകർ തടഞ്ഞു. ഇതോടെ തർക്കവും വാക്കേറ്റവുമായി. പ്രവർത്തകരെ മുഴുവൻ അറസ്റ്റ് ചെയ്തു നീക്കിയാണു കലക്ടറുടെ വാഹനം പൊലീസ് കടത്തി വിട്ടത്.
ഡിസിസി സെക്രട്ടറി ബാബു മാത്യു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.എം.ബിജു, കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.യദുകൃഷ്ണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ്.ഷക്കീം, ബ്ലോക്ക് പ്രസിഡന്റ് സി.ആർ.സൂര്യനാഥ്, ബ്ലോക്ക്–ഗ്രാമ പഞ്ചായത്തംഗങ്ങൾ, മഹിളാ കോൺഗ്രസ്–യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതാക്കൾ എന്നിവർ നേതൃത്വം നൽകി.