ഏവരും അംഗീകരിക്കുംവിധം കേരളത്തിൽ ബഹുമുഖ വികസനപ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. തന്റെ മണ്ഡലമായ കണ്ണൂരിലും നിരവധി വികസന പദ്ധതികൾ പുരോഗമിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനമാണ് കണ്ണൂർ ഐടി പാർക്ക്. കണ്ണൂർ വിമാനത്താവളത്തിനു സമീപം 25 ഏക്കറിൽ 5 ലക്ഷം ചതുരശ്ര അടിയിൽ 293.22 കോടി രൂപ ചെലവിലാണ് പാർക്ക് നിർമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ ഈ പശ്ചാത്തല സൗകര്യ വികസന പ്രവർത്തനങ്ങളുടെ നെടുംതൂൺ കിഫ്ബിയാണ്. കണ്ണൂരിൽ കിഫ്ബി ഫണ്ട് വിനിയോഗിച്ച് പ്രാവർത്തികമാക്കുന്ന പദ്ധതികളിൽ ഏറ്റവും വലുതാണ് ഐടി പാർക്കെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ കോർപറേഷന് 25 കോടി രൂപ അനുവദിച്ചു. ജില്ലാ ആശുപത്രിയുടെ ആധുനികവൽകരണത്തിന് കിഫ്ബി അനുവദിച്ചത് 75 കോടി. വിദ്യാഭ്യാസ അടിസ്ഥാനസൗകര്യ രംഗത്തും കണ്ണൂരിന്റെ മാറ്റം പ്രകടം.

ജിഎച്ച്എസ്എസ് മുണ്ടേരിക്ക് 3 കോടി, ടൗൺ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ഒരു കോടി, ജിബിഎച്ച്എസ് മാടിയിക്ക് ഒരു കോടി എന്നിങ്ങനെ വികസന പദ്ധതികൾക്കായി അനുവദിച്ചു. തോട്ടട ഗവ.ഹൈസ്കൂളിന് 5 കോടി, താന പോസ്റ്റ് മെട്രിക് ഹോസ്റ്റലിന് രണ്ട് കോടി എന്നിങ്ങനെയും നൽകി. എളയാവൂർ ഫ്ലൈഓവർ, സൗത്ത് ബസാറിൽ 138 കോടിയുടെ ഫ്ലൈഓവർ, മേലെചൊവ്വ ജംഗ്ഷനിൽ 38 കോടിയുടെ ഫ്ലൈഓവർ, സ്പിന്നിംഗ് റോഡിന് 27 കോടി എന്നിങ്ങനെ ജില്ലയിലെ റോഡുകളുടെയും പാലങ്ങളുടെയും വികസനത്തിന് മൊത്തം 500 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് കിഫ്ബിയുടെ പിന്തുണയോടെ സാക്ഷാത്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

English Summary:

KIIFB Funds Transformative Infrastructure Projects in Kannur District. Kannur IT Park: A ₹293 Crore Boost to Kerala’s IT Sector