മോന്സണ് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയാക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു. മുൻകൂർ ജാമ്യഹർജി ഫയലിൽ സ്വീകരിച്ച കോടതി, ഹർജി പരിഗണിക്കുന്നത് 21 ലേക്ക് മാറ്റി. അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി.
സുധാകരനെ അറസ്റ്റ് ചെയ്യുമോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അത് ചോദ്യം ചെയ്യലിന് ശേഷം സാഹചര്യമനുസരിച്ച് തീരുമാനിക്കുമെന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് മറുപടി നല്‍കിയത്. തുടര്‍ന്നാണ് സുധാകരന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി താല്കാലികമായി അറസ്റ്റ് തടഞ്ഞത്. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി എതിർ കക്ഷികൾക്ക് നോട്ടീസയക്കാനും ഉത്തരവിട്ടു.
സുധാകരനെതിരെ വഞ്ചനാക്കുറ്റം ചുമത്തി എറണാകുളം എ സി ജെ എം കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കുകയും ജൂണ്‍ 14ന് കളമശ്ശേരി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ചിന്റെ നോട്ടീസ് ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹര്‍ജി നല്‍കിയത്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളും യോഗങ്ങളും മറ്റുമുള്ളതിനാല്‍ ബുധനാഴ്ച ഹാജരാകാനാകില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നും വ്യക്തമാക്കി ക്രൈംബ്രാഞ്ചിന് കത്ത് നല്‍കിയതായും ഹരജിയില്‍ പറഞ്ഞിട്ടുണ്ട്.
സി ആര് പി സി 41 എ വകുപ്പുപ്രകാരമാണ് കെ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്. 2021 സെപ്റ്റംബര്‍ 23നാണ് പുരാവസ്തു തട്ടിപ്പ് കേസെടുത്തത്. എഫ് ഐ ആറില്‍ തനിക്കെതിരെ ആരോപണങ്ങളുണ്ടാകാതിരുന്നിട്ടും കേസില്‍ പങ്കുണ്ടെന്ന സംശയത്തിന്റെ പേരില്‍ 19 മാസത്തിന് ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു.
The post മോന്സണ് മാവുങ്കല്‍ കേസ്: കെ സുധാകരന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]