
കോട്ടയം– കുമളി ‘ചെയിൻ പൊട്ടി’; ബാക്കിയുള്ള സർവീസുകളിൽ കുത്തിനിറച്ച് രാത്രിയിൽ അപകടയാത്ര
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കറുകച്ചാൽ ∙ യാത്രക്കാരെ ദുരിതത്തിലാക്കി കോട്ടയം– കുമളി ‘ചെയിൻ പൊട്ടി’. ഒരു വർഷം മുൻപ് 12 ബസുകളുമായി പുനരാരംഭിച്ച കോട്ടയം– കുമളി ചെയിൻ സർവീസാണു ഇല്ലാതായത്. കോവിഡ് കാലത്തിനു മുൻപ് യാത്രക്കാർ ഏറെ ആശ്രയിച്ചിരുന്ന ചെയിൻ സർവീസ് കഴിഞ്ഞ ഫെബ്രുവരിയിലാണു വീണ്ടും തുടങ്ങിയത്. കോട്ടയം ഡിപ്പോയുടെ ആറും കുമളിയുടെ ആറും ബസുകളാണു ഓടിയിരുന്നത്. എന്നാൽ, ബസുകളുടെ കാലപ്പഴക്കവും സ്റ്റാഫിന്റെ കുറവും മൂലം ഈ സർവീസുകൾ പലതും മുടങ്ങി. കുമളി ഡിപ്പോയുടെ ബസുകൾ ഇപ്പോൾ മറ്റു റൂട്ടുകളിലാണ് ഓടുന്നത്. കോട്ടയം ഡിപ്പോയുടെ ബസുകളും കൃത്യമായി ഓടുന്നില്ല.
രാത്രിയാത്ര ദുരിതം
രാത്രിയിലാണു യാത്രാദുരിതം ഏറെ. തിരുവല്ല – മധുര (രാത്രി 9.30), തിരുവനന്തപുരം – നെടുങ്കണ്ടം (10.30), എറണാകുളം – മധുര (11.00), തിരുവനന്തപുരം – കുമളി (12.45) സർവീസുകളാണ് കോട്ടയം ഡിപ്പോ വഴി രാത്രി കെകെ റോഡ് വഴി കടന്നു പോകുന്നത്. എല്ലാ സർവീസുകളും കോട്ടയത്ത് എത്തുമ്പോൾ തന്നെ നിറഞ്ഞിരിക്കും. രാത്രി കുത്തിനിറച്ച് ബസുകൾ കടന്നു പോകുന്നത് വളവും തിരിവും ഏറെയുള്ള റൂട്ടിൽ അപകട സാധ്യതയും വരുത്തിവയ്ക്കുന്നു.
ഡ്യൂട്ടി വെട്ടിക്കുറച്ചു
കോട്ടയം – കുമളി സർവീസിലെ ജീവനക്കാർക്ക് മുൻപ് 3 ഡ്യൂട്ടിയാണു നൽകിയിരുന്നത്. പിന്നീട് ഇത് രണ്ടും ഒന്നരയുമായി കുറച്ചതോടെ ജീവനക്കാർ പോകാൻ താൽപര്യപ്പെടുന്നില്ല. സ്വിഫ്റ്റ് ബസിലെ ജീവനക്കാർ സ്ഥിരമായി ജോലിക്ക് വരാതിരിക്കുന്നതിനാൽ പകരം ജീവനക്കാരായ ബദലി ജീവനക്കാരെ നിയോഗിച്ചാണു സ്വിഫ്റ്റ് ബസുകൾ സർവീസ് നടത്തുന്നത്. ഇക്കാരണത്താൽ ബദലി ജീവനക്കാരെ കെഎസ്ആർടിസിയുടെ സാധാരണ സർവീസ് നടത്താൻ കിട്ടുന്നില്ല. 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ബസുകൾ ഓടിക്കുമ്പോൾ ബ്രേക്ക് ഡൗൺ പതിവാണെന്നും ഇത് ഹൈറേഞ്ച് സർവീസുകളെ ബാധിക്കുന്നതായും ജീവനക്കാർ പറയുന്നു.
4 സർവീസുകൾ കൂടി നിർത്തും
കെകെ റോഡിലെ യാത്രക്കാർക്ക് തിരിച്ചടിയായി കോട്ടയം ഡിപ്പോയിൽ നിന്നുള്ള 3 ബസുകൾ കൂടി കെഎസ്ആർടിസി ഇന്നുമുതൽ (29) വെട്ടി. രാവിലെ 6.45നുള്ള കോട്ടയം–കമ്പം, 7.45, 8.25 എന്നീ സമയങ്ങളിലെ കോട്ടയം– നെടുങ്കണ്ടം ബസുകളാണ് ഓടാത്തത്. കലക്ഷൻ കുറവാണെന്നു ചൂണ്ടിക്കാട്ടിയാണു സർവീസ് അവസാനിപ്പിക്കുന്നത്. ഇതിനൊപ്പം കോട്ടയം– പാണത്തൂർ സർവീസും ഓടിക്കുന്നില്ല.