
ആൾക്കൂട്ട മർദന കൊലപാതകം: ആൾക്കൂട്ടം കണ്ടു, ആക്രമണമാണെന്ന് അറിയാതെ അതിഥിത്തൊഴിലാളികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ താമരശ്ശേരിയിൽ മർദനത്തിൽ വിദ്യാർഥി മരിച്ച് 2 മാസം തികയുമ്പോൾ വീണ്ടും ജില്ലയിൽ നടന്ന ആൾക്കൂട്ട മർദന കൊലപാതകം ഞെട്ടിക്കുന്നത്! ഇന്നലെ പുലർച്ചെ മായനാടിനടുത്ത് പാലക്കോട്ടുവയലിൽ അമ്പലക്കണ്ടി കിഴക്കെയിൽ എ.കെ.സൂരജ് (21) മരിച്ചതും ആൾക്കൂട്ട മർദനത്തിലാണ്. പ്രതികളെ പൊലീസ് മണിക്കൂറുകൾ കൊണ്ടു പിടികൂടി. എല്ലാവരും 21 വയസ്സിൽ താഴെ പ്രായമുള്ളവർ. കുടുംബത്തിന്റെ പ്രതീക്ഷയായ കുട്ടികൾ ക്രിമിനൽ കേസിൽ ഉൾപ്പെടുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു.
പാലക്കോട്ടുവയലിൽ ഉത്സവ സ്ഥലത്തുണ്ടായ വാക്കുതർക്കം അക്രമത്തിലേക്ക് എത്തുകയായിരുന്നു. പ്രദേശത്തെ കലാപരിപാടി കാണാൻ പോയ സൂരജിനെ പ്രശ്നം ഒത്തു തീർപ്പാക്കാൻ വിളിച്ചുവരുത്തുകയായിരുന്നു. സുഹൃത്തിനെ മർദിച്ചത് ചോദ്യം ചെയ്തപ്പോഴാണ് കൂട്ടം ചേർന്നു സൂരജിനെ മർദിച്ചത്. രാത്രി 11.30നും 12.30നും ഇടയിലാണ് ആൾക്കൂട്ട മർദനം നടന്നത്. പിന്നീട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും 2 മണിയോടെ മരിച്ചു. അസിസ്റ്റന്റ് കമ്മിഷണർ എ.ഉമേഷിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി.കെ.ജിജീഷ്, ചേവായൂർ ഇൻസ്പെക്ടർ എസ്.സജീവ്, എസിപി സ്പെഷൽ സ്ക്വാഡ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
സംഭവ സ്ഥലത്തു നിന്നു ലഭിച്ച വിവരവും സുഹൃത്തുക്കളുടെയും ദൃക്സാക്ഷികളുടെയും അക്രമത്തിൽ ഉൾപ്പെട്ടവരുടെയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലുമാണ് പ്രതികളെ കുറിച്ചു സൂചന ലഭിച്ചത്. പ്രതികളെന്നു സംശയിക്കുന്ന 4 പേരെ രാവിലെ 6.30ന് ആദ്യം പിടികൂടി. ചോദ്യം ചെയ്ത ശേഷമാണ് മറ്റ് 6 പേരെ കൂടി കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോ എന്നും അക്രമത്തിനു പിന്നിൽ മറ്റു വൈരാഗ്യം ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രകോപിതരായ ചിലർ പ്രതികളുടെ വീടിനു നേരെ കല്ലേറു നടത്തി. സ്ഥലത്തു ചേവായൂർ, മെഡിക്കൽ കോളജ് പൊലീസിന്റെ നേതൃത്വത്തിൽ കാവൽ ഏർപ്പെടുത്തിയിരുന്നു.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം 2.15ന് ബന്ധുക്കൾക്കു വിട്ടു കൊടുത്തു. മൃതദേഹം സൂരജിന്റെ തറവാട് വീടായ പെരയാട്ടിൽ അമ്പലക്കണ്ടിയിൽ എത്തിച്ചു. പിന്നീട് താമസ സ്ഥലമായ കിഴക്കേയിൽ കൊണ്ടുപോയി. വൈകിട്ട് പുതിയപാലം ശ്മശാനത്തിൽ സംസ്കരിച്ചു. കേസിലെ പ്രതി മനോജിനെ ജില്ലാ ജയിലിലേക്കും മറ്റ് 8 പേരെ എറണാകുളം കാക്കനാട് ദുർഗുണ പരിഹാര പാഠശാലയിലേക്കും മാറ്റി. പ്രായപൂർത്തിയാകാത്ത ഒരാളെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി.
നാട്ടുകാർ ഇരിങ്ങാടൻപള്ളി – മായനാട് മിനി ബൈപാസ് ഉപരോധിച്ചു
ചേവായൂർ∙ ആൾക്കൂട്ട അക്രമം കണ്ടിട്ടും നിർവികാരരായി നോക്കി നിൽക്കുകയായിരുന്നു സമീപത്തെ അതിഥിത്തൊഴിലാളികൾ. ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്ക് ശേഷം ആദ്യം ഇരുപതോളം ചെറുപ്പക്കാർ കെട്ടിടത്തിനു താഴെ ഒത്തുകൂടി. പിന്നീട് ബഹളമായി. എന്നാൽ, സമീപ പ്രദേശത്ത് ഉത്സവം നടക്കുന്നതുമായി ബന്ധപ്പെട്ടാണ് ബഹളം എന്നാണു കരുതിയതെന്ന് സൂരജിന് മർദനമേറ്റ സ്ഥലത്തെ ഓറിയോൺ സ്ഥാപനത്തിലെ ജീവനക്കാർ പറഞ്ഞു. സമീപത്തെ ഇരുനില കെട്ടിടത്തിലെ മുകൾ നിലയിൽ താമസക്കാരാണിവർ.
ബഹളം കേട്ടു താഴേക്ക് നോക്കിയപ്പോഴാണ് ആൾക്കൂട്ടം കണ്ടത്. ഇരുട്ടായതിനാൽ വ്യക്തമായില്ല. ആദ്യം റോഡിൽ തടിച്ചു കൂടിയവർ പിന്നീട് ഗോഡൗൺ ഗേറ്റിന് അരികിലേക്ക് എത്തി. പിന്നീട് പ്രശ്നം കഴിഞ്ഞു എല്ലാവരും തിരിച്ചു പോയപ്പോൾ തങ്ങളും ഉറങ്ങിയെന്നു ജീവനക്കാർ പറഞ്ഞു. ആൾക്കൂട്ട അക്രമത്തിൽ പ്രദേശത്തുകാരൻ മരിച്ചതറിഞ്ഞ് നാട്ടുകാർ ഇരിങ്ങാടൻപള്ളി – മായനാട് മിനി ബൈപാസ് ഉപരോധിച്ചു. പ്രതികളെ ഉടനെ പിടികൂടണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ചേവായൂർ പൊലീസ് എത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഇതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.