
കനത്ത മഴയിൽ കുണ്ടറയിൽ പരക്കെ നാശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുണ്ടറ∙ കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലും കാറ്റിലും പ്രദേശത്ത് പരക്കെ നാശം. ഒട്ടേറെ ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണ് വീടുകളും വൈദ്യുതത്തൂണുകളും തകർന്നു. പലയിടത്തും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. കുണ്ടറ സെക്ഷനിൽ വിവിധ ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണും മരച്ചില്ലകൾ ഒടിഞ്ഞു വീണും മാമൂട്, കുമ്പളം, വെള്ളിമൺ, വ്ളാവേത്ത് ഭാഗങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലായി. 20 പോസ്റ്റുകൾ തകർന്നു. ഇന്ന് ഉച്ചയോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിയൂ എന്ന് അസി. എൻജിനീയർ അറിയിച്ചു.
കിഴക്കേ കല്ലട വൈദ്യുതി സെക്ഷനിൽ 11 പോസ്റ്റുകൾ ഒടിഞ്ഞു. മുളവന ഇഎസ്ഐക്ക് സമീപം, പള്ളിക്കമുക്ക്, പാലാന്തിവിള, പൊട്ടിമുക്ക്, പേരയം ചിറ, മുട്ടം, രണ്ട് റോഡ്, കൈതക്കോട്, ഉപ്പൂട്, കുന്നുതറ, പെരുങ്ങാലം, ഓണമ്പലം, കൈലാത്തുമുക്ക്, മാർത്താണ്ഡപുരം ഭാഗങ്ങളിൽ വൈദ്യുതി വിതരണം തകരാറിലായി. മുട്ടം ഭാഗത്ത് 5 പോസ്റ്റുകൾ ഒടിഞ്ഞു. മുട്ടം, പെരുങ്ങാലം ഭാഗങ്ങളിൽ ഇന്ന് വൈകിട്ടോടെ മാത്രമേ തകരാർ പരിഹരിക്കാനാകൂ.
പെരുമ്പുഴ സെക്ഷനിലെ രണ്ട് പോസ്റ്റുകൾ ഒടിഞ്ഞു. മാമ്പുഴ, കേരളപുരം ഐജി മില്ല്, പുനുക്കന്നൂർ പമ്പ് ഹൗസ്, കരീപ്ര, കുരീപ്പള്ളി, കുഴിമതിക്കാട്, വിളയിൽക്കട ഭാഗങ്ങളിൽ മരങ്ങളും മരച്ചില്ലകളും ഒടിഞ്ഞുവീണ് വിതരണ കമ്പികളും സർവീസ് വയറുകളും പൊട്ടി വൈദ്യുതി വിതരണം തകരാറിലായി.
ചീരൻക്കാവ്, കുണ്ടറ ഏഴാംകുറ്റി, മുക്കട എന്നിവിടങ്ങളിൽ മരം കൊല്ലം – തിരുമംഗലം ദേശീയപാതയിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ചീരൻകാവ് ജംക്ഷന് സമീപം റെയിൽവേ പുറമ്പോക്കിൽ നിന്നിരുന്ന മരം കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു റോഡിലേക്കു വീഴുകയായിരുന്നു. കുണ്ടറ അഗ്നി രക്ഷാസേന എത്തി മരം മുറിച്ചുമാറ്റി. കുണ്ടറ ഏഴാംകുറ്റി ജംക്ഷന് സമീപം മരം ഒടിഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടു. സമീപത്തെ ഹോട്ടൽ ഉടമയുടെ നേതൃത്വത്തിൽ നാട്ടുകാർ മരം മുറിച്ചുമാറ്റി. മുക്കട ജംക്ഷന് സമീപം നിന്നിരുന്ന ബദാം മരം ഒടിഞ്ഞു വീണ് ചുവട്ടിൽ നിർത്തിയിട്ടിരുന്ന 2 ബൈക്കുകൾ തകർന്നു. അഗ്നി രക്ഷാസേന എത്തിയാണ് മരം മുറിച്ചുമാറ്റിയത്.
പെരിനാട് പഞ്ചായത്ത് വെള്ളിമൺ ചേറ്റുകടവ്, കിഴക്കേ കല്ലട മുട്ടം കടത്തുകടവ് എന്നിവിടങ്ങളിൽ കൂറ്റൻ മരങ്ങൾ കടപുഴകി വീണ് 2 വീടുകൾ തകർന്നു. വെള്ളിമൺ ചേറ്റുകടവ് ഷീബാ ഭവനിൽ സജീവിന്റെ വീടിനു മുകളിലേക്ക് സമീപത്തെ പറമ്പിൽ നിന്ന പാഴ്മരം കടപുഴകി വീഴുകയായിരുന്നു. മരത്തിന്റെ ചില്ല സമീപത്ത് നിന്ന തേക്ക് മരത്തിൽ ഇടിച്ചതോടെ അതും ഒടിഞ്ഞ് വീടിന് മുകളിൽ വീണു.
വീട്ടിൽ ഉണ്ടായിരുന്ന സജീവ്, ഭാര്യ ഷീബ എന്നിവർക്ക് ഓടുകൾ തലയിൽ വീണ് പരുക്കുണ്ട്. മേൽക്കൂര തകരുകയും മരക്കൊമ്പ് കുടുങ്ങി വാതിൽ അടയുകയും ചെയ്തതോടെ ഇരുവരും വീട്ടിനകത്തു കുടുങ്ങി. ഏറെനേരം പണിപ്പെട്ട് വാതിൽ തകർത്താണ് ഇവർ പുറത്തു കടന്നത്. മരങ്ങൾ മുറിച്ച് മാറുന്നതിന് പെരിനാട് പഞ്ചായത്തിൽ പരാതി നൽകിയിട്ട് ഒരു വർഷമായെങ്കിലും നടപടി ഉണ്ടായില്ലെന്ന് ഇവർ പറയുന്നു.
കിഴക്കേ കല്ലട മുട്ടം ബെൻസി വിലാസത്തിൽ ബെന്നച്ചന്റെ വീടിന് മുകളിലേക്ക് സമീപ പറമ്പിലെ ആഞ്ഞിലി മരം വീണ് വീടും കന്നുകാലി ഷെഡും തകർന്നു. ബെന്നച്ചനും ഭാര്യ ടാൻസിയുമായിരുന്നു ഇവിടെ താമസം. അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റാൻ പഞ്ചായത്തിലും കലക്ടർക്കും ബെന്നച്ചൻ പരാതി നൽകിയതിനെ തുടർന്ന് രണ്ട് മരങ്ങൾ മുറിച്ച് മാറ്റിയിരുന്നു. അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുറിച്ചു മാറ്റിയില്ല.