
കല്യാണസംഘത്തിനു നേരെ ആക്രമണം; കടന്നുകളഞ്ഞ പ്രതിക്കായി തിരച്ചിൽ ഊർജിതം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊടുവള്ളി∙ വെണ്ണക്കാട് കല്യാണസംഘത്തിന്റെ ബസിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ, കടന്നുകളഞ്ഞ പ്രതി തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി കിടുക്ക് അമലിനായി (25) തിരച്ചിൽ ഊർജിതമാക്കി കൊടുവള്ളി പൊലീസ്. മടവൂർ മുക്കിൽ വച്ച് പ്രതികളായ ആട് ഷമീർ, കൊളവയൽ അസീസ് എന്നിവരെ കീഴ്പ്പെടുത്തുന്നതിനിടെ ഓടിപ്പോയ പ്രതിയാണ് അമൽ. തിരുവനന്തപുരം ജില്ലയിൽ വിവിധ കേസുകളിൽ പ്രതിയാണ് ഇയാൾ. കേസിൽ അറസ്റ്റിലായ ആട് ഷമീർ, കൊളവയൽ അസീസ്, അമീൻ അജ്മൽ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കി ഇന്നലെ പുലർച്ചെ മൂന്നോടെ താമരശ്ശേരി മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
മൂന്ന് പ്രതികളെയും അടുത്തദിവസം ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് കൊടുവള്ളി പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബർ 24ന് ഈസ്റ്റ് കിഴക്കോത്ത് സ്വദേശി മുഹമ്മദ് സാലിയെ വെട്ടി പരുക്കേൽപിച്ച സംഭവത്തിൽ കൊടുവള്ളി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ മുഖ്യ പ്രതിയായ ആട് ഷമീറിനെ ഈ കേസിലും ചോദ്യം ചെയ്യും. ഈ കേസിനു പുറമേ വാവാട് സ്വദേശിയെ വധിക്കാൻ ശ്രമിച്ച കേസും കഴിഞ്ഞ ദിവസമുണ്ടായ അതിക്രമങ്ങളിൽ റജിസ്റ്റർ ചെയ്ത രണ്ട് കേസും ഉൾപ്പെടെ 4 കേസുകളാണ് ആട് ഷമീറിനെതിരെ കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ തന്നെ റജിസ്റ്റർ ചെയ്തിട്ടുളളത്.
വെണ്ണക്കാട് സംഭവത്തിന് മുൻപ് ആട് ഷമീറും കൂട്ടരും മുഹമ്മദ് സാലിയെ ഭീഷണിപ്പെടുത്തി സന്ദേശം അയച്ചതായും സൂചനയുണ്ട്. ഇതിന്റെ ഭാഗമായാണോ ക്വട്ടേഷൻ സംഘം കഴിഞ്ഞ ദിവസം കൊടുവള്ളിയിൽ എത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പന്നിപ്പടക്കം, ഇരുമ്പുവടി അടക്കമുള്ള സന്നാഹങ്ങളുമായി സംഘം സഞ്ചരിച്ചത് മറ്റേതെങ്കിലും ക്വട്ടേഷന്റെ ഭാഗമായാണോ എന്ന സംശയവുമുണ്ട്.