
സർക്കാർ പരിപാടികളിലെ നിറസാന്നിധ്യം; കഞ്ചാവിൽ കുരുങ്ങി ഒരു ‘സെലിബ്രിറ്റി’ കൂടി, മിന്നുന്നതെല്ലാം പൊന്നല്ലെന്ന് തെളിയിച്ച് വേടൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ റാപ്പർ സംഗീത പരിപാടിക്ക് ആരാധകരേറെ. ബുധനാഴ്ച ഇടുക്കിയിലെ സർക്കാരിന്റെ വാർഷികാഘോഷത്തിൽ നിന്ന് വേടനെ ഒഴിവാക്കിയെങ്കിലും പരിപാടികളിലെ നിറസാന്നിധ്യമായിരുന്നു ഇയാൾ. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ നിശാഗന്ധിയിൽ നടന്ന സഹകരണ എക്സ്പോയിലും വേടന്റെ സംഗീത പരിപാടി ഉണ്ടായിരുന്നു. ഈ പരിപാടിക്ക് നിശാഗന്ധി ഓപ്പൺ എയർ ഓഡിറ്റോറിയത്തിനും ഉൾക്കൊള്ളാനാകാത്ത അത്രയും യുവാക്കളാണ് ഒഴുകിയെത്തിയത്.
തിയറ്ററുകളിൽ നിറഞ്ഞോടുന്ന ‘ആലപ്പുഴ ജിംഖാന’ എന്ന ചിത്രത്തിന്റെ സംവിധായകൻ ഖാലിദ് റഹ്മാൻ കേസിൽ പിടിയിലായതിനു പിന്നാലെയാണ് കേരളത്തിന്റെ യുവത്വത്തിനെ കാർന്നുതിന്നുന്ന ലഹരി കേസിൽ മറ്റൊരു ‘സെലിബ്രിറ്റി’ കൂടി അറസ്റ്റിലാകുന്നത്. അടുത്തിടെ നടന്ന സ്റ്റേജ് ഷോകൾക്കിടെ രാസലഹരിക്കെതിരെ വേടൻ സംസാരിച്ചതും അറസ്റ്റിനോടൊപ്പം ചർച്ചയാകുന്നുണ്ട്.
വേടന്റെ പരിപാടി കാണാൻ നിശാഗന്ധിയിൽ തടിച്ചുകൂടിയ യുവാക്കൾ അന്ന് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ പാകിയിരുന്ന ഓട് വരെ തകർത്തിരുന്നു. ഓടിനു മുകളിൽ കയറി പരിപാടി കാണാൻ ശ്രമിച്ചതാണ് ഇതിനുകാരണമായത്. വേദിയിലെ പല കസേരകളും തള്ളിക്കയറ്റത്തിൽ തകർന്നു. ഓടിനു മുകളിൽ കയറി നിന്നവരോട് മുകളിൽനിന്ന് ഇറങ്ങണമെന്ന് പരിപാടി നിർത്തിവച്ചാണ് വേടൻ ആവശ്യപ്പെട്ടത്.
നിശാഗന്ധി ഓഡിറ്റോറിയം മറയ്ക്കാൻ ഉപയോഗിച്ചിരുന്ന തകര ഷീറ്റുകൾ പൊളിക്കാനുള്ള ശ്രമവും വേടന്റെ ആരാധകർ നടത്തിയിരുന്നു. ഇതിനിടെ പലരും താഴെ വീണു. കുട്ടികളുടെ നിർബന്ധത്തിനു വഴങ്ങി വേടനെ കാണാൻ അവിടെയെത്തി പെട്ടുപോയ മുതിർന്നവരും ഉണ്ടായിരുന്നു. ഉൾക്കൊള്ളാവുന്നതിൽ അധികം ആൾക്കാരെ ഓഡിറ്റോറിയത്തിലേക്കു കയറ്റിയതിനും യാതൊരു മുന്നൊരുക്കം നടത്താത്തതിലും സർക്കാരും അന്ന് പഴികേട്ടിരുന്നു.