
ആദ്യം ചെയ്യേണ്ടത് മറക്കരുതേ, ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം; പട്ടി കടിയേറ്റാൽ ചെയ്യേണ്ട കാര്യങ്ങൾ..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്/ മലപ്പുറം ∙ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടും മലപ്പുറം പെരുവള്ളൂരിലെ 6 വയസ്സുകാരി പേവിഷബാധയേറ്റു മരിക്കാൻ കാരണം തലയിലേറ്റ ഗുരുതര മുറിവും പ്രഥമ ശുശ്രൂഷ വൈകിയതുമാകാമെന്നു മെഡിക്കൽ കോളജ് അധികൃതർ. കുട്ടിയുടെ തലയിൽ മാത്രം ആഴത്തിലുള്ള 3 മുറിവുകളുണ്ടായിരുന്നു. ശരീരത്തിലെ മറ്റു ഭാഗങ്ങളിൽ 17 മുറിവുകളും. എന്നാൽ പ്രഥമ ശുശ്രൂഷയുടെ ഭാഗമായി ഇവ കഴുകിയത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ്. ചികിത്സ തുടങ്ങുന്നതിനു മുൻപു തന്നെ കുഞ്ഞിന്റെ നാഡീവ്യൂഹങ്ങളിലൂടെ വൈറസ് പടർന്നിരിക്കാമെന്നാണു നിഗമനം.
ആന്റി ബോഡി ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങുന്നതിനു മുൻപു തന്നെ വൈറസ് തലച്ചോറിലെത്തുകയും പേവിഷ ബാധ ഏൽക്കുകയും ചെയ്തിരിക്കാമെന്നും ഡോക്ടർമാർ പറഞ്ഞു.പേവിഷ സാധ്യതയുള്ള മൃഗങ്ങൾ കടിച്ചാൽ എത്ര ആഴത്തിലുള്ള മുറിവാണെങ്കിലും പരിഭ്രാന്തരാകാതെ ഉടൻ പ്രഥമ ശുശ്രൂഷ നൽകാൻ ഒപ്പമുള്ളവർ ശ്രദ്ധിക്കണമെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ.രേണുക പറഞ്ഞു. സോപ്പോ മറ്റോ ഉപയോഗിച്ച് 15 മിനിറ്റെങ്കിലും ഒഴുകുന്ന വെള്ളത്തിൽ കഴുകിയാണു പ്രഥമശുശ്രൂഷ നൽകേണ്ടത്.
വലിയ മുറിവാണെങ്കിൽ അതു കഴുകാൻ ശ്രമിക്കാതെ നേരെ ആശുപത്രിയിലേക്ക് എത്തിക്കുന്നത് ചിലപ്പോൾ വിപരീത ഫലം ചെയ്യുമെന്നും അവർ പറഞ്ഞു. പ്രോട്ടോക്കോൾ അനുസരിച്ച് സാധ്യമായ എല്ലാ ചികിത്സയും കുട്ടിക്കു നൽകിയിരുന്നെന്നും ചികിത്സയിൽ വീഴ്ച പറ്റിയിട്ടില്ലെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.ജി.സജിത് കുമാർ, ആശുപത്രി സൂപ്രണ്ട് എം.പി.ശ്രീജയൻ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എ.അസ്മ, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. എം.വിജയകുമാർ എന്നിവർ പറഞ്ഞു.
ആ 3 മണിക്കൂർ
കോഴിക്കോട് ∙ നിർണായകമായ 3 മണിക്കൂറുകൾ. തെരുവുനായയുടെ കടിയേറ്റ സിയ ഫാരിസിന്റെ ജീവൻ നഷ്ടമായതിൽ ആ 3 മണിക്കൂറുകൾക്കു വലിയ പ്രാധാന്യമുണ്ട്. ഗുരുതരമായ മുറിവുകളുമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്നു കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള 33 കിലോമീറ്റർ സഞ്ചരിച്ചു ശാസ്ത്രീയ ചികിത്സ ആരംഭിച്ചപ്പോഴേക്കു കുഞ്ഞിന്റെ ശരീരത്തിൽ വൈറസ് വ്യാപിച്ചെന്നാണ് ഇപ്പോൾ ഡോക്ടർമാരുടെ നിഗമനം.
∙ മാർച്ച് 29. ഉച്ചയ്ക്ക് 2.30– വീടിനടുത്തുള്ള കടയിൽ പോയപ്പോൾ റോഡരികിൽ സിയ ഫാരിസ് തെരുവുനായ ആക്രമണത്തിന് ഇരയായി. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച 17 വയസ്സുകാരനടക്കം 5 പേർക്കും കടിയേറ്റു.
∙ 3.15– തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മുറിവുകൾ കഴുകി (20 മുറിവുകൾ) ഐഡിആർവി ഒന്നാം ഡോസ് നൽകി. ഇമ്യൂണോ ഗ്ലോബുലിൻ നൽകാൻ ഡോക്ടർമാർ നിർദേശിച്ചു.
∙ വൈകിട്ട് 5.00– കോഴിക്കോട് മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം പ്രിവന്റീവ് ക്ലിനിക്ക് അത്യാഹിത വിഭാഗത്തിൽ സിയ ഫാരിസിനെ പ്രവേശിപ്പിച്ചു. പ്രഥമ ശുശ്രൂഷ വീണ്ടും നൽകി. മുറിവുകൾക്കു ചുറ്റും ഇമ്യൂണോ ഗ്ലോബുലിൻ കുത്തിവയ്പ് എടുത്തു.
∙ ഗുരുതരമായ മുറിവുകളായതിനാൽ തുടർചികിത്സയ്ക്കായി പീഡിയാട്രിക് സർജറി വിഭാഗത്തിലേക്കു മാറ്റി. മുറിവുകൾക്കു ചികിത്സ നൽകി.
∙ കടിച്ച തെരുവുനായയെ വൈകിട്ട് 6നു ചത്ത നിലയിൽ കണ്ടെത്തി.
∙ 29നു രാത്രി തന്നെ ചികിത്സയ്ക്കു ശേഷം സിയ ഫാരിസ് വീട്ടിലേക്കു മടങ്ങി. 24 മണിക്കൂർ വിശ്രമം നിർദേശിച്ചു.
∙ ഏപ്രിൽ 01: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഐഡിആർവി വാക്സീൻ രണ്ടാം ഡോസ് എടുത്തു
∙ഏപ്രിൽ 5: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്ന് ഐഡിആർവി വാക്സീൻ മൂന്നാം ഡോസ് എടുത്തു.
∙ ഏപ്രിൽ 23: ശക്തമായ പനിയോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
∙ ഏപ്രിൽ 25: പേവിഷബാധയുടെ ലക്ഷണങ്ങളുമായി വീണ്ടും മെഡിക്കൽ കോളജ് പീഡിയാട്രിക് വിഭാഗത്തിന്റെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രക്ത–ഉമിനീർ സാംപിളുകൾ പരിശോധനയ്ക്കയച്ചു.
∙ ഏപ്രിൽ 26: ഐഡിആർവിയുടെ ഒരു ഡോസ് കൂടി ചികിത്സയിലിരിക്കെ എടുത്തു. പേവിഷബാധ സ്ഥിരീകരിച്ചു.
∙ ഏപ്രിൽ 29 : പീഡിയാട്രിക് വിഭാഗത്തിന്റെ ഐസലേഷൻ യൂണിറ്റിൽ ചികിത്സയിലിരിക്കെ കുഞ്ഞ് മരിച്ചു.
ആദ്യം ചെയ്യേണ്ടത് മറക്കരുതേ; ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം
കോഴിക്കോട് ∙ വാക്സീൻ എടുത്തിട്ടും പെൺകുട്ടിയുടെ മരണമുണ്ടായത് ദൗർഭാഗ്യകരമെന്നു ഡോക്ടർമാർ പറയുന്നുണ്ടെങ്കിലും പ്രഥമ ശുശ്രൂഷ സംബന്ധിച്ച അജ്ഞതയും നിർണായക മണിക്കൂറിൽ ചികിത്സ വൈകിയതും പ്രധാന കാരണമായി. ആശുപത്രിയിൽ എത്തുന്നതു പോലെ തന്നെ പ്രധാനമാണ് ആദ്യ മിനിറ്റുകളിലെ പ്രഥമ ശുശ്രൂഷയും. മുറിവിന്റെ ആഴവും ഗൗരവവും കാണുമ്പോൾ പലരും പ്രഥമ ശുശ്രൂഷ മറന്നു ആശുപത്രിയിലേക്ക് ഓടുന്നതു ശരിയായ രീതിയല്ലെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
പട്ടി കടിയേറ്റാൽ ചെയ്യേണ്ട കാര്യങ്ങൾ
∙ എത്ര വലിയ മുറിവാണെങ്കിലും പരിഭ്രമിക്കരുത്. കടിയേറ്റ ഉടൻ 15 മിനിറ്റ് മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.
∙ കടിയേറ്റ ഭാഗം മുഴുവൻ ഒഴുകുന്ന വെള്ളത്തിലോ വെള്ളം ശക്തമായി ഒഴിച്ചോ സോപ്പ് ഉപയോഗിച്ച് പതപ്പിച്ച് തന്നെ കഴുകണം. ഇതുവഴി മുറിവിൽ അടങ്ങിയ 70% വൈറസുകളെയും നിർവീര്യമാക്കാം. കഴുകിയില്ലെങ്കിൽ വാക്സീൻ എടുത്താലും ഫലപ്രാപ്തി ഉണ്ടാകണമെന്നില്ല.
∙ പരുക്കേറ്റയാളുടെ മുറിവ് നേരിട്ടു സ്പർശിക്കുന്നതിനു പകരം കയ്യുറ ഉപയോഗിച്ചാൽ കൂടുതൽ നല്ലത്. വീടുകളിലും സ്കൂളുകളിലും ഒരു സെറ്റ് കയ്യുറ എപ്പോഴും സൂക്ഷിക്കുക. കഴുകുന്നയാൾക്ക് കൈയിൽ മുറിവുകളില്ലെന്ന് ഉറപ്പു വരുത്തുക
∙ കടിയേറ്റ ഭാഗത്ത് ഉപ്പ്, മഞ്ഞൾ എന്നിവ തേക്കരുത്.
∙ വലിയ മുറിവൊന്നും ഇല്ല, വാക്സീൻ പിന്നീട് എടുക്കാം എന്നു വിചാരിക്കരുത്. എത്രയും പെട്ടെന്ന് വാക്സീൻ എടുക്കുക. ഡോക്ടർ നിർദേശിക്കുന്ന ദിവസങ്ങളിൽ തന്നെ പ്രതിരോധ കുത്തിവയ്പുകൾ നിർബന്ധമായും എടുക്കുക.
∙ തല, മൂക്ക്, മുഖം, കഴുത്ത്, വിരൽതുമ്പുകൾ, ചെവി തുടങ്ങിയ സ്ഥലങ്ങളിലാണ് കടിയേൽക്കുന്നതെങ്കിൽ വൈറസ് തലച്ചോറിൽ പെട്ടെന്ന് എത്തും. തലയോടു ചേർന്നുള്ള മുറിവാണെങ്കിൽ വാക്സീൻ പ്രവർത്തിക്കുന്നതിനു മുൻപു തന്നെ വൈറസ് ബാധയുണ്ടായേക്കാം. അതിനാൽ വാക്സീൻ എടുക്കുന്ന സമയം നിർണായകമാണ്.
ജില്ലയിൽ ആശുപത്രികൾ സജ്ജം
കോഴിക്കോട്∙ ജില്ലയിൽ 56 സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും ഐഡിആർവി കുത്തിവയ്പും 11 സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും ഇമ്യൂണോഗ്ലോബുലിൻ കുത്തിവയ്പും ലഭ്യമാണ്. സർക്കാർ ആശുപത്രികളിൽ സൗജന്യമായും സ്വകാര്യ ആശുപത്രികളിൽ ഐഡിആർവി 600 രൂപ നിരക്കിലും ഇമ്യൂണോ ഗ്ലോബുലിൻ 800–850 രൂപ നിരക്കിലും ലഭിക്കും. രണ്ടു വർഷത്തിനിടെ സംസ്ഥാനത്തെ മറ്റു ജില്ലകളിൽ പേവിഷബാധയേറ്റ് മരണങ്ങളുണ്ടായെങ്കിലും കോഴിക്കോട് ജില്ലയിൽ നിന്നുള്ളവർ ഇത്തരത്തിൽ മരണപ്പെട്ടതായി റിപ്പോർട്ടില്ല.
മറ്റു ജില്ലയിൽ നിന്നുള്ളവർ കോഴിക്കോട് മെഡിക്കൽ കോളജിലെത്തി ചികിത്സയ്ക്കിടെ മരിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. ജനങ്ങൾക്കിടയിലും താഴെ തട്ടിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലും നൽകിയ ബോധവൽക്കരണമാണ് പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കുന്നത്. ആരോഗ്യവകുപ്പ് ജീവനക്കാർക്ക് പേവിഷബാധ സംബന്ധിച്ചു തുടർപരിശീലനം നൽകുന്നുണ്ട്. എല്ലാ ആശുപത്രികളിലും പ്രഥമ ശുശ്രൂഷയുടെ ഭാഗമായി മുറിവ് കഴുകാനുള്ള സംവിധാനം ഉറപ്പുവരുത്തുകയും ഐഡിആർവി വാക്സീൻ, ഇമ്യൂണോഗ്ലോബുലിൻ എന്നിവയുടെ ലഭ്യതയും ഗുണനിലവാരവും ഉറപ്പു വരുത്തുന്നുമുണ്ട്.
ഐഡിആർവി ലഭ്യമായ സർക്കാർ ആശുപത്രികൾ –56
സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ ( സിഎച്ച്സി), ബീച്ച് ആശുപത്രി, വടകര ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജ്, ഫാമിലി ഹെൽത്ത് സെന്ററുകൾ, അർബൻ ഫാമിലി െഹൽത്ത് സെന്ററുകൾ , അർബൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ(യുപിഎച്ച്സി, 7 താലൂക്ക് ആശുപത്രികൾ
ഇമ്യൂണോ ഗ്ലോബുലിൻ ലഭ്യമായ സർക്കാർ ആശുപത്രികൾ–11
ബീച്ച് ആശുപത്രി, വടകര ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജ്, കല്ലുനിര യുഎഫ്എച്ച്സി, ബാലുശ്ശേരി, കൊയിലാണ്ടി, പേരാമ്പ്ര, ഫറോക്ക്, താമരശ്ശേരി, കുറ്റ്യാടി, നാദാപുരം താലൂക്ക് ആശുപത്രികൾ