
മത്സ്യത്തൊഴിലാളികൾ പറയുന്നു, മറക്കരുത് ഞങ്ങളുടെ സ്വപ്നങ്ങളും: സർക്കാർ നൽകിയ ഉറപ്പുകളിൽ പാലിക്കപ്പെടാത്തത് ഒട്ടേറെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ തുറമുഖത്തു കപ്പലടുക്കുന്നത് സ്വപ്നം കണ്ടവരാണ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ. അത് നാടിനെയും വരും തലമുറകളെയും നല്ല നാളെയിലേക്കു നയിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. തുറമുഖം യാഥാർഥ്യമാകുമ്പോൾ മത്സ്യത്തൊഴിലാളികൾക്കു നൽകിയ ഉറപ്പുകൾ ഇനിയും പാലിക്കപ്പെടേണ്ടതുണ്ട്. വിഴിഞ്ഞം ഹാർബറിന്റെ സമ്പൂർണ നവീകരണം, മാസ്റ്റർ പ്ലാൻ അനുമതി, തീരത്തിന്റെ പുനഃസ്ഥാപനം, ലാൻഡിങ് സെന്ററുകൾ, സുരക്ഷിതമായ ഹാർബർ മൗത്ത്, പുലിമുട്ട് നിർമാണം ,അനുബന്ധ തൊഴിലുകൾ തുടങ്ങിയവയും യാഥാർഥ്യമായിട്ടില്ല.
വിഴിഞ്ഞം പദ്ധതി ജീവനോപാധി നഷ്ടപരിഹാരത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി സംസ്ഥാന സർക്കാർ 9.57 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി ഇതുവരെ നഷ്ടപരിഹാരം ലഭിക്കാതിരുന്ന മത്സ്യത്തൊഴിലാളികൾക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. ഇത് എത്രയും വേഗം അർഹർക്ക് ലഭിക്കണമെന്നാണ് ആവശ്യം. ചെറുവള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾക്ക് 2.01 കോടി രൂപയുമാണ് അനുവദിച്ചത്. വനിതകൾക്ക് ഉൾപ്പെടെ കരമടി തൊഴിലാളികൾക്ക് സഹായമെത്തിച്ചതായും മത്സ്യബന്ധന വകുപ്പ് പറയുന്നു. പുനരധിവാസ സഹായ പ്രവർത്തനങ്ങളിൽ എല്ലാവർക്കും നീതി ലഭ്യമായെന്ന് ഉറപ്പാക്കണമെന്നാണ് സംഘടനകളുടെയും ആവശ്യം.
വിഴിഞ്ഞം ഫിഷിങ് ഹാർബർ നവീകരണത്തിനായി 72 കോടിയുടെ പദ്ധതിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി മാസ്റ്റർ പ്ലാനിന് അനുമതി കിട്ടിയാൽ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാകും. വിഴിഞ്ഞം തുറമുഖത്തിനും പഴയ ഹാർബറിനും ഇടയിലുള്ള 300 മീറ്റർ സ്ഥലത്താണ് ഹാർബർ നിർമാണത്തിന് സ്ഥലം കണ്ടെത്തിയത്. കാലവർഷക്കാലത്ത് മത്സ്യബന്ധന തുറമുഖത്തെ ശക്തമായ തിരയടി തടയാൻ നടപടി വേണമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു. ഹാർബർ മൗത്ത് വഴി വള്ളങ്ങൾക്ക് അകത്തു കയറാനാകണം. മുതലപ്പൊഴിയിലേതു പോലെ ഹാർബർ മൗത്തിൽ അടിഞ്ഞിട്ടുള്ള മണൽ നീക്കം ചെയ്യണമെന്നും ആവശ്യമുണ്ട്.