
വികസനം എന്നത് ബിജെപിക്ക് വാഗ്ദാനമല്ല, നടപ്പിലാക്കാനുള്ള ലക്ഷ്യം: രാജീവ് ചന്ദ്രശേഖർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ വികസനം എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം മറ്റു രാഷ്ട്രീയ പാർട്ടികളുടേതു പോലെ തിരഞ്ഞെടുപ്പു സമയത്ത് നൽകുന്ന വാഗ്ദാനം അല്ലെന്നും പ്രാവർത്തികമാക്കാനുള്ള ലക്ഷ്യവും ദൗത്യവുമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. പൂണിത്തുറ ശ്രീ പൂർണ ഓഡിറ്റോറിയത്തിൽ വികസിത കേരളം എറണാകുളം സിറ്റി ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘2004 മുതൽ 2014 വരെ കോൺഗ്രസ് നയിച്ച ഭരണം രാജ്യത്തെ ഏറ്റവും ദുർബലമായ സമ്പദ്വ്യസ്ഥ നിലനിൽക്കുന്ന 5 രാജ്യങ്ങളിൽ ഒന്നാക്കി മാറ്റി. വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി എന്നിവ സർവകാല റെക്കോർഡിലെത്തി. 2014 മുതൽ കഴിഞ്ഞ 11 വർഷമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി-എൻഡിഎ സഖ്യം രാജ്യം ഭരിക്കുന്നു. സാമ്പത്തികമായി ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി മാറുന്നു. ലോകത്തിലെ ഏറ്റവും വലിയ കമ്പനികൾ രാജ്യത്ത് കോടി കണക്കിന് രൂപയുടെ നിക്ഷേപം നടത്തുന്നു. ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ ലഭിക്കുന്നു. എല്ലാവർക്കും വേണ്ടി എല്ലാവരുടെയും വികസനം എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കുകയാണ് ബിജെപി സർക്കാർ ചെയ്തത്’– അദ്ദേഹം പറഞ്ഞു.
‘കേരളത്തിൽ കഴിഞ്ഞ 9 വർഷമായി പിണറായി സർക്കാർ ഭരിക്കുന്നു. കടമെടുക്കാതെ ഒരിഞ്ചുപോലും മുന്നോട്ടു പോകാൻ കഴിയാത്ത ദുരവസ്ഥയിലായി സംസ്ഥാനം. മുൻനിര ആരോഗ്യപ്രവർത്തകരായ ആശാ വർക്കർമാർക്ക് 100 രൂപയെങ്കിലും കൂട്ടി നൽകാനോ, സമയത്ത് സാമുഹ്യക്ഷേമ പെൻഷൻ നൽകാനോ, അടിസ്ഥാന സൗകര്യവികസനത്തിനായി ഒരു പൈസ പോലും ചെലവഴിക്കാനോ കഴിയാത്ത ദുർബലമായ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയതാണ് സിപിഎമ്മിന്റെ വികസനം. ബിജെപിയുടെ വികസനം ജനങ്ങളുടെ കഷ്ടപ്പാടിൽ നിന്നുള്ള വികസനമാണ്. യുവാക്കൾക്ക് പ്രതീക്ഷ നൽകുന്ന വികസനമാണ്. എല്ലാവർക്കും തൊഴിൽ ലഭിക്കാനുള്ള വികസനമാണ്. നിക്ഷേപം സമാഹരിക്കാനുള്ള വികസനമാണ്. കേരളത്തിലെ ജനങ്ങൾ മാറ്റത്തിനായി ആഗ്രഹിക്കുന്നു. അവരുടെ ആഗ്രഹം സഫലീകരിക്കാൻ ബിജെപി-എൻഡിഎ സഖ്യത്തിനു മാത്രമേ കഴിയൂ. അത് സഫലീകരിക്കുക തന്നെ ചെയ്യും’ – അദ്ദേഹം വ്യക്തമാക്കി.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്.ഷൈജു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്.രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.സുരേഷ്, സംസ്ഥാന വക്താക്കളായ കെ.വി.എസ്.ഹരിദാസ്, അഡ്വ. ടി.പി.സിന്ധുമോൾ, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ജില്ലാ ഇൻചാർജ് അശോകൻ കുളനട, യുവമോർച്ച ദേശീയ സെക്രട്ടറി ശ്യം രാജ്, സംസ്ഥാന സെൽ കൺവീനർ എ.അനൂപ്, ജില്ലാ ജന. സെക്രട്ടറിമാരായ അഡ്വ. എസ്.സജി, ശ്രീക്കുട്ടൻ തുണ്ടത്തിൽ, ഏരിയ പ്രസിഡന്റ് സാഖിൽ എന്നിവർ പ്രസംഗിച്ചു.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമാരായ അഡ്വ. രമാദേവി തോട്ടുങ്കൽ, എൻ.എൽ ജയിംസ്, ഷാലി വിനയൻ, കെ.കെ.വേലായുധൻ, കെ.എസ്.സുരേഷ് കുമാർ, ആർ.സജികുമാർ, എൻ.എം.രവി, അഡ്വ. പ്രിയ പ്രശാന്ത്, ജില്ലാ ജന. സെക്രട്ടറിമാരായ അഡ്വ. എം.എൻ. വേദരാജ്, പി.ജി.ബീനാകുമാരി, സി.കെ.ബിനുമോൻ, സൗഷ ലാലു, ശിവകുമാർ കമ്മത്ത്, ഡോ. ജലജ ആചാര്യ, ടി.പദ്മകുമാരി, ജില്ലാ ട്രഷറർ പ്രസ്റ്റി പ്രസന്നൻ, സംസ്ഥാന സമിതി അംഗങ്ങളായ പദ്മജ എസ്. മേനോൻ, സി.വി.സജിനി, സിജി രാജഗോപാൽ എന്നിവർ നേതൃത്വം നൽകി.