
ഇന്ന് മുതൽ നിരവധി പ്രധാന സാമ്പത്തിക മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു. ഇത് ബാങ്കിങ്, യാത്ര, നികുതി തുടങ്ങിയ സേവനങ്ങളെ ബാധിക്കും. എടിഎം ഇടപാട് ഫീസ് വർധനവ് ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്. ഇത് സൗജന്യ പ്രതിമാസ പരിധിക്കപ്പുറം പണം പിൻവലിക്കുന്ന ഉപഭോക്താക്കളെ ബാധിക്കും. 11സംസ്ഥാനങ്ങളിലെ പ്രാദേശിക ഗ്രാമീണ ബാങ്കുകളെ ലയിപ്പിച്ചുകൊണ്ട് ഗ്രാമീണ ബാങ്കിങ് കാര്യക്ഷമമാക്കാനുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നുവെന്നുള്ളതാണ് ഈ മാസത്തിലെ മറ്റൊരു പ്രധാന മാറ്റം.
എ ടി എം
മെയ് 1 മുതൽ സൗജന്യ പരിധിക്ക് മുകളിലുള്ള എടിഎം പിൻവലിക്കലുകൾക്ക് കൂടുതൽ ചെലവ് വരും. ഓരോ ഇടപാടിനും ഫീസ് 21 രൂപയിൽ നിന്ന് 23 രൂപയായി വർദ്ധിപ്പിച്ചു. മെട്രോ ഉപയോക്താക്കൾക്ക് പ്രതിമാസം മൂന്ന് സൗജന്യ ഇടപാടുകൾ ലഭിക്കും. അതേസമയം മെട്രോ ഇതര പ്രദേശങ്ങളിലുള്ളവർക്ക് അഞ്ച് സൗജന്യ ഇടപാടുകൾ ലഭിക്കും. ഈ പരിധികൾ സാമ്പത്തിക, സാമ്പത്തികേതര എടിഎം പ്രവർത്തനങ്ങൾക്ക് ബാധകമാണ്.
വായ്പ തിരിച്ചടവ് കുറയും
ആർബിഐ റിപ്പോ നിരക്ക് കുറച്ചതിനെത്തുടർന്ന് വിവിധ ബാങ്കുകൾ ഭവനവായ്പ പലിശ നിരക്കുകൾ കുറയ്ക്കുന്നുണ്ട്. ഫ്ലോട്ടിങ് റേറ്റുള്ള വായ്പക്കാർക്ക് കുറഞ്ഞ ഇഎംഐകൾ കൊടുത്താൽ മതിയാകും. പുതിയ ഭവന വായ്പ എടുക്കുന്നവർക്ക് കുറഞ്ഞ പലിശയിൽ വായ്പ ലഭിക്കും.
ഐ ടി ആർ ഫോം
50 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള വ്യക്തികൾക്ക് 2025–26 വർഷത്തേക്കുള്ള റിട്ടേണുകൾ സമർപ്പിക്കാൻ വേണ്ട ഐടിആർ ഫോമുകൾ 1 ഉം 4 ഉം വിജ്ഞാപനം ചെയ്തിട്ടുണ്ട്. 1.25 ലക്ഷം രൂപ വരെ ദീർഘകാല മൂലധന നേട്ടമുള്ള നികുതിദായകർക്ക് ഇപ്പോൾ ഐടിആർ-2 ന് പകരം ലളിതമായ ഐടിആർ-1 ഫോം ഉപയോഗിക്കാം. ചെറുകിട നിക്ഷേപകർക്ക് ഇത് ഒരു വലിയ ആശ്വാസമാണ്.
ടിക്കറ്റ് ബുക്കിങ്
മെയ് 1 മുതൽ, വെയ്റ്റ്ലിസ്റ്റിലുള്ള യാത്രക്കാർക്ക് സ്ലീപ്പർ അല്ലെങ്കിൽ എസി കോച്ചുകളിൽ പ്രവേശനം ലഭിക്കില്ല. അവർ ജനറൽ ക്ലാസിൽ യാത്ര ചെയ്യേണ്ടി വരും. മുൻകൂർ ബുക്കിങ് കാലയളവ് 120 ൽ നിന്ന് 60 ദിവസമായി കുറച്ചു. ടിക്കറ്റ് റദ്ദാക്കൽ റീഫണ്ടുകൾ ഇപ്പോൾ വെറും രണ്ട് ദിവസത്തിനുള്ളിൽ പ്രോസസ് ചെയ്യുന്നുണ്ട്.
എൽ പി ജി വില
ഉജ്ജ്വല ഗുണഭോക്താക്കൾക്ക് എൽപിജി വില 50 രൂപ വർധിപ്പിച്ചു, ഇപ്പോൾ സിലിണ്ടറുകളുടെ വില 550 രൂപ ആണ്. ഉജ്ജ്വല ഇതര വിലകൾ യൂണിറ്റിന് 853 രൂപ ആയി ഉയർന്നു.
സ്ഥിര നിക്ഷേപം
ചില ബാങ്കുകൾ പുതിയ സ്ഥിര നിക്ഷേപ നിബന്ധനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആർബിഎൽ ബാങ്ക് ഇപ്പോൾ ത്രൈമാസ പലിശയ്ക്ക് പകരം പ്രതിമാസ പലിശ നൽകും. 7 ശതമാനം വരെയാണ് നിരക്കുകൾ. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധികവും വനിതാ നിക്ഷേപകർക്ക് 0.10 ശതമാനം അധികവും ലഭിക്കും.
ബാങ്കുകളുടെ ലയനം
ഒരു സംസ്ഥാനം, ഒരു ആർആർബി’ നയം നിലവിൽ വന്നു. 11 സംസ്ഥാനങ്ങളിലെ 15 പ്രാദേശിക ഗ്രാമീണ ബാങ്കുകളെ ലയിപ്പിച്ചു. ഈ നീക്കം മൊത്തം ആർആർബികളുടെ എണ്ണം 43 ൽ നിന്ന് 28 ആയി കുറച്ചു. ഇത് കാരണം ഉപഭോക്താക്കൾക്ക് ബാങ്ക് ഇടപാടുകൾ, ഐഎഫ്എസ് കോഡുകൾ, അക്കൗണ്ട് സർവീസുകൾ എന്നിവയിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നത് ശ്രദ്ധിക്കുക.