
കരിങ്കല്ല് പാകിയിട്ട് നാളുകൾ; ടാറിങ് നടത്താതെ തെരു-തളിയിലമ്പലം റോഡ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നീലേശ്വരം ∙ ‘ഉണക്കാനിട്ട കരിങ്കല്ല് ഉണങ്ങിയെങ്കിൽ ടാറിങ് പ്രവൃത്തി പൂർത്തീകരിച്ചു കൂടേ’ എന്നതാണു തെരു-തളിയിലമ്പലം റോഡ് വഴി യാത്ര ചെയ്യേണ്ടി വരുന്നവരുടെ തമാശ രൂപേണയുള്ള ചോദ്യം. ടാറിങ് പ്രവൃത്തിയുടെ ഭാഗമായി റോഡിൽ കരിങ്കല്ല് പാകിയിട്ട് ദിവസങ്ങളേറെയായി. ഓട്ടോക്കാർക്കും മറ്റു വാഹന യാത്രക്കാർക്കും എട്ടിന്റെ പണി കൊടുത്ത് നഗരഹൃദയത്തിലെ റോഡ് പണി തുടരുമ്പോൾ ടയർ കമ്പനിക്കാർക്ക് കോളാണ്. കൂർത്ത കരിങ്കല്ലിലൂടെ യാത്ര ചെയ്യേണ്ടി വരുന്നതിനാൽ പല വാഹനങ്ങളുടെയും ടയറുകൾക്ക് കേടുപാട് പറ്റിയിട്ടുണ്ട്.
ഒരാഴ്ചയിലധികമായി റോഡിന്റെ സ്ഥിതി ഇതാണ്. നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയേക്കാവുന്ന 5 കോടി രൂപയുടെ തെരു-തളിയിലമ്പലം റോഡ് പദ്ധതി രണ്ടു ഭാഗത്തും നടപ്പാതയോടു കൂടിയ ഓവുചാലും ഹാൻഡ് റെയിലും ഒക്കെയുള്ളതായിട്ടാണ് ഡിപിആറിൽ വിഭാവനം ചെയ്തിട്ടുള്ളത്. പക്ഷേ സ്ഥലം വിട്ടു നൽകാൻ പലരും തയാറായില്ല എന്ന കാരണം പറഞ്ഞ് ഒരു ഭാഗത്ത് മാത്രമാണ് നിലവിൽ ഓവുചാൽ പണിതിട്ടുള്ളത്. ഇത് സംബന്ധിച്ച് പ്രദേശവാസികൾ കലക്ടർക്കടക്കം പരാതി നൽകിയ വാർത്ത ഈയിടെ മനോരമ നൽകിയിരുന്നു.
വലിയ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതി ഡിപിആറിൽ വിഭാവനം ചെയ്തതു പോലെ പണിയാൻ പറ്റാത്തതിന്റെ ഉത്തരവാദിത്വം ആരുടെയായാലും നാടിന്റെ പൊതുവായ വികസന കാഴ്ചപ്പാടിന് വിരുദ്ധമാണെന്നാണ് പൊതുജനാഭിപ്രായം. തളിയിലമ്പലം റോഡിൽ എൽഐസി ഓഫിസിനു മുൻപിൽ നിർമാണത്തിലിരിക്കുന്ന കലുങ്കിനരികിലൂടെ ഏറെ പ്രയാസപ്പെട്ടാണ് വയോജനങ്ങളായ യാത്രക്കാരുൾപ്പെടെ നടന്നുപോവുന്നത്. നഗരത്തിന്റെ സുപ്രധാന നാഡീവ്യൂഹം എന്ന് തന്നെ പറയാവുന്ന ഈ റോഡിലെ നിർമാണം സംബന്ധിച്ച പരാതികൾ കൂടി ഗൗരവമായി കണക്കിലെടുത്തു എത്രയും വേഗം നിർമാണം പൂർത്തിയാക്കാനുള്ള നടപടികൾ ഉണ്ടാവണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.