
പ്രിയങ്ക ഗാന്ധിക്കുമുന്നിൽ സങ്കടക്കെട്ടഴിച്ച് തങ്കമണി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വണ്ടൂർ ∙ തമിഴ്നാട് കലൂർ ജില്ലയിലെ സന്താൻപട്ടി ഗ്രാമത്തിൽ നിന്നു 10 വർഷം മുൻപു വണ്ടൂരിലെത്തിയ എസ്.ആർ.തങ്കമണിക്ക് (56) കോൺഗ്രസും രാജീവ് ഗാന്ധിയും ജീവൻ. രാജീവിന്റെ മകൾ പ്രിയങ്ക ഗാന്ധി വണ്ടൂരിലെത്തുന്നുണ്ടെന്ന് കേട്ടറിഞ്ഞ് ഇന്നലെ കാണാൻ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന്റെ കവാടത്തിൽ ഏറെ നേരം കാത്തിരുന്നു. അതു വെറുതെയായില്ല. സതേൺ റെയിൽവേ ഉദ്യോഗസ്ഥരുമായി നടന്ന ചർച്ച കഴിഞ്ഞു സുരക്ഷാ വലയത്തിൽ പ്രിയങ്ക പുറത്തേക്കു വന്നപ്പോൾ കൂപ്പുകൈകളോടെ നിന്ന തങ്കമണിയെ കണ്ടു കാർ നിർത്താൻ പറഞ്ഞു.
കാറിൽ നിന്നിറങ്ങി തങ്കമണിയുടെ അടുത്തെത്തി. എ.പി.അനിൽകുമാർ എംഎൽഎയും അടുത്തുണ്ടായിരുന്നു. 10 വയസ്സു മുതൽ കോൺഗ്രസിനെയും നെഹ്റുവിനെയും ഇന്ദിരയെയും നെഞ്ചിലേറ്റിയതാണെന്നും ഏറെ പ്രിയം രാജീവ് ഗാന്ധിയോടാണെന്നും തങ്കമണി പ്രിയങ്കയോടു പറഞ്ഞു. രാജീവിന്റെ മകളെ കാണാനായതു ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. ഇപ്പോൾ വണ്ടൂർ പോസ്റ്റ് ഓഫിസ് വൃത്തിയാക്കുന്ന തൊഴിലിൽ നിന്നു കിട്ടുന്ന തുച്ഛമായ വേതനമാണു തങ്കമണിയുടെ ആകെയുള്ള വരുമാനം. എല്ലുകൾക്കു തേയ്മാനമുള്ളതിനാൽ ഭാരിച്ച ജോലികൾ ചെയ്യാനാവുന്നില്ല. വാടകവീട്ടിലാണു താമസം.
അച്ഛനും അമ്മയും മരിച്ചു പോയി. മക്കളില്ലാത്തതിനാൽ ഭർത്താവ് വേറെ വിവാഹം കഴിച്ചു തനിച്ചാക്കിപ്പോയി. ജീവിതത്തിൽ ഒറ്റപ്പെട്ടപ്പോൾ തണലായത് കേരളമാണ്. ഇവിടെയൊരു വീടാണ് ആഗ്രഹം. ആധാർ കാർഡുണ്ട്. റേഷൻ കാർഡില്ല. ഫലത്തിൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നും ആനുകൂല്യങ്ങളൊന്നും കിട്ടാത്ത അവസ്ഥയാണ്. ഇക്കാര്യമെല്ലാം തമിഴിൽ തന്നെ പ്രിയങ്കയോടു പറഞ്ഞു. തമിഴ് അറിയുന്ന സുരക്ഷാസേനാംഗം തങ്കമണി പറഞ്ഞ കാര്യമെല്ലാം പ്രിയങ്കയ്ക്കു ഹിന്ദിയിൽ പറഞ്ഞു കൊടുത്തു. തങ്കമണിയെ ചേർത്തു നിർത്തി ആശ്വസിപ്പിച്ച പ്രിയങ്ക വിവരങ്ങൾ ശേഖരിക്കാൻ കൂടെയുള്ളവരെ ചുമതലപ്പെടുത്തുകയും ചെയ്തു.