
മൂന്നു മണിക്കൂറോളം പരിശോധന: തലസ്ഥാനത്തെ വലച്ച് ബോംബ് ഭീഷണി വീണ്ടും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ രാജ്യാന്തര വിമാനത്താവളത്തിലും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലും ബോംബ് ഭീഷണി. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെ വിശദ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല.രാജ്യാന്തര വിമാനത്താവളത്തിൽ മാനേജറുടെ ഇ–മെയിലിൽ ഇന്നലെ രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. 2 മണിക്കൂറിനുള്ളിൽ സ്ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി. പൊലീസും വിമാനത്താവള സുരക്ഷാ വിഭാഗവും മൂന്നു മണിക്കൂറോളം പരിശോധന നടത്തി.
12 മണിയോടെയാണ് റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ഥാപിച്ചതായി സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് ഇ–മെയിൽ ലഭിച്ചത്. 2 മണിയോടെ സ്ഫോടനം ഉണ്ടാകുമെന്നായിരുന്നു സന്ദേശം. തമ്പാനൂർ പൊലീസ് പരിശോധന നടത്തി. പരാതിയിൽ സൈബർ ക്രൈം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഇതോടെ തലസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് പൊലീസ് റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 9 ആയി. മൂന്നു ദിവസത്തിനിടെ മാത്രം ജില്ലാ കോടതി അടക്കം ആറു സ്ഥാപനങ്ങളെയാണ് ബോംബ് ഭീഷണി വലച്ചത്.
വെള്ളിയാഴ്ചയാണ് വഞ്ചിയൂരിലെ ജില്ലാ കോടതിയിൽ സ്ഫോടനം ഉണ്ടാകുമെന്നു ഭീഷണി സന്ദേശം എത്തിയത്. ശനിയാഴ്ച പകൽ മൂന്നു നക്ഷത്ര ഹോട്ടലുകളിലും ഭീഷണിയുണ്ടായി. സെക്രട്ടേറിയറ്റിനു സമീപത്തെ ഹോട്ടൽ ഹിൽട്ടൻ, ആക്കുളത്തെയും കോവളത്തെയും ഗോകുലം ഗ്രാൻഡ് എന്നിവയ്ക്കാണു ബോംബ് ഭീഷണി ഉണ്ടായത്. താമസക്കാരുടെ ലഗേജുകളും വാഹനങ്ങളും ഉൾപ്പെടെ പരിശോധനയ്ക്കു വിധേയമാക്കി. 8 മാസത്തിനിടെ നഗരത്തിലെ 16 സ്ഥാപനങ്ങൾക്കു നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്.
ഭീഷണിക്ക്പിന്നിൽ ആന്ധ്രാ സ്വദേശി
തിരുവനന്തപുരം∙ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെയും നെടുമ്പാശേരി വിമാനത്താവളത്തിലെയും ബോംബ് ഭീഷണിക്ക് പിന്നിൽ ആന്ധ്രാ സ്വദേശിയെന്ന് പൊലീസിന്റെ കണ്ടെത്തൽ. വാറങ്കൽ സ്വദേശി നിധീഷ് ആണ് സന്ദേശം അയച്ചതെന്ന് തെലങ്കാനയിലും പൊലീസ് ഇന്റലിജൻസ് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. ഫെബ്രുവരിയിൽ പൊലീസിന്റെ ഫെയ്സ്ബുക് മെസഞ്ചറിൽ ആണ് ഭീഷണി സന്ദേശം ലഭിച്ചത്. 32 മണിക്കൂറിനുള്ളിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും നെടുമ്പാശേരി വിമാനത്താവളത്തിലും സ്ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം.
ഉടൻ തന്നെ പൊലീസും ആർപിഎഫും ചേർന്നു റെയിൽവേ സ്റ്റേഷൻ പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. സൈബർ സെൽ പരിശോധനയിൽ സന്ദേശം എത്തിയത് സിക്കന്ദരാബാദിൽ നിന്നാണെന്നു തിരിച്ചറിഞ്ഞതോടെ പ്രത്യേകം സംഘം അന്വേഷണത്തിനായി അങ്ങോട്ടു പോയി. ഐടി കമ്പനി അക്കൗണ്ടന്റിനെ ആയിരുന്നു സംശയം. ഇയാളുടെ വീട്ടിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി ലാപ്ടോപ്പും മൊബൈൽഫോണും പിടിച്ചെടുത്തു. എന്നാൽ അക്കൗണ്ടന്റ് കുറ്റം നിഷേധിച്ചു. തന്റെ അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്തിട്ടുണ്ടാകാമെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
ഐപി വിലാസം അക്കൗണ്ടന്റിന്റേതാണെന്നും ഇയാളുടെ മൊബൈൽഫോൺ നമ്പർ ഉപയോഗിച്ചു ഒന്നിലധികം ഇ–മെയിൽ ഐഡികൾ നിർമിച്ചിട്ടുണ്ടെന്നും കണ്ടെത്തി. തുടർന്ന് ലാപ്ടോപ് ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചു. ഇ–മെയിൽ ഹാക്ക് ചെയ്തു നിർമിച്ച ഫെയ്സ്ബുക് അക്കൗണ്ടിലൂടെയാണ് ഭീഷണി സന്ദേശം അയച്ചതെന്നു പൊലീസ് കണ്ടെത്തി. ഇയാളുടെ ഭാര്യ ഒരു ട്രാവൽ ഏജൻസിയിലെ ജീവനക്കാരിയാണ്.
ഏജൻസിയുടെ ആവശ്യത്തിനായി ഇവരുടെയും ഭർത്താവിന്റെയും ഫോൺനമ്പരുകളും മെയിൽ ഐഡികളും പലർക്കും കൈമാറുകയും പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.ഇതുവഴിയാകാകാം നിധീഷ് ഹാക്ക് ചെയ്തു വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് നിർമിച്ചത്. കണ്ണൂരിലെ ബോംബ് ഭീഷണി കേസിലും നിധീഷിനെ ആണ് സംശയിക്കുന്നതെന്നും കേരളത്തിലെ മറ്റ് ബോംബ് ഭീഷണികളുമായി ഇയാൾക്ക് ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു.
ഇ–മെയിൽ ഉറവിടം തേടി പൊലീസ്
തിരുവനന്തപുരം∙ വ്യാജ ബോംബ് ഭീഷണി സന്ദേശമെത്തുന്ന ഇ–മെയിലുകളുടെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് മൈക്രോസോഫ്റ്റിന് പൊലീസിന്റെ മുന്നറിയിപ്പ്. ബോംബ് ഭീഷണികളെ തുടർന്നു കമ്മിഷണർ ഓഫിസിൽ ചേർന്ന അവലോകന യോഗത്തിനു ശേഷമാണ് സിറ്റി പൊലീസിലെ ഡിസിപിമാർ മൈക്രോസോഫ്റ്റ് അധികൃതരുമായി ആശയവിനിമയം നടത്തിയത്.
വിപിഎൻ വിലാസം കണ്ടെത്താൻ മൈക്രോസോഫ്റ്റിന് സൈബർ ക്രൈം പൊലീസ് പലതവണ മെയിൽ അയച്ചെങ്കിലും വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന മറുപടിയാണു ലഭിച്ചത്.ഇതെത്തുടർന്ന് അന്വേഷണം പ്രതിസന്ധിയിലായി.മൈക്രോസോഫ്റ്റിന്റെ മെയിൽ സംവിധാനമായ ഔട്ട്ലുക്ക് വഴിയാണ് ഭീഷണി സന്ദേശം എത്തുന്നതെന്നും അന്വേഷണ ഏജൻസിക്ക് വിവരങ്ങൾ ലഭിക്കില്ലെന്നുമുള്ളതു മനസ്സിലാക്കിയാണ് ഇതെന്നും സൈബർ ക്രൈം പൊലീസ് പറഞ്ഞു.
അതേസമയം, വ്യാജ ഇ– മെയിൽ ബോംബ് ഭീഷണി മൂലം പൊലീസ് വലയുമ്പോഴും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടില്ല. ഇ–മെയിൽ ബോംബ് ഭീഷണിയിൽ തമിഴ്നാട്ടിൽ അടുത്തിടെ ഇരുനൂറോളം കേസുകളാണ് പൊലീസ് റജിസ്റ്റർ ചെയ്തതെന്നും ഒടുവിൽ കേസ് റജിസ്റ്റർ ചെയ്യാതായതോടെ മാധ്യമ ശ്രദ്ധ ഇല്ലാതായെന്നും ഇതോടെയാണ് ബോംബ് ഭീഷണി അവസാനിച്ചതെന്നും പൊലീസ് പറഞ്ഞു.