
തിരുവനന്തപുരം: സർവീസിൽ നിന്ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അർത്ഥപൂർണമായി തൻ്റെ സർവീസ് കാലഘട്ടത്തെ മാറ്റാൻ ശാരദാ മുരളീധരന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളെ പല മേഖലകളിൽ നിന്നും മാറ്റിനിർത്താനുള്ള വ്യഗത കാണിക്കുന്ന സമൂഹത്തിൽ, സ്ത്രീകൾ പുരുഷന്മാർക്ക് ഒപ്പമാണെന്നും മുന്നിലാണെന്നും തെളിയിച്ചാണ് ശാരദ വിരമിക്കുന്നത്. സാമൂഹികമായ ദോഷങ്ങളെ പുറത്തു കൊണ്ടുവരാൻ ധൈര്യം കാണിച്ചെന്ന് പറഞ്ഞും വിരമിക്കുന്ന ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി പുകഴ്ത്തി.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഓരോ ഘട്ടത്തിലും വളരെ സൂക്ഷ്മമായി നീങ്ങിയെന്നും ശാരദാ മുരളീധരൻ്റെ സേവനം ഓർത്ത് മുഖ്യമന്ത്രി പറഞ്ഞു. കുടുംബശ്രീയിലൂടെയുള്ള സ്ത്രീ ശാക്തീകരണം പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്. ഏറ്റവും മികച്ച ഉദ്യോഗസ്ഥരുടെ നിരയിലാണ് ശാരദ. സ്ത്രീകളെ മാറ്റി നിർത്താനുള്ള നീക്കം നടക്കുന്ന സമൂഹമാണ്. അതിന് മാറ്റം വരുത്താനുള്ള ശ്രമങ്ങൾ ചീഫ് സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടായി. സാമൂഹിക അസമത്വതത്തിനെതിരെ പോരാടേണ്ടത് തങ്ങളല്ലെന്ന് ചിന്തിക്കുന്നവർ ഉണ്ടായിരുന്നു. അവർക്കിടയിൽ വ്യത്യസ്തയാണ് ശാരദ മുരളീധരൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചെന്നും ഉദ്യോഗസ്ഥ തലത്തിൽ മാത്രമല്ല ആക്ടിവിസ്റ്റ് എന്ന നിലയിലും ശാരദ മുരളീധരൻ ശ്രദ്ധേയയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചാരിതാർത്ഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്നായിരുന്നു ശാരദയുടെ പ്രതികരണം. ഭാഗ്യം ചെയ്ത വ്യക്തിയാണ് താൻ. ഒന്നോ രണ്ടോ ഇടങ്ങൾ ഒഴികെ ബാക്കിയെല്ലാം ഇഷ്ടപ്പെട്ട പോസ്റ്റുകളായിരുന്നു. കേരളത്തിൽ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ മറ്റു സ്ഥലങ്ങളിൽ കാണാത്ത സ്ഥിതിയാണ്. ലാവോസിൽ പോയപ്പോൾ കേരളത്തെ ലോകം എങ്ങനെയാണ് നോക്കി കാണുന്നത് എന്ന് അറിയാൻ സാധിച്ചു. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. എല്ലാവരും ഒരുമിച്ച് നിന്ന് ജോലി ചെയ്യുന്ന ഒരു സിവിൽ സർവീസ് കേഡർ കേരളം അല്ലാതെ വേറെ ഇല്ലെന്നും ഇവിടെ ജോലി ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമെന്നും ശാരദ മുരളീധരൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]