
വല്ലടിയെ വിറപ്പിച്ച് വീണ്ടും ഒറ്റയാന്റെ പരാക്രമം: കർഷകകുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഞ്ചിക്കോട് ∙ വല്ലടിയെ വിറപ്പിച്ചു വീണ്ടും ഒറ്റയാന്റെ പരാക്രമം. എവിപി റോഡിലും പരിസരത്തുമായി നിലയുറപ്പിച്ച ഒറ്റയാൻ വ്യാപകമായി കൃഷി നശിപ്പിച്ചു. വീടിനു മുന്നിൽ നിന്ന ഒറ്റയാനിൽ നിന്നു തലനാരിഴയ്ക്കാണ് കർഷകനും കുടുംബവും രക്ഷപ്പെട്ടത്. വല്ലടിയിൽ ശ്രീധരന്റെ വീടിനു മുന്നിലാണ് അരമണിക്കൂറോളം ആന നിന്നത്. വീടിനു ചുറ്റും നടന്ന് കൃഷി നശിപ്പിച്ചു. തെങ്ങും വാഴയും മാവും പച്ചക്കറിക്കൃഷിയും വ്യാപകമായി നശിപ്പിച്ചു. ആക്രമണകാരിയായ പിടി–14 എന്ന ഒറ്റയാനാണ് ജനവാസ മേഖലയിലെത്തിയത്.
പുലർച്ചെ ആറരയോടെയാണു സംഭവം. വീട്ടുമുറ്റത്തായിരുന്ന ശ്രീധരനും കുടുംബവും ആന വരുന്നതു കണ്ടു വേഗത്തിൽ വീടിനുള്ളിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.ഇതോടെ ആന വീടിനു മുന്നിൽതന്നെ നിന്നു. പൂട്ടിയ വാതിൽ തകർക്കാൻ ആന പാഞ്ഞടുത്തെങ്കിലും പരിസരവാസികൾ പടക്കമെറിഞ്ഞു പിന്തിരിപ്പിച്ചു. പരിസരത്ത് മതിലുകളും ഗെയ്റ്റും തകർത്തിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിലേറെയായി പിടി– 14, ചുരുളിക്കൊമ്പൻ എന്നീ ഒറ്റയാനകൾ പരിസരത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.
ഇതിനൊപ്പം 18 അംഗ ആനക്കൂട്ടവും വനയോര മേഖലയിലുണ്ട്. വേനൽ കനത്തതോടെ കാട്ടരുവികൾ പലതും വറ്റിയതോടെയാണ് ആനക്കൂട്ടം ഭക്ഷണവും വെള്ളവും തേടി ജനവാസമേഖലയിൽ തുടർച്ചയായി ഇറങ്ങുന്നതെന്നാണ് കർഷകർ പറയുന്നത്. നേരത്തെ വനംവകുപ്പ് വന്യമൃഗങ്ങൾക്കു വെള്ളം എത്തിക്കാൻ വനത്തിനുള്ളിൽ താൽക്കാലിക ബണ്ടുകൾ പണിത് കൃത്രിമ തടയണകൾ പണിയാറുണ്ട്. ഇക്കുറി ഫണ്ട് ഇല്ലാത്തതിനാൽ ഒരിടത്തുപോലും ഇത്തരം തടയണകൾ നിർമിച്ചിട്ടില്ല. ഇതോടെയാണ് വന്യമൃഗശല്യം രൂക്ഷമായത്.