
മണർകാട് പള്ളിയിൽ ഓർമപ്പെരുന്നാളിന് കൊടിയേറി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മണർകാട് ∙ മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന് കൊടിയേറി. ഇന്നലെ രണ്ടിനു വെള്ളൂർ കരിയിൽ ഏബ്രഹാം മാണിയുടെ പുരയിടത്തിൽനിന്നു കത്തീഡ്രലിലേക്കു നടന്ന കൊടിമര ഘോഷയാത്രയോടെയാണ് കൊടിയേറ്റ ചടങ്ങുകൾ ആരംഭിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയ്ക്കു വിവിധ സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ലഭിച്ചു.
മണർകാട് പള്ളിക്കവലയിൽ എത്തിച്ച കൊടിമരം വിശ്വാസികൾ കൈകളിലേന്തി ദേവാലയത്തിന് പടിഞ്ഞാറുവശത്തേക്കു എത്തിച്ചു. ഫാ.കുറിയാക്കോസ് കാലായിൽ, ഫാ.ജെ മാത്യു മണവത്ത്, ഫാ.എം.ഐ. തോമസ് മറ്റത്തിൽ, ഫാ.ഗീവർഗീസ് നടുമുറിയിൽ, ഫാ.കുര്യൻ മാത്യു വടക്കേപറമ്പിൽ, ഫാ.സനോജ് കരോട്ടെക്കുറ്റ്, ഫാ. ലിറ്റു തണ്ടാശേരിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രാർഥനകൾക്ക് ശേഷം കൊടിമരം ഉയർത്തി. മേയ് നാലിന് രാവിലെ 7.30ന് പ്രഭാതപ്രാർഥന, മൂന്നിന്മേൽ കുർബാന, വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥന എന്നിവ നടക്കും. ആറിന് ഭക്തസംഘടനകളുടെ കലാപരിപാടികൾ നടക്കും.
തുടർന്നു തോമസ് മാർ തിമോത്തിയോസിന്റെ അധ്യക്ഷതയിൽ മന്ത്രി റോഷി അഗസ്റ്റിൻ സൺഡേസ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. സീനിയർ സിറ്റിസൻ പവർ ലിഫ്റ്റിങ്ങിൽ സ്വർണ മെഡൽ നേടിയ കത്തീഡ്രൽ സഹവികാരി ഫാ. ജെ. മാത്യു മണവത്തിനെ ഫ്രാൻസിസ് ജോർജ് എംപി ആദരിക്കും. മാധ്യമ അവാർഡും ജില്ലാ കലക്ടർ ജോൺ വി.സാമുവൽ വിതരണം ചെയ്യും. മാത്യൂസ് മാർ അന്തീമോസ് അനുഗ്രഹപ്രഭാഷണം നടത്തും. സൺഡേസ്കൂൾ ശതാബ്ദിയുടെ ലോഗോ പ്രകാശനവും നിർവഹിക്കും.
അഞ്ചിന് രാവിലെ 6.30ന് പ്രഭാതപ്രാർഥന, ഏഴിന് കുർബാന. വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥന – യാക്കോബ് മോർ അന്തോണിയോസ്. ആറിന് ഇടവകയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ കലാപരിപാടികൾ. രാത്രി ഒൻപതിന് പ്രദക്ഷിണം ആശീർവാദം. തുടർന്ന് മാർഗംകളി, പരിചമുട്ടുകളി. പെരുന്നാൾ ദിനമായ മേയ് ആറിന് രാവിലെ 7.30ന് പ്രഭാത പ്രാർഥന, മൂന്നിന്മേൽ കുർബാന – യാക്കോബ് മാർ അന്തോണിയോസ്. 11.30ന് വെച്ചൂട്ട്, ഉച്ചകഴിഞ്ഞ് രണ്ടിന് പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ്.