
കണ്ണുകൾക്ക് വിരുന്നൊരുക്കി, അണിഞ്ഞൊരുങ്ങി ചാലകം ബണ്ട്; കാണാൻ കാഴ്ചകൾ ഏറെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈക്കം ∙ ഉദയനാപുരം പഞ്ചായത്തിലെ ഇരുമ്പൂഴിക്കരൽ ചാലകം പാടശേഖരത്തിന്റെ പുറം ബണ്ടിൽഎത്തിയാൽ കാണാൻ കാഴ്ചകൾ ഏറെ. 89ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്ത് എത്തുന്നവർക്ക് കയർ ഭൂ വസ്ത്രം അണിയിച്ച് ഒരുക്കിയ പാട വരമ്പുകൾ വേറിട്ട കാഴ്ചയാണ്. വിശ്രമിക്കാൻ വരമ്പത്ത് മുളകൊണ്ട് തയാറാക്കിയ ചാരു ബെഞ്ചും ഊഞ്ഞാലും, ഏറു മാടവുമെല്ലാം ഒരുക്കിയിട്ടുണ്ട്. സായാഹ്നങ്ങളിൽ കുളിർകാറ്റ് ഏറ്റ് സൂര്യാസ്തമയ ദൃശ്യം കാണാൻ ഒട്ടേറെ ആളുകളാണ് ഇവിടേക്ക് എത്തുന്നത്. വർഷങ്ങൾക്കു മുൻപ് വലിയ ജനശ്രദ്ധ നേടി ഗ്രാമീണ ടൂറിസത്തിന്റെ ഭൂപടത്തിൽ ഉൾപ്പെട്ടെങ്കിലും പിന്നീട് പ്രദേശം കാടുകയറി ഇവിടേയ്ക്കുള്ള ജലാശയങ്ങൾ പോളയും പായലും വളർന്ന് നീരൊഴുക്ക് നിലച്ചതോടെ കാഴ്ചക്കാർ കുറഞ്ഞു.
എന്നാൽ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഗ്രാമം. പഞ്ചായത്തംഗം ജിനു ബാബുവിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് പാട വരമ്പുകൾ നയനമനോഹരമായി മാറ്റിയത്. ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ജലാശയങ്ങളിലെ പോളയും പായലും നീക്കം ചെയ്തു .വഞ്ചി സവാരി ഒരുക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി ജിനു ബാബു പറഞ്ഞു. ഉദയനാപുരത്തു നിന്നും ആറ്റുവേലക്കടവ് റോഡിലേക്ക് ഏകദേശം ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ചാലകം പാടശേഖരത്ത് എത്താം. തുറുവേലിക്കുന്നിൽ നിന്നും നാനാടം റോഡിൽ അര കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ ചാലകം പാടശേഖരത്ത് എത്താം.