
കണ്ണൂര്‍: പത്ത് ദിവസത്തിനുള്ളിൽ നഷ്ടപ്പെട്ടതും കളവുപോയതുമായ 22 മൊബൈൽ ഫോണുകൾ കണ്ടെത്തി കണ്ണൂർ സിറ്റി സൈബർ സെൽ. നഷ്ടപ്പെട്ട മൊബൈൽ ഫോണുകളിൽ ട്രേസ് ചെയ്താണ് കണ്ടെത്തിയത്. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണ് 22 ഓളം ഫോണുകൾ ട്രേസ് ചെയ്തത്. ഫോൺ ലഭിച്ചവരിൽ നിന്നും നേരിട്ടും കൊറിയർ സർവീസ് വഴിയും പൊലീസ് സ്റ്റേഷൻ വഴിയുമാണ് വീണ്ടെടുത്തത്.
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിധിൻരാജ് പി ഐ സിഇഐആര്‍ പോര്‍ട്ടലിനെ കുറിച്ച് വിശദീകരിക്കുകയും വീണ്ടെടുത്ത ഫോണുകൾ കമ്മീഷണർ നേരിട്ട് ഉടമസ്ഥർക്ക് നൽകുകയും ചെയ്തു. സൈബർ സെൽ എഎസ്ഐ എം ശ്രീജിത്ത്, സിപിഒമാരായ ദിജിൻ രാജ് പി കെ, അജുൽ എൻ കെ എന്നിവർ ചേർന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ലഭിച്ച ഫോണുകൾ സൈബർ സെൽ ഉടമസ്ഥർക്ക് അൺബ്ലോക്ക് ചെയ്തു നൽകി. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ സൈബർ സെൽ 180 ഓളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരിച്ച് നൽകിയിട്ടുണ്ട്.
മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടാൽ സിം കാർഡ് ഡ്യൂപ്ലിക്കേറ്റ് എടുത്ത് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ശേഷം പരാതി റസീത് ഉപയോഗിച്ച് സിഇഐആർ പോർട്ടൽ വഴി റെജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഫോൺ ബ്ലോക്ക് ആവുകയും ബ്ലോക്ക് ആയ ഫോണിൽ ആരെങ്കിലും സിം കാർഡ് ഇടുകയാണെങ്കിൽ ഫോൺ ട്രേസ് ആവുകയും ചെയ്യും. ശേഷം ഫോൺ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]