
സർക്കാരിന്റെ നാലാം വാർഷികം; ‘എന്റെ കേരളം’ പ്രദർശന വിപണന മേളയ്ക്ക് ചെറുതോണിയിൽ തുടക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുതോണി ∙ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം – 2025 പ്രദർശന വിപണന മേളയ്ക്ക് വർണാഭമായ ഘോഷയാത്രയോടെ തുടക്കം. രാവിലെ 9.30ന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ആരംഭിച്ച വിളംബര ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീർണാകുന്നേൽ ഫ്ലാഗ് ഓഫ് ചെയ്തു. ത്രിതല പഞ്ചായത്തുകളുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച വിളംബര ഘോഷയാത്രയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടേറെപ്പേർ അണിനിരന്നു.
ചെണ്ടമേളം, ബാൻഡ് മേളം, നാസിക് ഡോൾ തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. മന്നാൻ കൂത്ത്, മയിലാട്ടം, തെയ്യം തുടങ്ങിയ തനത് കലാരൂപങ്ങൾ, വിവിധ വകുപ്പുകൾ അവതരിപ്പിച്ച നൃത്ത ആവിഷ്കാരങ്ങൾ, കരാട്ടെ എന്നിവ വിളംബര ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. ത്രിതല പഞ്ചായത്തുകളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ വർണക്കുടകളുമായി അണിനിരന്ന വനിതകൾ ഘോഷയാത്രയെ വർണാഭമാക്കി.
ശുചിത്വ കേരളം, സുന്ദര കേരളം എന്ന ആശയം പങ്കുവച്ച് ഹരിത വസ്ത്രങ്ങൾ അണിഞ്ഞ് ഹരിതകർമ സേനാംഗങ്ങളും വിളംബര ജാഥയിൽ അണിചേർന്നു. ഓരോ വകുപ്പുകളുടെയും ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള വിവിധ വകുപ്പുകളുടെ പോസ്റ്ററുകളും ജാഥയിൽ ശ്രദ്ധേയമായി. എസ്പിസി കെഡറ്റ്, കുടുംബശ്രീ മിഷൻ, ടൂറിസം പ്രമോഷൻ കൗൺസിൽ, ഭൂരേഖ – സർവേ വകുപ്പ്, കൃഷി വകുപ്പ്, ഫിഷറീസ് വകുപ്പ്, സഹകരണ വകുപ്പ്, പട്ടികവർഗ വികസന വകുപ്പ്,
ജലവിഭവ വകുപ്പ്, എക്സൈസ് വകുപ്പ്, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ഉപഭോക്തൃ വകുപ്പ്, റവന്യു – ദുരിത നിവാരണ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളും വിളംബര ഘോഷയാത്രയിൽ അണിചേർന്നു. മന്ത്രി റോഷി അഗസ്റ്റിൻ, എ.രാജാ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീർണാകുന്നേൽ, കലക്ടർ വി.വിഘ്നേശ്വരി, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി.വർഗീസ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ,
ജില്ലാ പഞ്ചായത്തംഗം കെ.ജി.സത്യൻ, എഡിഎം ഷൈജു പി.ജേക്കബ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ വിളംബര ഘോഷയാത്രയ്ക്കു നേതൃത്വം നൽകി. ഘോഷയാത്ര മേളനഗരിയിൽ എത്തിയതോടെ മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി. തുടർന്നു നടന്ന പൊതുസമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു.