
പഹൽഗാം ഭീകരാക്രമണം: ലഷ്കറെ തയിബ, പാക്കിസ്ഥാൻ സൈന്യം, ഐഎസ്ഐ എന്നിവയ്ക്ക് പങ്ക്: സ്ഥിരീകരിച്ച് എൻഐഎ റിപ്പോർട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ ലഷ്കറെ തയിബ, പാക്കിസ്ഥാൻ സൈന്യം, പാക്ക് ചാരസംഘടനയായ ഐഎസ്ഐ എന്നിവയുടെ പങ്ക് സ്ഥിരീകരിച്ച് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യുടെ പ്രാഥമിക റിപ്പോർട്ട്. നടത്താൻ ഭീകരർക്ക് സഹായങ്ങൾ ചെയ്തു നൽകുന്ന പ്രദേശവാസികളായ (ഓവർഗ്രൗണ്ട് വർക്കർ–ഒജിഡബ്ല്യു) 20 കശ്മീർ സ്വദേശികളെയും എൻഐഎ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ നിലവിൽ ചോദ്യം ചെയ്തു വരികയാണെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭീകരർക്ക് സഹായം ചെയ്തു നൽകിയവരിൽ പ്രധാനികളായ നിസാർ അഹമ്മദ് എന്ന ഹാജി, മുഷ്താഖ് ഹുസൈൻ എന്നിവരെ ചോദ്യം ചെയ്യാനും എൻഐഎ തയാറെടുക്കുകയാണ്. നിലവിൽ ഇവർ ജമ്മുവിലെ കോട് ഭൽവാൽ ജയിലിലാണുള്ളത്. ലഷ്കറെ തയിബയുടെ അനുയായികളായി അറിയപ്പെടുന്ന ഇവർ 2023ൽ ഭട്ട ധുരിയാനിലും ടോട്ടഗലിയിലും സൈനികവ്യൂഹത്തിനുനേരെ നടന്ന ആക്രമണങ്ങളിൽ ഭീകരരെ സഹായിച്ചെന്ന കുറ്റത്തിന് അറസ്റ്റിലായിട്ടുണ്ട്.
സൈന്യത്തിന്റെയും ഐഎസ്ഐയുടെയും പിന്തുണയുടെയും നിർദേശത്തിന്റെയും അടിസ്ഥാനത്തിലാണ് ലഷ്തറെ തയിബ പഹൽഗാം ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്നാണ് എൻഐഎയുടെ റിപ്പോർട്ടിലുള്ളത്. പ്രധാന പ്രതികളെന്ന് സംശയിക്കുന്ന സുലേമാൻ എന്നറിയപ്പെടുന്ന ഹാഷ്മി മൂസ, അലി ഭായ് എന്നറിയപ്പെടുന്ന തൽഹ ഭായ് എന്നിവർ പാക്കിസ്ഥാൻ പൗരന്മാരാണെന്നും അതിർത്തിക്കപ്പുറമുള്ള സഹായികളുമായി നിരന്തരം ആശയവിനിമയം പുലർത്തിയിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.
പഹൽഗാം ആക്രമണം നടക്കുന്നതിന് ആഴ്ചകൾക്കു മുൻപു തന്നെ ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിരുന്നു. ഭീകരർക്ക് സഹായം നൽകുന്ന ഓവർഗ്രൗണ്ട് വർക്കർമാരുടെ ശൃംഖലയാണ് ഇവർക്ക് താമസത്തിനും യാത്രയ്ക്കും സൈന്യത്തെ നിരീക്ഷിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കി നൽകിയത്. ഏപ്രിൽ 15 ഓടെ ഇവർ പഹൽഗാമിലെത്തുകയും ബൈസരൺ താഴ്വര, ആരു, ബേതാബ് താഴ്വര, പ്രദേശത്തുള്ള ഒരു അമ്യൂസ്മെന്റ് പാർക്ക് എന്നിങ്ങനെ ആക്രമണം നടത്താനുള്ള നാല് സ്ഥലങ്ങൾ നിരീക്ഷിക്കുകയും ചെയ്തു. തുടർന്നാണ് താരതമ്യേന സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം കുറവുള്ള ബൈസരൺ താഴ്വര ആക്രമണത്തിനായി തിരഞ്ഞെടുത്തത്.
ആക്രമണം നടന്ന സ്ഥലത്തുനിന്ന് 40 കാർട്ട്ഡ്രിജുകളും എൻഐഎ കണ്ടെടുത്തിട്ടുണ്ട്. ഇവ ബാലിസ്റ്റിക്, കെമിക്കൽ പരിശോധനകൾക്ക് അയച്ചു. പ്രദേശത്തിന്റെ ത്രീഡി ഭൂപടവും മൊബൈൽ ടവർ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. മേഖലയിൽ സാറ്റലൈറ്റ് ഫോണുകളുടെ ഉപയോഗം വർധിച്ചിട്ടുണ്ടെന്നും ബൈസരണിൽ മൂന്നു സാറ്റലൈറ്റ് ഫോണുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്താനായിട്ടുണ്ടെന്നും എൻഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 2,800ലേറെപ്പേരെയാണ് ഇതുവരെ ചോദ്യം ചെയ്തിട്ടുള്ളത്. 150ലേറെപ്പേർ കസ്റ്റഡിയിലുണ്ട്.