
എന്റെ കേരളം പ്രദർശന വിപണന മേള: വിസ്മയ പ്രകടനങ്ങളുമായി ശ്വാനവീരന്മാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുതോണി ∙ സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വാഴത്തോപ്പ് ഗവ. വിഎച്ച്എസ്എസ് മൈതാനത്ത് സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണന മേളയിൽ കുറ്റാന്വേഷണ മികവുള്ള കെ 9 സ്ക്വാഡിലെ ശ്വാനവീരന്മാരുടെ പ്രകടനം വിസ്മയമായി.വയനാട് ദുരന്തത്തിൽ മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്തി കേരള പൊലീസിനെ സഹായിച്ച എയ്ഞ്ചൽ എന്ന പൊലീസ് നായ പ്രദർശനത്തിൽ താരമായി . ബൽജിയം മാലിനോയ്സ്, ലാബ്രഡോർ, ബീഗിൾ, ജർമൻ ഷെപ്പേഡ് എന്നിങ്ങനെ വിവിധ ഇനത്തിലുള്ള നായ്ക്കളാണ് കാണികൾക്ക് മുന്നിൽ അണിനിരക്കുക. കെ 9 സ്ക്വാഡിലെ കോ ഓർഡിനേറ്റിങ് ഓഫിസർ ജെറി ജോർജിന്റെ മേൽനോട്ടത്തിലാണ് പ്രദർശനം.
മേളയിൽ സിനിമയും
പഴയ കാല സിനിമകൾ തിയറ്റർ ആംബിയൻസിൽ ഒരു വട്ടം കൂടി ആസ്വദിക്കണോ? റീ മാസ്റ്റർ പതിപ്പ് പുറത്തിറങ്ങുന്നതു വരെ കാത്തിരിക്കേണ്ട. എന്റെ കേരളം പ്രദർശന വിപണന മേളയിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ മിനി തിയറ്റർ ഇവിടെ ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മുതൽ വൈകിട്ട് 9 വരെ പ്രദർശനം ഉണ്ട്. പ്രവേശനം സൗജന്യം. എൽഇഡി വാളിലാണ് പ്രദർശനം. കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ, ജോൺ ഏബ്രഹാമിന്റെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, ടി.വി.ചന്ദ്രൻ സംവിധാനം ചെയ്ത ആലീസിന്റെ അന്വേഷണം, പി.എ.ബക്കറിന്റെ കബനീ നദി ചുവന്നപ്പോൾ തുടങ്ങിയ ചലച്ചിത്രങ്ങൾ സിനിമ പ്രേമികൾക്കായി പ്രദർശിപ്പിക്കുന്നുണ്ട്. പ്രദർശനം നാളെ സമാപിക്കും.
കരിയർ ഗൈഡൻസ് ക്ലാസ് ഇന്ന്
ഇന്ന് 2നു മേളയിൽ വിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ് ക്ലാസ് നടക്കും. മുരിക്കാശേരി മാർ സ്ലീവ കോളജിലെ അസിസ്റ്റന്റ് പ്രഫസർ സെബാസ്റ്റ്യൻ മാത്യു, കരിയർ ഗൈഡൻസ് ജില്ലാ കോ–ഓർഡിനേറ്റർ ഫ്രാൻസിസ് സെബാസ്റ്റ്യൻ എന്നിവർ ക്ലാസ് നയിക്കും.