
‘ബില്ലടയ്ക്കാനുള്ള തുക ഇല്ലാത്തതു കൊണ്ടാണു മടങ്ങിയത്’; ‘നിധി’ തേടി മാതാപിതാക്കൾ കൊച്ചിയിലെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ‘നിധി’ തേടി ജാർഖണ്ഡിൽ നിന്ന് അവരെത്തി. ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച നവജാത ശിശുവിന്റെ മാതാപിതാക്കളായ ജാർഖണ്ഡ് സ്വദേശികൾ ഇന്നലെ കൊച്ചിയിലെത്തി. ജാർഖണ്ഡ് പൊലീസിന്റെ സഹായത്തോടെയാണു കേരള പൊലീസ് ഇവരെ കണ്ടെത്തിയതും ട്രെയിൻ മാർഗം കൊച്ചിയിലെത്തിച്ചതും. കോട്ടയത്തെ ഫിഷ് ഫാമിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശികളായ മംഗളേശ്വർ– രഞ്ജിത ദമ്പതികൾക്കു ജനുവരി 29നാണ് എറണാകുളം ജനറൽ ആശുപത്രിയിൽ പെൺകുഞ്ഞ് പിറന്നത്. പൂർണ വളർച്ചയെത്താത്ത കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
പിന്നീട് കുഞ്ഞിനെ ഉപേക്ഷിച്ച് അച്ഛനും അമ്മയും ജാർഖണ്ഡിലേക്കു മടങ്ങുകയായിരുന്നു.ഒറ്റയ്ക്കായ കുഞ്ഞിനെക്കുറിച്ചുള്ള ‘മനോരമ’ വാർത്തയെ തുടർന്നു സർക്കാർ അവളെ ഏറ്റെടുക്കുകയും നിധിയെന്നു പേരിടുകയും ചെയ്തു.ഒന്നര മാസത്തിലേറെ നീണ്ട ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്ത നിധി ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. നോർത്ത് പൊലീസ് റജിസ്റ്റർ ചെയ്ത കേസന്വേഷണത്തിലാണു ജാർഖണ്ഡിലെ ലോഹർദഗായിൽ താമസിക്കുന്ന ദമ്പതികളെ കണ്ടെത്തിയത്. ജാർഖണ്ഡിൽ നിന്നു വിഡിയോ കോളിൽ കുഞ്ഞിനെ കണ്ട ദമ്പതികൾ പൊലീസ് നിർദേശ പ്രകാരം ഇന്നലെ കൊച്ചിയിലെത്തി. ഇരുവരെയും നോർത്ത് പൊലീസ് ചോദ്യം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ നോർത്ത് എസ്ഐ പി.പി. റെജിയുടെ നേതൃത്വത്തിൽ എറണാകുളം ജനറൽ ആശുപത്രിയിലും കുഞ്ഞ് ചികിത്സയിലിരുന്ന സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു തെളിവെടുത്തു.
ആശുപത്രി ജീവനക്കാർ ദമ്പതികളെ തിരിച്ചറിഞ്ഞു. കുഞ്ഞ് ജീവനോടെയില്ലെന്നാണു കരുതിയതെന്നും ആശുപത്രി ബില്ലടയ്ക്കാനുള്ള തുക കൈവശമില്ലാത്തതു കൊണ്ടാണു നാട്ടിലേക്കു മടങ്ങിയതെന്നുമാണു ദമ്പതികൾ പറയുന്നത്. കുഞ്ഞിനെ ബോധപൂർവം ഉപേക്ഷിച്ചതല്ലെന്നാണു പൊലീസിന്റെയും നിഗമനം. കേസിൽ അന്വേഷണം തുടരുമെങ്കിലും ദമ്പതികളെ നോട്ടിസ് നൽകി തൽക്കാലം വിട്ടയയ്ക്കും. കുഞ്ഞിനെ ഏറ്റെടുക്കാനുള്ള സന്നദ്ധത ദമ്പതികൾ പ്രകടിപ്പിച്ചിട്ടുണ്ട്. പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് കൂടി പരിഗണിച്ചാണു ശിശുക്ഷേമ സമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. മാതാപിതാക്കൾക്കു കുഞ്ഞിനെ സംരക്ഷിക്കാനുള്ള ശേഷിയുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും.