
വിഴിഞ്ഞത്തേക്ക് പല വഴിയും തെളിയും; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കാൻ റോഡ്, റെയിൽ മാർഗങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത് റോഡ്, റെയിൽ മാർഗങ്ങളിലൂടെയാണ്.
റോഡ്: മുംബൈ പനവേൽ മുതൽ കന്യാകുമാരി വരെ നീളുന്ന ദേശീയപാത 66 ആണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനോട് ഏറ്റവും അടുത്തുള്ള പ്രധാന പാത. ദേശീയപാതയുമായി വിഴിഞ്ഞം തുറമുഖത്തെ ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡിന്റെ നിർമാണം പുരോഗമിക്കുകയാണ്. 1.7 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരിപ്പാത, പ്രധാനപാതയിലെ ഗതാഗതത്തെ ബാധിക്കാതെ നാലു വളയങ്ങൾ പരസ്പരം ചേരുന്നതു പോലെയുള്ള ക്ലോവർ ലീഫ് മാതൃകയിലെ നിർമാണത്തിലൂടെയാണ് ദേശീയപാതയുമായി ബന്ധിപ്പിക്കുന്നത്.
തുറമുഖത്തേക്കും തിരികെയുമുള്ള വാഹനങ്ങൾക്ക് തടസ്സമില്ലാതെ ദേശീയപാതയും കണക്ടിവിറ്റി റോഡും ഉപയോഗിക്കാനാകും. തിരുവനന്തപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് വിഴിഞ്ഞം തലക്കോട് ഭാഗത്ത് എത്തി ഇടതുവശത്തേക്കു തിരിഞ്ഞ് ദേശീയപാതയിൽ കയറാം. കന്യാകുമാരി ഭാഗത്തേക്കുള്ള വാഹനങ്ങൾക്കു സഞ്ചരിക്കാൻ അടിപ്പാതയും സജ്ജമാക്കും. ക്ലോവർ ലീഫ് മാതൃകയിലുള്ള ജംക്ഷൻ നിർമിക്കുന്നതു വരെ ദേശീയപാതയുടെ സർവീസ് റോഡിലേക്കാകും കണക്ടിവിറ്റി റോഡ് പ്രവേശിക്കുക.
വിഴിഞ്ഞം തുറമുഖത്തിലേക്കെത്തുന്ന വാഹനങ്ങൾക്ക് തിരുവനന്തപുരം നഗരത്തിലെ തിരക്കിൽ പ്രവേശിക്കാതെ നാവായിക്കുളം വരെ എത്താൻ നിർമിക്കുന്ന ഔട്ടർ റിങ് റോഡ് (എൻഎച്ച് 866) ഭൂമി ഏറ്റെടുക്കൽ ഘട്ടത്തിലാണ്. പബ്ലിക്– പ്രൈവറ്റ് പാർട്ണർഷിപ് അപ്രൈസൽ കമ്മിറ്റിയുടെ അനുമതി ലഭിച്ച ശേഷം റോഡിന്റെ ടെൻഡർ നടപടികളിലേക്കു ദേശീയപാത അതോറിറ്റി കടക്കും. ഔട്ടർ റിങ് റോഡ് കടന്നു പോകുന്ന പ്രദേശങ്ങളെ ചേർത്ത് വാണിജ്യ ഇടനാഴിയായി (ഔട്ടർ ഏരിയ വികസന ഇടനാഴി) രൂപപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
റെയിൽവേ: തിരുവനന്തപുരം – കന്യാകുമാരി റെയിൽപ്പാത ഇരട്ടിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. അതോടൊപ്പം ബാലരാമപുരം റെയിൽവേ സ്റ്റേഷനെ ക്രോസിങ് സ്റ്റേഷനായി വികസിപ്പിക്കുകയും ബാലരാമപുരം മുതൽ വിഴിഞ്ഞം വരെ ഭൂഗർഭ റെയിൽപ്പാത നിർമിക്കുകയും ചെയ്യും.
തറക്കല്ലിട്ടത് 2015ൽ
തിരുവനന്തപുരം ∙ 2015 ഡിസംബർ 5നു യുഡിഎഫ് സർക്കാരിന്റെ കാലത്തു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ട പദ്ധതിയുടെ ട്രയൽ പ്രവർത്തനം തുടങ്ങിയതു 2024 ജൂലൈ 11നാണ്. 2024 ഡിസംബർ 3ന് വാണിജ്യ പ്രവർത്തനമാരംഭിച്ചു. 8867 കോടി രൂപ ചെലവിട്ട ആദ്യഘട്ടമാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നത്. 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള തുറമുഖത്ത് ട്രയൽ റൺ ആരംഭിച്ചശേഷം ഇതുവരെ 5.93 ലക്ഷം കണ്ടെയ്നറുകൾ എത്തി. ഇന്നലെ വരെ എത്തിയത് 285 ചരക്കുകപ്പലുകൾ.